
പി ജയരാജൻ | ഫോട്ടോ: കെ.കെ സന്തോഷ്|മാതൃഭൂമി
കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് പി.ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കേരളത്തില്‍ നിന്നുള്ള ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരനെന്നും പിണറായി വിജയനെതിരേ നിലവാരമില്ലാത്ത അക്ഷേപം ഉയര്‍ത്തിയതിലൂടെ മുരളീധരന് സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്നുമാണ് ജയരാജന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചിരിക്കുന്നത്.
നയനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അറസ്റ്റിലായ ഒരു എ.ബി.വി.പി. പ്രവര്‍ത്തകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട മുരളീധരനും കുറച്ച് ആര്.എസ്.എസുകാരും എ.ബി.വി.പിക്കാരും ഡല്‍ഹി കേരളാ ഹൗസില്‍ നയനാരുടെ മുറയില്‍ അതിക്രമിച്ച് കയറിയിരുന്നു. എന്നാല്‍, പോയി പണി നോക്കാനാണ് നയനാര്‍ അന്ന് പറഞ്ഞത്.
നയനാരെ പോലെ കരുത്തനായ കമ്മ്യൂണിസ്റ്റായിട്ടുള്ള പിണറായിക്ക് മന്ത്രിയുടെ അക്ഷേപത്തിലൂടെ ഒരു ചുക്കും സംഭവിക്കില്ലെന്നും ജയരാജന് അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി ആയിട്ടും നാടിനോ നാട്ടുക്കാര്‍ക്കോ യാതൊരു ഉപകാരവുമില്ലാത്ത ഈ മാന്യനോട് മലയാളികള്‍ക്ക് പുച്ഛം മാത്രമാണെന്നും ഈ മന്ത്രിക്ക് അര്‍ഹമായ വിശേഷണം ജനങ്ങള്‍ കല്‍പ്പിച്ച് നല്‍കിയിട്ടുണ്ടെന്നും ജയരാന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പി.ജയരാന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തില്‍ നിന്നുള്ള 'ഒരു വിലയുമില്ലാത്ത' ഒരു കേന്ദ്ര സഹമന്ത്രി മുഖ്യമന്ത്രി സ:പിണറായി വിജയനെതീരെ നിലവാരമില്ലാത്ത ആക്ഷേപമുയര്‍ത്തിയതിനെ കുറിച്ച് സമൂഹത്തില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണല്ലോ. ഇദ്ദേഹം സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി.
മുന്‍പൊരിക്കല്‍ ഈ മാന്യന് കാക്കി ട്രൗസറിട്ട് നടന്ന കാലത്തേ ഒരു സംഭവം ഓര്‍മ്മ വരുന്നു. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ:നായനാര്‍ ആയിരുന്നു. ഡല്‍ഹി കേരള ഹൗസില്‍ അദ്ദേഹമുള്ളപ്പോള്‍ കുറച്ച് ആര്‍എസ്എസ് കാരേയും എബിവിപി കാരേയും കൂട്ടി ഈ വിദ്വാന് നായനാരുടെ മുറിയില്‍ അത്രിക്രമിച്ചു കയറി വാതില്‍ കുറ്റിയിട്ടു.
കൈയ്യിലൊരു വെള്ള പേപ്പറുമുണ്ട്.കേരളത്തില്‍ അറസ്റ്റിലായ ഒരു എബിവിപി പ്രവര്‍ത്തകനെ വിട്ടയക്കുമെന്ന് മുഖ്യമന്ത്രി ഈ പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കണമെന്നായിരുന്നു ആവശ്യം. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നായിരുന്നു ഈ ആര്‍എസ്എസ് കാരുടെ വിചാരം. ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ട നായനാര്‍ കുലുങ്ങിയില്ല. പോയി പണി നോക്കാന്‍ പറഞ്ഞു. ആര്‍എസ്എസുകാര്‍ പോലീസ് പിടിയിലുമായി.
അന്ന് കാണിച്ച ആ കാക്കി ട്രൗസറുകാരന്റെ അതെ മനോഭാവമാണ് ഈ മാന്യന് ഇപ്പോളും. നായനാരെ പോലെ കരുത്തനായ കമ്മ്യുണിസ്റ്റായ പിണറായിക്ക് ഒരു ചുക്കും സംഭവിക്കാനില്ല. കേന്ദ്ര മന്ത്രിയായിട്ട് നാടിനോ നാട്ടുകാര്‍ക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികള്‍ക്ക് പുച്ഛം മാത്രമേ ഉള്ളു.
ആകെ ഉപകാരം കിട്ടിയത് കുറച്ച് സ്വന്തക്കാര്‍ക്കാണ്. വിദേശ യാത്രകളില്‍ കൂടെ കൂട്ടാനും ഔദ്യോഗിക വേദികളില്‍ ഇരിപ്പിടമൊരുക്കാനും നന്നായി ശ്രമിച്ചിട്ടുണ്ട്. ഈ കേന്ദ്ര സഹമന്ത്രിക്ക് അര്‍ഹമായ വിശേഷണം ഈ സന്ദര്‍ഭത്തില്‍ തന്നെ ജനങ്ങള്‍ കല്പിച്ച് നല്‍കിയിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള "ഒരു വിലയുമില്ലാത്ത" ഒരു കേന്ദ്ര സഹമന്ത്രി മുഖ്യമന്ത്രി സ:പിണറായി വിജയനെതീരെ നിലവാരമില്ലാത്ത...
Posted by P Jayarajan on Saturday, April 17, 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..