കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്ത സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കില്ലെന്ന് പോലീസ്. ഉത്തര മേഖല ഐ.ജി അശോക് യാദവാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.

മണിക്കൂറുകള്‍ നീണ്ട യോഗത്തിന് ശേഷമാണ് ഉത്തരമേഖല ഐ.ജി സ്‌റ്റേഷന് പുറത്തെത്തി മാധ്യമങ്ങളെ കണ്ടത്. യു.എ.പി.എ നിലനില്‍ക്കുന്ന കേസാണെന്ന് ഐ.ജി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. പോലീസിന്റെ കയ്യില്‍ കൃത്യമായ തെളിവുകളുണ്ട്‌. അതിന്റെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയിരിക്കുന്നത്. യു.എ.പി.എ പിന്‍വലിക്കുന്ന കാര്യം പോലീസ് ആലോചിച്ചിട്ടില്ലെന്നും ഐ.ജി പറഞ്ഞു.

കമ്മീഷണറും ഐ.ജിയും ഉള്‍പ്പടെയുള്ളവര്‍ സ്റ്റേഷനില്‍ നിന്ന് മടങ്ങി. പ്രതികളെ ഇവിടെ നിന്ന് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് സെഷന്‍സ് കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. 

ഈ കേസില്‍ രാവിലെ മുതല്‍ വലിയ സമ്മര്‍ദം സര്‍ക്കാരിന്റെ മേല്‍ ഉണ്ടായിരുന്നു. ഇവരുടെ മേല്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പക്ഷെ യു.എ.പി.എ നിലനില്‍ക്കുമെന്ന പോലീസിന്റെ വാദം ഉന്നത ഉദ്യോഗസ്ഥര്‍ അംഗീകരിച്ചിരിക്കുകയാണ്. 

ഇന്നലെ വൈകുന്നേരം പട്രോളിങിനിടെയാണ് കേസിലെ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മുന്‍പ് ഈ പ്രദേശത്ത് വ്യാപകമായി മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും പോലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ പ്രതിയേയും അറ്സ്റ്റ് ചെയ്ത പോലീസ് ഇവരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയും തെളുവുകള്‍ ശേഖരിക്കുകയും ചെയ്യുകയായിരുന്നു.

അതേസമയം പ്രതികളുടെ കയ്യില്‍ നിന്ന് കണ്ടെടുത്തത് മാവോയിസ്റ്റ് ലഘുലേഖകള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ലഘുലേഖയുടെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. ജമ്മു കശ്മീരിലെ സ്വതന്ത്ര പോരാട്ടത്തെ പിന്തുണയ്ക്കുക, ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസത്തിനെതിരെ കലാപം ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇതില്‍ എഴുതിയിരിക്കുന്നത്. സി.പി.ഐ മാവോയിസ്റ്റിന്റെ ഏരിയ കമ്മറ്റി പുറത്തിറക്കിയവയാണ് ഈ ലഘുലേഖ.

content highlights: CPIM workers arrest; Police will not withdraw UPA