കൊച്ചി: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് വ്യക്തിപരമായ കാര്യമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും അതെല്ലാം ഓരോ വ്യക്തിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അതേസമയം, കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി എ.കെ. ബാലനെതിരെ കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. സര്‍ക്കാര്‍ പറയുന്നതുപോലെ കാര്‍ട്ടൂണ്‍ അക്കാദമിക്ക് പ്രവര്‍ത്തിക്കാനാകില്ല. പുരസ്‌കാരം പിന്‍വലിക്കണമെന്ന് പറയാന്‍ മന്ത്രി എ.കെ. ബാലന് അധികാരമില്ല. അക്കാദമിയുടെ തീരുമാനമെല്ലാം അംഗീകരിക്കാന്‍ വലിയ മനസ്സ് വേണം- കാനം രാജേന്ദ്രന്‍ പറഞ്ഞു. 

വിവാദ കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയത് ജൂറിയാണ്. പുരസ്‌കാരം പിന്‍വലിക്കണമെന്ന് മന്ത്രി പറഞ്ഞാല്‍ പിന്നെ ഈ ജൂറിക്കും അക്കാദമിക്കും എന്താണ് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു.

Content Highlights: cpi state secretary kanam rajendran's response on binoy kodiyeri case and cartoon controversy