മലപ്പുറം: കേരളത്തിന്റെ വികസനത്തെ തകര്‍ക്കാനും സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും പ്രതിപക്ഷത്തോടൊപ്പം കേന്ദ്ര ഏജന്‍സികളും പ്രവര്‍ത്തിക്കുന്നതായി സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ താല്കാലിക ചുമതല വഹിക്കുന്ന എ.വിജയരാഘവന്‍. കേരളത്തിലെ വികസന മുന്നേറ്റത്തെ തടസപ്പെടുത്താനും കേരള സര്‍ക്കാരിനെ തന്നെ ദുര്‍ബലപ്പെടുത്താനും ആക്രമിക്കാനും സഹായകരമായ പ്രചാര വേലകളാണ് പ്രതിപക്ഷം നടത്തിയത്. യു.ഡി.എഫ്., ബി.ജെ.പി., കേന്ദ്ര ഏജന്‍സികള്‍ എന്നിവരുടെ കൂട്ടായ്മ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതായും വിജയരാഘവന്‍ ആരോപിച്ചു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിനുതകുന്ന വികസനം എന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വികസനമല്ല. റോഡ് വികസനത്തില്‍ ഏറ്റവും മികച്ച രീതിയിലാണ് ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതെന്നും കിഫ്ബി മുഖേന കേരളത്തില്‍ വികസന കുതിച്ചു ചാട്ടമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫിന് വലിയ ശിഥിലീകരണമുണ്ടായി. യുഡിഎഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് എം വിട്ടുപോയി എന്നതാണ് യു.ഡി.എഫിനെ ശിഥിലപ്പെടുത്തുന്ന കാര്യം. നേരത്തെ എല്‍.ജെ.ഡി.യും വിട്ടുപോയി. രാഷ്ട്രീയ തിരിച്ചടികളുടെ മുന്നില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് പരിഭ്രാന്തരായ യു.ഡി.എഫിനെ ആണ് കാണാന്‍ സാധിക്കുന്നത്. ഇന്ന് യു.ഡി.എഫ്. എന്നാല്‍ കോണ്‍ഗ്രസും ലീഗും മാത്രമാണ്. മുസ്ലീം ലീഗ് എപ്പോഴും അധികാരത്തിലേക്കുള്ള കുറുക്കുവഴികള്‍ തേടുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: CPIM state secretary a vijayaraghavan press meet