പി മോഹനൻ, ഷെജിൻ, ജോയ്സ്ന
കോഴിക്കോട്: കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ സിപിഎം നേതാവ് ജോര്‍ജ് എം തോമസിന്റെ ഭാഗത്തുനിന്നുണ്ടായത് നാക്കുപിഴവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. പാര്‍ട്ടിയുടെ പൊതുസമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഭാഗത്തുനിന്നുണ്ടായ പിശക് അദ്ദേഹത്തിനും ബോധ്യപ്പെട്ടു, പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'നിലവിലുള്ള നിയമവ്യവസ്ഥ അനുസരിച്ച് ഏത് മതത്തില്‍പ്പെട്ടവരായാലും പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാനും ജീവിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പ്രായപൂര്‍ത്തിയായവര്‍ ഇത്തരം വിവാഹ ബന്ധങ്ങളിലേര്‍പ്പെടുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അത് ഏതെങ്കിലും പാര്‍ട്ടിയേയോ സംഘടനയേയോ ബാധിക്കില്ല.'
'എന്നാല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുന്ന രീതിയോ മറ്റോ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സിപിഎം ഒരിക്കലും അതിനെ അംഗീകരിക്കില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതി പ്രകാരം ചെറുപ്പക്കാരനേയും പെണ്‍കുട്ടിയേയും പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിവന്നതാണ്, വിവാഹിതരായെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. അത് കോടതി അംഗീകരിച്ചു. അതോടെ ആ അധ്യായം അടഞ്ഞു'.
എന്നാല്‍ ഈ സാഹചര്യത്തെ മുതലെടുത്ത് കോടഞ്ചേരിയില്‍ ചില ആളുകള്‍ രാഷ്ട്രീയ താല്‍പര്യം വെച്ച് വ്യത്യസ്ത സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും ശ്രമിച്ചു. അത് സിപിഎം അംഗീകരിക്കില്ല. അത് തടയാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാവും. ഇക്കാര്യത്തില്‍ ലൗ ജിഹാദ് വിഷയം ഉള്‍പ്പെട്ടിട്ടില്ല. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വേട്ടയാടാനും ആക്രമിക്കാനുമെല്ലാം ആര്‍എസ്എസും സംഘപരിവാറും ബോധപൂര്‍വം ഉന്നയിക്കുന്ന കാര്യങ്ങളാണ് ലൗ ജിഹാദ് പോലെയുള്ള ആരോപണങ്ങളെന്നും പി മോഹനന്‍ പ്രതികരിച്ചു.
ഇരുവരും ഒളിച്ചോടിയെന്നാണ് പറയുന്നത്. അത് വേണ്ടിയിരുന്നില്ല, ഇക്കാര്യം നേരത്തെ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇരു കുടുംബങ്ങളുമായി ചര്‍ച്ച ചെയ്ത് നല്ല രീതിയില്‍ വിവാഹം നടത്താന്‍ ശ്രമിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.വൈ.എഫ്.ഐ. കണ്ണോത്ത് മേഖലാ സെക്രട്ടറിയും സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവുമായ എം.എസ്. ഷെജിനും തെയ്യപ്പാറ സ്വദേശിനി ജോയ്സ്ന മേരി ജോസഫും തമ്മിലുള്ള വിവാഹമാണ് പ്രദേശത്തും പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. വിവാഹത്തെ ലവ് ജിഹാദെന്ന് വിശേഷിപ്പിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
കോടഞ്ചേരിയിലേത് ലൗ ജിഹാദായി കാണുന്നില്ലെങ്കിലും അത് പ്രദേശത്ത് മതമൈത്രിക്ക് അപകടമുണ്ടാക്കിയെന്നാണ് നിരീക്ഷണമെന്ന സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ തിരുവമ്പാടി എം.എല്‍.എ.യുമായ ജോര്‍ജ് എം. തോമസിന്റെ പരാമര്‍ശമാണ് സംഭവത്തെ രാഷ്ട്രീയവിഷയമാക്കി മാറ്റിയത്. സമൂഹത്തില്‍ ലൗ ജിഹാദ് എന്ന പ്രക്രിയ നടക്കുന്നുണ്ടെന്ന് സി.പി.എമ്മിന്റെ പാര്‍ട്ടിരേഖകളില്‍ വ്യക്തമായി പറയുന്നുണ്ടെന്നും പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാസമ്പന്നരായ പെണ്‍കുട്ടികളെ മിശ്രവിവാഹത്തിന് പ്രേരിപ്പിക്കുന്നത് അപൂര്‍വമായി നടക്കുന്നുണ്ടെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: CPIM Leader P Mohanan on Love Jihad accusation against DYFI Leader Shejin, Joysna
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..