ജി. സുധാകരൻ
ഒടുവില്‍ ജി. സുധാകരനെതിരെ സി.പി.എം അച്ചടക്ക നടപടി എടുത്തിരിക്കുന്നു. പാര്‍ട്ടി സംഘടനാ നടപടികളില്‍ മൂന്നാമത്തെ നടപടിയായ പരസ്യ ശാസനയാണ് സി.പി.എം. ആലപ്പുഴയിലെ കരുത്തനായ നേതാവിനെതിരേ സ്വീകരിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ ലളിതമെന്ന് തോന്നാമെങ്കിലും സി.പി.എം ലെനിനിസ്റ്റ് സംഘടനാ രീതിയില്‍ പരസ്യമായ ശാസനയെന്നത് ഗൗരവമായ സംഘടനാ നടപടി തന്നെയാണ്. പ്രത്യേകിച്ചും ജി. സുധാകരനെ പോലെ പാര്‍ട്ടി ജീവിതമായി കാണുന്ന ഒരു നേതാവിന്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ സംഭവിച്ച തിരഞ്ഞെടുപ്പ് വീഴ്ചയാണ് ജി. സുധാകരനെതിരായ നടപടിയില്‍ കലാശിച്ചിരിക്കുന്നത്. വിഷയം അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തി. റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്ന ഏക നേതാവും സുധാകരനായിരുന്നു. വീഴ്ചകള്‍ സുധാകരന്റെ മാത്രമായി കാണുന്നില്ലെന്ന് കമ്മീഷന്‍ പറയുന്നുണ്ടെങ്കിലും വീഴ്ച വീഴ്ച തന്നെയായിരുന്നു. ശാസന പരസ്യമായതിനാല്‍ സംസ്ഥാന സെക്രട്ടറി നടപടി മാധ്യമങ്ങളെ അറിയിക്കും. കീഴ്ഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്യും. സംസ്ഥാന കമ്മിറ്റിക്ക് ശേഷം പുറത്തിറങ്ങിയ സുധാകരന്റെ നടപടികള്‍ പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു. മാധ്യമങ്ങളുടെ മൈക്ക് തട്ടിമാറ്റി കടന്നുപോയ സുധാകരന്‍ നടപടിയെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
തിരഞ്ഞെടുപ്പില്‍ ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ട മണ്ഡലമായിരുന്നില്ല അമ്പലപ്പുഴ. അവസാനം വരെ ജി. സുധാകരന്‍ തന്നെ മത്സരിക്കുമെന്നാണ് സുധാകരനും പാര്‍ട്ടി ജില്ലാ ഘടകവും കരുതിയിരുന്നത്. അവസാനം പുതിയ മാനദണ്ഡം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്ന് പറഞ്ഞ് നിലപാട് പ്രഖ്യാപിച്ചെങ്കിലും സുധാകരന്‍ പ്രതീക്ഷിച്ചതായിരുന്നില്ല അത്. എച്ച്. സലാം സ്ഥാനാര്‍ഥിയായി. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് സുധാകരന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായി നേതൃത്വം നല്‍കിയതായി തോന്നിയെങ്കിലും അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. തിരഞ്ഞെടുപ്പില്‍ സലാം വിജയിച്ചു. സി.പി.എമ്മിന് അമ്പലപ്പുഴയേക്കാള്‍ വലിയ പ്രതിസന്ധികള്‍ സംസ്ഥാനത്തിന്റെ മറ്റ് പല മണ്ഡലങ്ങളിലും ഉണ്ടായി. പക്ഷെ അവിടെ അവസാനിച്ചില്ല കാര്യങ്ങള്‍.
സീറ്റ് കിട്ടാത്തതിനേക്കാള്‍ കൂടുതല്‍ താന്‍ പ്രതീക്ഷിച്ചയാളായില്ല സ്ഥാനാര്‍ഥി എന്നതായിരുന്നു സുധാകരന്റെ നിസഹകരണത്തിന് കാരണമായത് എന്നതായിരുന്നു സി.പി.എം ഘടകങ്ങളിലെ ചര്‍ച്ചകള്‍. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ സലാമിന്റെ പാര്‍ട്ടി കൂറ് ചോദ്യം ചോയ്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും കാര്യങ്ങള്‍ രൂക്ഷമാക്കി. സുധാകരന്റെ നിസഹകരണവും പോസ്റ്ററുകളും സുധാകര വിരുദ്ധ പക്ഷം ചേര്‍ത്തുവായിച്ചു. പക്ഷെ പോസ്റ്റര്‍ വിഷയം തന്റെ തലയിലിടാന്‍ വന്നവരോട് രൂക്ഷമായാണ് സുധാകരന്‍ പ്രതികരിച്ചത്.
സലാം തന്നെയാണ് സുധാകരന്‍ പ്രവര്‍ത്തനത്തില്‍ സഹകരിച്ചില്ലെന്ന പരാതിയുമായി എത്തിയത്. ആലപ്പുഴ എം.പി.യായ എ.എം.ആരിഫ് ജി.സുധാകരന്റെ പേരുപറയാതെ വിമര്‍ശനം ഉന്നയിച്ചു. ആലപ്പുഴയിലെ ചില മണ്ഡലങ്ങളില്‍ തോല്‍ക്കുമെന്ന് ഒരു മുതിര്‍ന്ന നേതാവ് തന്നെ പ്രചരിപ്പിച്ചു. ഇത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു എന്ന പരാമര്‍ശമാണ് എ.എം.ആരിഫില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ ഈ വിമര്‍ശനങ്ങളോടൊന്നും ജി.സുധാകരന്‍ പ്രതികരിച്ചില്ല. എളമരം കരീം, കെ.ജെ.തോമസ് എന്നിവരടങ്ങുന്ന രണ്ടംഗ കമ്മിഷനെ പാര്‍ട്ടി നിയോഗിച്ചു.
വിശദമായ തെളിവെടുപ്പ് നടത്തിയ കമ്മീഷന് മുന്നില്‍ ആദ്യം ഹാജരായത് സുധാകരന്‍ തന്നെയായിരുന്നു. ആരോപണങ്ങള്‍ എല്ലാം തെറ്റാണെന്ന് വാദിച്ച സുധാകരന്‍ ഇതിനുള്ള തെളിവുകളും നിരത്തി. ആലപ്പുഴ മണ്ഡലത്തില്‍ വോട്ടുചോര്‍ച്ച ഉണ്ടായപ്പോഴും അമ്പലപ്പുഴയില്‍ അത് സംഭവിച്ചിട്ടില്ലെന്നതാണ് ഇതിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കമ്മിഷന് മുന്‍പില്‍ ഹാജരായ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയിലെയും അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയിലെയും ഭൂരിഭാഗം അംഗങ്ങളും സുധാകരന്റെ ഭാഗത്തുനിന്ന് പ്രവര്‍ത്തനവീഴ്ചയുണ്ടായതായി നിലപാട് എടുത്തു. പരാതിക്കാരനായ അമ്പലപ്പുഴ എം.എല്‍.എ. എച്ച്. സലാമും ഇതിന് ഉപോല്‍ബലകമായ തെളിവു നല്‍കി. സജീവമായി പ്രവര്‍ത്തിച്ചില്ലെന്ന് മാത്രമല്ല, തിരഞ്ഞെടുപ്പിന് ആവശ്യമായ ഫണ്ട് അടക്കം നല്‍കിയില്ലെന്നും ആരോപണമുന്നയിച്ചു.
തോമസ് ഐസക്കിനെയും തന്നെയും മത്സരിപ്പിച്ചില്ലെങ്കില്‍ ആലപ്പുഴയിലെ ഒരു സീറ്റിലും പാര്‍ട്ടി ജയിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞതായും എതിര്‍പക്ഷം ആരോപിച്ചു. എന്നാല്‍, പാര്‍ട്ടിയുടെ ഏതന്വേഷണത്തെയും സധൈര്യം നേരിടുമെന്നും എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്ന് തെളിയുമെന്നുമാണ് സുധാകരപക്ഷം പറഞ്ഞത്. ആലപ്പുഴ മണ്ഡലത്തിലെ വോട്ടുചോര്‍ച്ച കണക്കിലെടുക്കാതെ അമ്പലപ്പുഴയെമാത്രം ലക്ഷ്യമിടുന്നത് വ്യക്തിഹത്യ ലക്ഷ്യമിട്ടാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ സുധാകരന് തെറ്റുപറ്റിയെന്നായിരുന്നു കമ്മീഷന്‍ കണ്ടെത്തിയത്. തെറ്റുകള്‍ ഗുരുതരമല്ലെങ്കിലും സംഭവിച്ചത് സുധാകരനായതിനാല്‍ അതിന്റെ ഗൗരവം വര്‍ധിച്ചു. അവസാനം പരസ്യമായ ശാസനയിലേക്ക് അതെത്തിയിരിക്കുന്നു. ഗൗരിയമ്മയ്ക്ക് ശേഷം ആലപ്പുഴയിലെ കരുത്തനായ ഒരു ജനകീയ നേതാവിന് നേരക്കൂടെ സി.പി.എം. വാളോങ്ങിയിരിക്കുന്നു.
തിരഞ്ഞെടുപ്പില്‍ വീഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആരോപണങ്ങള്‍ നേരിടുമ്പോള്‍ ജി. സുധാകരന്‍ പ്രതികരിച്ചത് കവിതയിലൂടെയായിരുന്നു. 'ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവിതം സാമൂഹ്യമായെന്നും പറയും സ്നേഹിതര്‍ സത്യമെങ്കിലും വഴുതി മാറും. മഹാനിമിഷങ്ങളില്‍ മഹിത സ്വപ്നങ്ങള്‍ മാഞ്ഞു മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല പുതിയ രൂപത്തില്‍ വന്നാല്‍ വന്നെന്നുമാം!' തനിക്ക് മാത്രം സാധ്യമായ ശൈലിയില്‍ സുധാകരന്‍ കുറിച്ചു.
Content Highlights: CPIM action against G Sudhakaran


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..