
കോടിയേരി ബാലകൃഷ്ണൻ
പാര്‍ട്ടി സര്‍ക്കാരുകള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കി നല്‍കുന്നത് ആദ്യമായല്ല. രണ്ടാമൂഴം ലഭിച്ചതിനാല്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. പാര്‍ട്ടി ഓഫീസ് അധികാര കേന്ദ്രമല്ല. കോവിഡ് രോഗികളെ വീടുകളില്‍ പരിചരിക്കുന്നതാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് ഒരു കാരണമെന്നും സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. മാതൃഭൂമി ന്യൂസ് പൊളിറ്റിക്കല്‍ കറസ്പോണ്ടന്റ് ആര്. ശ്രീജിത്ത് കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
സര്‍ക്കാരിന് കഴിഞ്ഞ സംസ്ഥാന കമ്മിറ്റി ഒരു മാര്‍ഗരേഖ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ പറ്റി നല്‍കിയിരുന്നു. ഇത്തരമൊരു മാര്‍ഗരേഖ ഇപ്പോള്‍ കൊടുക്കാനുണ്ടായ കാരണമെന്താണ്? മുന്‍ സര്‍ക്കാരിന്റെ അനുഭവമാണോ? ആദ്യം വന്നതിനേക്കാള്‍ കരുതല്‍ ഇപ്പോള്‍ എടുക്കാനുണ്ടായ സാഹചര്യമെന്താണ്?
പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗവണ്മെന്റുകള് വന്ന എല്ലാ കാലത്തും സംസ്ഥാന കമ്മിറ്റി ഇത്തരത്തിലുള്ള നിര്‍ദ്ദേശം നല്‍കാറുണ്ട്. ഇത് ആദ്യമായിട്ടല്ല. ഒന്നാം പിണറായി സര്‍ക്കാര്‍ വന്നപ്പോളും വ്യക്തമായ മാര്‍ഗരേഖ തയ്യാറാക്കി ഇതേ രീതിയില്‍ വിശദീകരിച്ചിരുന്നു. അന്ന് പാര്‍ട്ടി അംഗീകരിച്ച മാര്‍ഗരേഖ ഇന്നും ലഭ്യമാണ്. അത് നോക്കിയാല്‍ മനസിലാകും. 2006ല്‍ വി.എസ് ഗവണ്മെന്റ് വന്നപ്പോഴും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍കാലങ്ങളിലെല്ലാം പാര്‍ട്ടി നേതൃത്വത്തിലുള്ള ഗവണ്മെന്റ് വന്നപ്പോള്‍ സ്വീകരിച്ച അതേ നടപടിയാണ് ഇപ്പോഴും സ്വീകരിച്ചത്. ഇത് ആദ്യമായി ചെയ്യുന്നതല്ല. രണ്ടാം ഊഴം ലഭിച്ചുവെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് കുറേക്കൂടി ഉത്തരവാദിത്തമുണ്ട്. കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
രണ്ടാമൂഴവും വന്നതിനാല്‍ പ്രാദേശികമായ അധികാരകേന്ദ്രമായി പാര്‍ട്ടി മാറാന്‍ പാടില്ല. അത് നിയന്ത്രിക്കണം. അതാണ് ഇത്തവണ ഉദ്ദേശിച്ചിട്ടുള്ള പ്രധാന കാര്യം. പാര്‍ട്ടി ഓഫീസ് അധികാര കേന്ദ്രമല്ല. സര്‍ക്കാര്‍ ഓഫീസുകള്‍ വഴി ചെയ്യേണ്ട കാര്യം പാര്‍ട്ടി ഓഫീസുകളില്‍ പാടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് പാര്‍ട്ടിയെ സമീപിക്കാം. പാര്‍ട്ടിയില്‍ വന്നുചേരുന്ന പ്രശ്നങ്ങള്‍ ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തും. അതേസമയം പാര്‍ട്ടി തന്നെ ഗവണ്മെന്റ് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. അതിനൊരു വേര്‍തിരിവു വേണം. അതില്ലെങ്കില്‍ ഭാവിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. കുറച്ചുകഴിയുമ്പോള്‍ തിരിച്ചടിക്ക് ഇടയാക്കും. ജനങ്ങള്‍ അസംതൃപ്തരാകും. പാര്‍ട്ടി സഖാക്കളും അസംതൃപ്തരാകും. അതുണ്ടാകാന്‍ പാടില്ല എന്ന മുന്നറിയിപ്പാണ് ഇത്തവണ നല്‍കിയത്.
കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേരളം നേരത്തെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ ചില വിമര്‍ശനങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് പാളിച്ച ഉണ്ടായി എന്ന് പാര്‍ട്ടി കരുതുന്നുണ്ടോ?
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യാതൊരു പാളിച്ചയും വന്നിട്ടില്ല. പക്ഷെ പലതരത്തിലുള്ള ആഘോഷങ്ങള്‍ വന്നപ്പോള്‍ ചില ഇളവുകള്‍ നല്കി. ഇളവുകള്‍ നല്‍കിയതാണ് രോഗബാധ കൂടാനിടയാക്കിയതെന്നാണ് വിദഗ്ധ അഭിപ്രായം. മാത്രമല്ല കോവിഡ് ഇപ്പോള്‍ വീടുകളിലാണ് പടരുന്നത്. കോവിഡ് രോഗികളെ വീടുകളില്‍ പരിചരിക്കുന്നതാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് ഒരു കാരണം. നേരത്തെ കോവിഡ് രോഗികളെ പ്രത്യേകം താമസിപ്പിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇപ്പോള്‍ അത്രത്തോളം ഇല്ല. ജനങ്ങള്‍ അത്തരം രീതി ഇപ്പോള്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ വീടുകളിലെ ചികിത്സ ആണെങ്കിലും ആളുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. അതേതുടര്ന്ന് കുടുംബാംഗങ്ങളും രോഗബാധിതരാകുന്നു. ഇക്കാര്യത്തില്‍ ഒരു ബോധവത്കരണവും ഇടപെടലും ശക്തമായി നടത്തേണ്ടതുണ്ട്.
മൂന്നാം തരംഗമുണ്ടാകുമെന്നുള്ള ഭീതിജനകമായ റിപ്പോര്‍ട്ടും വന്നിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കുറേക്കൂടി ജാഗ്രത ആവശ്യമാണ്. ഇതില്‍ മന്ത്രി മാറിയതുകൊണ്ടോ ഗവണ്മെന്റ് മാറിയതുകൊണ്ടോ ഉണ്ടായൊരു പ്രശ്നമല്ല. ഏത് ഗവണ്മെന്റ് ആയാലും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകും. ഇത്തരം പ്രതിസന്ധികളെ മന്ത്രി മാറിയതുമായി ബന്ധപ്പെടുത്തുന്നത് സദുദ്ദേശപരമല്ല.
കെ.കെ.ശൈലജയേപ്പോലെ ഇത്രയും പ്രതിഛായ ഉണ്ടായിരുന്ന ഒരു മന്ത്രിയെ മാറ്റാനുള്ള തീരുമാനം എങ്ങനെയാണ് വന്നത്? ഒരു പൊതു നയത്തിന്റെ ഭാഗമായി അതിലേക്ക് വന്നതാണോ?
ഞങ്ങള്‍ മുഖ്യമന്ത്രി ഒഴികെ ഉള്ള എല്ലാ മന്ത്രിമാരെയും മാറ്റി. ഏതെങ്കിലും ഒരാള്‍ക്ക് ഇളവ് നല്കിയാല് എല്ലാവര്ക്കും ഇളവ് നല്‍കേണ്ടതായി വരും. പുതിയ ടീമിനെ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വരും. പഴയവര്‍ തുടരുന്ന സാഹചര്യമുണ്ടാകും. അത് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി തീരും. ചിലര്‍ക്ക് മാത്രം ഇളവ് കൊടുക്കുകയും ചിലര്‍ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുക എന്നത് പ്രായോഗികമായി ശരിയായിരിക്കില്ല. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന കുറേപ്പേര് ജയിച്ചുവന്നിട്ടുണ്ട്. അവരെയെല്ലാം മന്ത്രിമാരാക്കേണ്ടി വരും. ആരെയും ഒഴിച്ച് നിര്‍ത്താനാകില്ല. നേതൃത്വത്തില്‍ നില്‍ക്കുന്നവരാണ് മാതൃക കാണിക്കേണ്ടത്. അതുകൊണ്ട് തന്നെ എല്ലാവര്ക്കും ബാധകമായ തീരുമാനമാണ് പാര്‍ട്ടി കൈക്കൊണ്ടത്.
പുതിയ മന്ത്രിമാരുടെ പ്രവര്‍ത്തനത്തെ എങ്ങനെയാണ് പാര്‍ട്ടി വിലയിരുത്തുന്നത്?
പുതിയ മന്ത്രിമാരാണ് എന്നതുകൊണ്ട് തന്നെ എല്ലാവര്ക്കും പ്രവര്‍ത്തിക്കാനുള്ള താത്പര്യമുണ്ട്. എല്ലാവരും നല്ലപോലെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. പുതിയൊരു മന്ത്രി വന്നാല്‍ ഒരു മാറ്റമുണ്ടാകും. ആ മാറ്റം പ്രകടമാണ് എല്ലാ മേഖലയിലും. കോവിഡ് കാലമായതിനാല്‍ അതൊക്കെ പുറത്തുപ്രകടമായി വരാന്‍ കുറച്ചുസമയമെടുക്കും.
കോവിഡ് പ്രതിരോധം ഉദ്യോഗസ്ഥര്‍ ഹൈജാക്ക് ചെയ്തു, പോലീസിനെ അമിതമായി ആശ്രയിക്കുന്നു എന്നൊക്കെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം?
പോലീസിനെ ഉപയോഗിച്ചത് ഒരു ക്രമീകരണം കൊണ്ടുവരുന്നതിന് വേണ്ടിയാണ്. സാധാരണ ഉദ്യോഗസ്ഥര്‍ പറയുന്നതും പോലീസുദ്യോഗസ്ഥര്‍ പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പോലീസ് പറഞ്ഞാല്‍ ആളുകള്‍ കേള്‍ക്കും. നമ്മുടെ നാട്ടിലെ രീതി അതാണ്. അനുസരണമാണ് ഇപ്പോള്‍ വേണ്ടത്. ഒരു വില്ലേജ് ഓഫീസര്‍ പറയുന്നതിനേക്കാള്‍ ഒരു എസ്ഐ വന്ന് പറയുന്നത് ആളുകള്‍ അനുസരിക്കും. ഭീഷണിപ്പെടുത്തുക പിഡിപ്പിക്കുക എന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ക്രമീകരണത്തിന് വേണ്ടി പോലീസ് മാത്രമല്ല എല്ലാ ഉദ്യോഗസ്ഥരെയും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ പോലീസിനെ മാത്രം മാറ്റി നിര്‍ത്തിക്കൊണ്ട് ചെയ്യുക എന്നത് പ്രായോഗികമല്ല.
Content Highlights: CPIM leader Kodiyeri Balakrishnan interview part two
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..