തിരുവനന്തപുരം: പ്രകൃതി ദുരന്തത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട് ആ പദവിക്ക് ചേരുന്നതല്ലെന്ന് സി.പി.എം. പ്രകൃതിക്ഷോഭം നേരിടാന്‍ സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിച്ചത്. എന്ത് പ്രശ്‌നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് കഴിഞ്ഞ കുറച്ച് നാളായി പ്രതിപക്ഷ നേതാവിന്റെ ശൈലി. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തത് കൊണ്ടാണ് ഈ അധഃപതനമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.

മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതിലെ ആവേശം നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ കാണിക്കുന്നില്ല. ഉരുള്‍പ്പൊട്ടലിന്റെ സമയവും സ്ഥലവും മുന്‍കൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതികവിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോ ? ഹൈക്കമാന്റിന്റെ മാത്രം പിന്തുണയുള്ള, സ്വന്തം പാര്‍ട്ടി എം.എല്‍.എമാരുടെ പോലും പിന്തുണയില്ലാത്ത ഒരാളാണ് ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് എന്നും സി.പി.എം പരിഹസിച്ചു. 

രക്ഷാപ്രവര്‍ത്തനത്തിലും ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിലും വീഴ്ചയുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കിയതിന് ശേഷവും സതീശന്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്.

ഇന്നലെ മുഖ്യമന്ത്രി അതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. എന്നാല്‍ വീണ്ടും ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ദുഷ്ടലാക്കോടുകൂടിയാണെന്നാണ് സി.പി.എം പറയുന്നത്. അതുകൊണ്ടാണ് സതീശനെ ശക്തമായി വിമര്‍ശിക്കുന്ന വാര്‍ത്താ കുറിപ്പ് ഇപ്പോള്‍ സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പുറത്തിറക്കിയിരിക്കുന്നത്.

Content Highlights: VD Satheeshan, CPIM, A. Vijayaraghavan