കോടിയേരിക്ക് പകരം ആര്? വിജയരാഘവന്‍, ഇ.പി, ഗോവിന്ദന്‍, ബാലന്‍ പരിഗണനയില്‍, മന്ത്രിസഭയിലും അഴിച്ചുപണി


സിപിഎം നേതാക്കളായ ബാലൻ, എം.വി.ഗോവിന്ദൻ, പി.കെ.ശ്രീമതി എന്നിവർ മുഖ്യമന്ത്രി പിണറായിക്കൊപ്പം

തിരുവനന്തപുരം: പാര്‍ട്ടിയിലും സര്‍ക്കാരിലും പൊളിച്ചെഴുത്തിനുള്ള അഭ്യൂഹങ്ങളുയര്‍ത്തി സിപിഎമ്മിന്റെ അസാധാരണ യോഗങ്ങള്‍. ഇന്നും നാളെയുമായിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും പങ്കെടുക്കുന്ന അടിയന്തര യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടേക്കും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യംകാരണം പാര്‍ട്ടിയുടെ സജീവ ചുമതലയില്‍നിന്ന് ഒഴിഞ്ഞേക്കുമെന്നതാണ് പ്രധാന അഭ്യൂഹം. കോടിയേരിക്ക് അവധി നല്‍കി താത്കാലിക സെക്രട്ടറിയായി ഒരാളെ നിയോഗിക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്‌.

പുതിയ സെക്രട്ടറിയെ കണ്ടെത്തുന്നതിനൊപ്പം മന്ത്രിസഭയിലെ അഴിച്ചുപണികൂടി സെക്രട്ടേറിയറ്റിന്റെ പരിഗണനക്ക് വരുമെന്നാണ് സൂചന. പുനഃസംഘടന സംബന്ധിച്ച് സിപിഎം ഔദ്യോഗികമായി സ്ഥിരീകണം നല്‍കിയിട്ടില്ലെങ്കിലും അഭ്യൂഹങ്ങള്‍ തള്ളിയിട്ടില്ല. യോഗങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്റെ ഫാള്റ്റിലെത്തി കൂടിക്കാഴ്ച നടത്തി.

മൂന്നുമാസത്തിലൊരിക്കലാണ് സാധാരണയായി സിപിഎം സംസ്ഥാന സമിതി ചേരാറുള്ളത്. ഈ മാസം എട്ടുമുതല്‍ 12 വരെ അഞ്ചുദിവസം സംസ്ഥാന സെക്രട്ടറിയറ്റും സിതിമിതിയും ചേര്‍ന്നിരുന്നു. സംഘടനപരമായും ഭരണപരമായുമുള്ള വിഷയങ്ങള്‍ വിശദമായി ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തതാണ്. ഇതിന് പിന്നാലെയാണ് അടിയന്തരമായി പാര്‍ട്ടി യോഗങ്ങള്‍ ചേരുന്നത്. യോഗത്തിലേക്ക് കേന്ദ്ര നേതൃത്വത്തിന്റെ സാന്നിധ്യം നേതൃമാറ്റ-മന്ത്രിസഭാ പുനഃസംഘടന സാധ്യതകളെ സാധൂകരിക്കുന്നുണ്ട്.

കോടിയേരിക്ക് പകരം വിജയരാഘവനോ ഗോവിന്ദനോ

അനാരോഗ്യംകാരണം ചുമതലയില്‍നിന്ന് മാറിനില്‍ക്കണമെന്ന താത്പര്യം കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് ദേശീയനേതൃത്വത്തെ അറിയിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പും ചികിത്സയ്ക്കായി ഈയാവശ്യം കോടിയേരി ഉന്നയിച്ചപ്പോള്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാതെതന്നെ പാര്‍ട്ടി ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവനെയാണ് അന്ന് ഏല്‍പ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായിരുന്ന വിജയരാഘവന്‍ അന്ന് തലസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുള്ള വിജയരാഘവനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നത് കണ്ടറിയണം. എം.വി.ഗോവിന്ദനാണ് കോടിയേരിക്ക് പകരക്കാരനായി സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത്. ഗോവിന്ദന്‍ മന്ത്രിയായതിനാല്‍ സെക്രട്ടറിയുടെ ചുമതലയിലേക്കുവന്നാല്‍ മന്ത്രിസ്ഥാനമൊഴിയേണ്ടി വരും. അങ്ങനെവന്നാല്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടനയ്ക്കും വഴിയൊരുങ്ങും.

പാര്‍ട്ടിസെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എ.കെ. ബാലനും ഇടതുമുന്നണി കണ്‍വീനറായ ഇ.പി. ജയരാജനുമാണ് ഗോവിന്ദന്‍ കഴിഞ്ഞാല്‍ സാധ്യാത പട്ടികയിലുള്ളത്. ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറായി തന്നെ തുടരട്ടെ എന്ന് തീരുമാനിച്ചാല്‍ ബാലന് നറുക്ക് വീഴും. മറിച്ച് ഇ.പി സെക്രട്ടറി സ്ഥാനത്തേക്ക് വന്നാല്‍ ബാലനാകും കണ്‍വീനര്‍. അദ്ദേഹം നിലവില്‍ ഔദ്യോഗിക ചുമതലകളൊന്നും വഹിക്കുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി എകെജി സെന്റര്‍ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നതും ശ്രദ്ധേയമാണ്. ആദ്യമായി ഒരു വനിതയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള വിപ്ലവകരമായ തീരുമാനം കൈക്കൊള്ളുകയാണെങ്കില്‍ ശ്രീമതി ടീച്ചര്‍ക്ക് വഴിയൊരുങ്ങും. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ചാണ് ശ്രീമതി ടീച്ചറുടെയും നിലവിലെ പ്രവര്‍ത്തനം.

പ്രതിച്ഛായ നന്നാക്കാന്‍ മന്ത്രിസഭാ പുനഃസംഘടന

'മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ പോരായ്മ പാര്‍ട്ടി തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്. അത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനങ്ങളാണ് ഇത്തവണ ചര്‍ച്ച ചെയ്തത്. മന്ത്രിമാര്‍ കുറച്ചുകൂടി സജീവമാകണം. സംസ്ഥാനത്തുടനീളം സജീവമാകണം. അത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്' രണ്ടാഴ്ച മുമ്പ് നടന്ന സിപിഎം നേതൃ യോഗങ്ങള്‍ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്.

ഒന്നാം പിണറായി സര്‍ക്കാരിനെ മുന്‍നിര്‍ത്തിയാണ്, തുടര്‍ഭരണത്തെയും ജനങ്ങള്‍ അളക്കുന്നത്. അതനുസരിച്ച് ഈ സര്‍ക്കാര്‍ ഏറെ പിന്നിലാണെന്ന് മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ ശേഷം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായെന്ന റിപ്പോര്‍ട്ടുകളെ സ്ഥിരീകരിച്ചുകൊണ്ടായിരുന്നു കോടിയേരിയുടെ പ്രതികരണം.

പ്രവര്‍ത്തന ശൈലി മാറ്റണമെന്ന് ചില മന്ത്രിമാര്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം തുറന്ന് പറയുകയുണ്ടായി. പുനഃസംഘടന ഇപ്പോള്‍ ഉണ്ടാകില്ലെന്ന് അന്ന് കോടിയേരി പറഞ്ഞുവെങ്കിലും ഭാവിയില്‍ അതിനുള്ള സാധ്യതകള്‍ അദ്ദേഹം തള്ളി കളഞ്ഞിരുന്നില്ല. അത്തരത്തില്‍ പ്രവര്‍ത്തനത്തില്‍ പിന്നോട്ട് പോയ മന്ത്രിമാരെ സിപിഎം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിച്ഛായ നന്നാക്കുക എന്ന ലക്ഷ്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ ജനകീയ മുഖമായിരുന്ന കെ.കെ.ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും ആലോചനയുണ്ട്.

എം.വി.ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് വരികയാണെങ്കില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്ന തദ്ദേശ സ്വയം ഭരണവകുപ്പില്‍ ഒഴിവ് വരും. വിവാദ പരാമര്‍ശത്തിത്തില്‍ സജി ചെറിയാന്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവും നിലവില്‍ മന്ത്രിസഭയിലുണ്ട്. മന്ത്രിസഭാ പുനഃസംഘടനാ ഘട്ടത്തില്‍ ഒരുമിച്ച് നികത്താനാണ് അന്ന് സിപിഎം തീരുമാനിച്ചിരുന്നത്. ആലപ്പുഴയെ പ്രതിനിധീകരിച്ച് നിലവില്‍ ഒരു മന്ത്രിയില്ലാത്ത സ്ഥിതിയുണ്ട്.

കെ.കെ.ശൈലജയെ തിരികെ കൊണ്ടുവരികയാണെങ്കില്‍ ആരോഗ്യ വകുപ്പ് തന്നെ നല്‍കാനാണ് സാധ്യത. നിലവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണിത്. വീണാ ജോര്‍ജിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വന്നാല്‍ എം.ബി.രാജേഷ് മന്ത്രിസഭയിലെത്തും.

സിപിഎം യോഗങ്ങളുടെ അജന്‍ഡ പുറത്തുവന്നിട്ടില്ലെങ്കിലും ലോകായുക്ത, സര്‍വകലാശാലാ നിയമഭേദഗതി ബില്ലുകളും ഇക്കാര്യത്തില്‍ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലും ചര്‍ച്ചാവിഷയമാകും. ബില്ലുകള്‍ നിയമസഭ പാസാക്കിയാലും അംഗീകരിക്കില്ലെന്ന സൂചന ഗവര്‍ണര്‍ പരസ്യമാക്കിയിരിക്കെ, മുന്നോട്ട് എങ്ങനെയെന്നത് പാര്‍ട്ടിയുടെ മുമ്പിലുള്ള വലിയ ചോദ്യമാണ്. ഗവര്‍ണറുമായി നേരത്തെ വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നെങ്കിലും പരസ്യമായി ഒരു പ്രതികരണം സിപിഎം നേതാക്കള്‍ നടത്തിയിരുന്നില്ല. എന്നാലിപ്പോള്‍ തുറന്ന പോരാണ് നേതാക്കള്‍ നടത്തി വരുന്നത്. സംഘപരിവാര്‍ ഏജന്റാണെന്ന് പാര്‍ട്ടി നേതാക്കള്‍ പരസ്യമായി പറഞ്ഞിരിക്കെ അദ്ദേഹത്തെ രാഷ്ട്രീയമായി ഏത് രീതിയില്‍ കൈകാര്യം ചെയ്യണമെന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്യും.


Content Highlights: cpim state secretary- Govinda Balan;-EP is also under consideration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented