തിരുവനന്തപുരം: യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിച്ചുവെന്ന പാര്‍ട്ടി വിലയിരുത്തല്‍ ശരിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ വലിയ തകര്‍ച്ചയും ശിഥിലീകരണവുമാണ് നടക്കുന്നത്. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കരുത്ത് ചോര്‍ന്നു. ജനവിരുദ്ധമായ ബിജെപി നിലപാടുകളെ പ്രതിരോധിക്കാന്‍ സാധിക്കാത്ത നിലയിലേക്ക് കേന്ദ്രത്തിലെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് ഭരണമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ചേരിതിരിഞ്ഞ് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം തര്‍ക്കങ്ങളുടെ പേരിലാണ് കര്‍ണാടകത്തിലടക്കം കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടത്. ഇതേ പശ്ചാത്തലത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസിലെ തര്‍ക്കങ്ങളേയും കാണേണ്ടത്‌

ദേശീയ തലത്തില്‍ ശക്തിചോര്‍ന്ന കോണ്‍ഗ്രസ് പിടിച്ചുനിന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലാത്ത പാര്‍ട്ടി എന്നത് കോണ്‍ഗ്രസിന്റെ മുഖമുദ്രയായി. വ്യക്തികള്‍ക്ക് ചുറ്റും അണിനിരന്നവരാണ് നേതൃത്വത്തിലേക്ക് വരുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവും ഇല്ലാത്ത പാര്‍ട്ടിയാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. ഏത് തരം വിദ്യപ്രയോഗിച്ചാലും കേരളത്തിലെ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ ഇങ്ങനെ മുന്നോട്ടുപോവും. ഇങ്ങനെ തര്‍ക്കിച്ച് ഗ്രൂപ്പുകളും പുതിയ ഗ്രൂപ്പുകളും ഉണ്ടാവുന്ന പാര്‍ട്ടിക്ക് സെമി കേഡര്‍ എന്ന വിചിത്ര പേര് കൂടിയുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ നയങ്ങളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlights: CPIM Sec. A Vijayaraghavan criticize Congress Party in Kerala