കണ്ണൂര്‍:  പള്ളൂരില്‍ സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സിപിഎമ്മും ബിജെപിയും കണ്ണൂര്‍ ജില്ലയിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താൽ പുരോഗമിക്കുകയാണ്. 

സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് ഇരു പാര്‍ട്ടികളും അറിയിച്ചിരുന്നെങ്കിലും മാഹിയില്‍ വിവിധയിടങ്ങളില്‍ ഇരു പാര്‍ട്ടി പ്രവര്‍ത്തകരും വാഹനങ്ങള്‍ തടഞ്ഞിട്ടു. കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. കടകളും മറ്റ് സ്ഥാപനങ്ങളും തുറന്നിട്ടില്ല.

മാഹിയിലെ മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് ഇന്നലെ രാത്രി കഴുത്തിന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. അതിന് പിന്നാലെ ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം മാഹി മലയാളം കലാഗ്രാമത്തിന് സമീപത്തുനിന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷമേജ് കൊല്ലപ്പെടുകയായിരുന്നു.

ആക്രമങ്ങള്‍ നടന്ന മേഖലയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി. തലശ്ശേരി സബ് ഡിവിഷന് പരിധിയിലാണ് സുരക്ഷ കര്‍ശനമാക്കിയത്. മാഹിയുടെ സമീപപ്രദേശങ്ങളായ ചൊക്ലി, പള്ളൂര്‍, ന്യൂമാഹി പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. എ.ആര്‍. ക്യാമ്പിലെ ഒരു കമ്പനി പോലീസിനെ ഈ മേഖലയിലേക്ക് നിയോഗിച്ചു. സംഘര്‍ഷം പടരാതിരിക്കാന്‍ പോലീസ് പട്രോളിങ്ങും വാഹനപരിശോധനയും നടത്തുന്നു. 

സബ് ഡിവിഷന് കീഴിലുള്ള എല്ലാ സി.ഐ.മാരുടെയും നേതൃത്വത്തിലായിരിക്കും പരിശോധന. എ.ആര്‍. ക്യാമ്പിലെ അസി. കമാന്‍ഡന്റുമാര്‍, സ്പെഷ്യല്‍ യൂണിറ്റിലെ ഡിവൈ.എസ്.പി.മാര്‍ എന്നിവരോട് തലശ്ശേരിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ സ്റ്റേഷനിലും ജാഗ്രതാനിര്‍ദേശം നല്‍കി. എസ്.പി. ജി.ശിവവിക്രം, ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ എന്നിവരുള്‍പ്പടെയുള്ള വന്‍ പോലീസ് സംഘം ന്യൂമാഹിയിലെത്തി.  ഇതുവരെ ആക്രമ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

സിപിഎം നേതാവ് ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ ജില്ലയിലെ വിവിധ മേഖലകളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും സംസ്‌കരിക്കുക.