തിരുവനന്തപുരം:  സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും അക്രമങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥിതി ശാന്തമാക്കാനല്ല അത് വഷളാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത്. 

ചെന്നിത്തലയുടെ പത്രസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍

 • കലാപത്തിന് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രിയെയാണ് സംസ്ഥാനം കണ്ടുകൊണ്ടിരിക്കുന്നത്. 
 • ആര്‍.എസ്.സ്.- ബിജെപി അക്രമങ്ങള്‍ വ്യാപകമാകുമ്പോള്‍ അത് തടയുന്ന കാര്യത്തില്‍ പോലീസ് പൂര്‍ണ പരാജയം. 
 • സിപിഎമ്മിന്റെ നേതൃത്വത്തിലും അക്രമങ്ങള്‍ വ്യാപകമാകുന്നു. 
 • സമാധാനമാഗ്രഹിക്കുന്ന ജനങ്ങളെ മറന്നുകൊണ്ട് സംഘപരിവാറും  സിപിഎമ്മും അക്രമങ്ങള്‍ തുടരുന്നു. 
 • ഡിജിപിയുടെ നിര്‍ദ്ദേശങ്ങളും നടപ്പിലാകുന്നില്ല. സംസ്ഥാനത്തെ പോലീസ് സേന നോക്കുകുത്തിയായി. 
 • സ്ഥിതി ശാന്തമാക്കനല്ല മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലനിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. 
 • എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ നിലയിലേക്ക് അദ്ദേഹം താഴുന്നു. 
 • അക്രമങ്ങള്‍ കാരണം വിനോദ സഞ്ചാരികള്‍ എത്താത്ത സ്ഥിതിയുണ്ടാകുന്നു. സാധാരണ ജനങ്ങള്‍ക്കാണ് ഇതുകൊണ്ട് പ്രതിസന്ധിയുണ്ടായിരിക്കുന്നത്. 
 • കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും കേരളം ഭരിക്കുന്ന പാര്‍ട്ടിയും ചേര്‍ന്ന് സംസ്ഥാനത്തെ കൊലക്കളമാക്കി മാറ്റാന്‍ ശ്രമിക്കുന്നു. 
 • സംഘപരിവാര്‍ ആസുത്രിതമായി കേരളത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നു. അതേതുടര്‍ന്ന് സിപിഎമ്മും അക്രമം അഴിച്ചുവിടുന്നു. 
 • അക്രമങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. 
 • പെരാമ്പ്രയില്‍ മുസ്ലീം പള്ളി ആക്രമിച്ചത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്. എന്തുസന്ദേശമാണ് സിപിഎം ഇതിലൂടെ നല്‍കുന്നത്. 
 • കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വളര്‍ത്താനാണ് സിപിഎമ്മും ബിജെപിയും  ശ്രമിക്കുന്നത്.   
 • സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ സംഘപരിവാറുകാരാക്കി മാറ്റുന്നു
 • ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് അല്ല നിയമനിര്‍മാണമാണ് വേണ്ടത്

Content Highlights: Chennitha Critics Pinarayi Vijayan over Sabarimala Issue