കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന് വധഭീഷണിയുണ്ടായിരുന്നെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്. രണ്ടാഴ്ച മുമ്പ് എടയന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ ശൂഹൈബിനെതിരേ കൊലവിളി മുഴക്കിയിരുന്നു. 

സിഐടിയു പ്രവര്‍ത്തകരെ തടഞ്ഞു വയ്ക്കുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് ശുഹൈബിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങിയെന്ന തരത്തില്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. 

മട്ടന്നൂര്‍ ഏരിയയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിലാണ് വധഭീഷണി മുഴക്കി കൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.  

എടയന്നൂരില്‍ സിഐടിയുവും യൂത്ത് കോണ്‍ഗ്രസുമായി രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതേതുടര്‍ന്ന് ഇരു പാര്‍ട്ടികളുടെയും ഓഫീസ് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ശുഹൈബ് പോലീസ് കസ്റ്റഡിയിലാകുകയും 14 ദിവസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്നു.

ജയിലില്‍ നിന്ന് പുറത്തുവന്ന് അധികം ദിവസം പിന്നിടുന്നതിന് മുമ്പാണ് ഈ സംഭവം. 

എന്നാല്‍, ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന വാദം പാര്‍ട്ടി നേതൃത്വം തള്ളി. മട്ടന്നൂര്‍ ഏരിയയില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കൊലപാതകത്തില്‍ കലാശിക്കുന്ന തലത്തിലുള്ള രാഷ്ട്രീയ വൈരാഗ്യം കോണ്‍ഗ്രസുമായി ഉണ്ടായിരുന്നില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന വിശദീകരണം.