തിരുവനന്തപുരം: ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കുമ്പോഴുണ്ടാകുന്ന വിശ്വാസികളുടെ പ്രതികരണങ്ങള്‍ മുന്‍കൂട്ടി കാണാന്‍ മുന്നണിക്ക് കഴിഞ്ഞില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 

ഭരണഘടനയ്ക്കു മേല്‍ വിശ്വാസത്തെ സ്ഥാപിക്കാന്‍ ഇടതുമുന്നണിക്കു കഴിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം സൂക്ഷ്മമായി വിലയിരുത്തി ആവശ്യമായ തിരുത്തല്‍ വരുത്തും-കാനം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 

സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സര്‍ക്കാരിനുണ്ട്. അത്തരമൊരു ഭരണഘടനാ ബാധ്യത നിറവേറ്റുമ്പോള്‍ അത് ഭൂരിപക്ഷം വരുന്ന വിശ്വാസിസമൂഹത്തിലുണ്ടാക്കാന്‍ പോകുന്ന പ്രതികരണങ്ങള്‍ വേണ്ടത്ര മുന്‍കൂട്ടി കാണാന്‍ എല്‍ ഡി എഫിന് കഴിഞ്ഞില്ലെന്ന് കാനം വ്യക്തമാക്കി. 

കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തില്‍ സാംസ്‌കാരിക വകുപ്പുമന്ത്രി എ കെ ബാലന്റെ പ്രസ്താവനയെയും കാനം വിമര്‍ശിച്ചു. തീരുമാനിച്ച അവാര്‍ഡ് മാറ്റാനാകില്ല. ഒരു മന്ത്രിക്കും അതില്‍ ഇടപെടാനും കഴിയില്ല. സിനിമാ അവാര്‍ഡ് തീരുമാനിച്ച ശേഷം ആരെങ്കിലും പറഞ്ഞാല്‍ അതുമാറ്റുമോ എന്നും കാനം ചോദിച്ചു.

content highlights: cpi state secratary kanam rajendran on loksabha election failure