തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മെഗാ തിരുവാതിരയിലെ പാട്ടിനെ വിവാദമാക്കേണ്ടതില്ലെന്ന് വരികളെഴുതിയ ഗാനരചയിതാവ് പൂവരണി കെ.വി.പി. നമ്പൂതിരി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗമാണ് സമ്മേളനത്തോട് അനുബന്ധിച്ചു നടത്തുന്ന തിരുവാതിരക്കളിക്ക് വരികള്‍ എഴുതണമെന്ന് ആവശ്യപ്പെട്ടത്. അതുപ്രകാരമാണ് എഴുതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

പാട്ടിന് വരികളെഴുതി നല്‍കുകയും സംഗീതം നല്‍കുകയും ചെയ്തു. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ പ്രതീക്ഷിച്ചതല്ലെന്നും വിവാദങ്ങളില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് പാട്ടിലൂടെ ദൈവിക പരിവേഷം നല്‍കാന്‍ ശ്രമിച്ചിട്ടില്ല. ഗാനത്തില്‍നിന്ന് പിണറായിയുടെ പേര് ഒഴിവാക്കണമെന്ന് നേതാക്കള്‍ പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായാണ് ചൊവ്വാഴ്ച പാറശാലയില്‍ മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ വിലാപ യാത്ര നടക്കുന്നതിനിടെ മെഗാ തിരുവാതിര അരങ്ങേറിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തിരുവാതിര പാട്ടിലെ പിണറായി സ്തുതി പാര്‍ട്ടിക്കുള്ളിലും മുറുമുറുപ്പുണ്ടാക്കിയിരുന്നു.

Content Highlights : CPIM Mega thiruvathira; Lyricist reacts to controversy