ചേര്‍ത്തല: ദുരിതാശ്വസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ കുറുപ്പന്‍ കുളങ്ങര ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടനെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു. പോരായ്മകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താത്തത് തെറ്റായിപ്പോയെന്ന് പാര്‍ട്ടി വിലയിരുത്തി. 

 ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി ഹാളില്‍ ക്രമീകരിച്ചിരിക്കുന്ന ക്യാമ്പില്‍ പണപ്പിരിവ് നടത്തിയതിനാണ് ഓമനക്കുട്ടനെതിരായ അച്ചടക്കനടപടി. കണ്‍വീനര്‍ എന്ന നിലയില്‍ പോരായ്മകള്‍ റവന്യു ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താതെ സ്വന്തം നിലയില്‍ പണം പിരിച്ചത് ജാഗ്രതക്കുറവാണെന്നാണ് സി.പി.എം വിലയിരുത്തല്‍.

ക്യാമ്പില്‍ നിന്ന് പണം പിരിക്കരുതെന്നാണ് ഇടത് സര്‍ക്കാരിന്റെ നയം. ഈ സാഹചര്യത്തില്‍ അത്തരമൊരു പിരിവ് നടത്തിയത് ശരിയായില്ല. അതിനാല്‍ ഓമനക്കുട്ടനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി സി.പി.എം അറിയിച്ചു. അതേസമയം പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതോടെ ആലപ്പുഴ ജില്ലിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളുടെ വന്‍ ഒഴുക്കാണ്.

ബുധനാഴ്ച രാവിലെ എട്ട് മണിക്ക് ശേഷം 24 മണിക്കൂറിനിടെ 17000 പേരാണ് കൂടിയത്. വിവിധ ഇടങ്ങളിലായി 17 പുതിയ ക്യാമ്പുകള്‍ തുറന്നു. ബുധനാഴ്ച രാവിലെ 8 ന് ശേഷമുള്ള രജസ്‌ട്രേഷന്‍ പ്രത്യേക പട്ടികയായി സൂക്ഷിക്കും. ഇതില്‍ ഉള്‍പ്പെട്ട ആശളുകളുടെ വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷമാകും ധനസഹായ വിതരണം.

content highlights: CPIM, Cherthala, local committee member, Kerala Flood 2019