തിരുവനന്തപുരം: വിവരാവകാശ നിയമ വിവാദമവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് പൂര്‍ണ പിന്തുണ അറിയിച്ചു. ഇക്കാര്യത്തില്‍ ഇടതു പക്ഷത്തിന്റെ അഭിപ്രായമാണ് കാനം പറഞ്ഞതെന്നും എക്‌സിക്യുട്ടീവ് വ്യക്തമാക്കി.

ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെ പാര്‍ട്ടി  പിന്തുണയ്ക്കുന്നു. വിദ്യാര്‍ഥികളുടെ മനസിനേറ്റ മുറിവ് ഉണക്കണം. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും പരിഹാരം കാണണമെന്നും എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു.

ലോ അക്കാദമിക്ക് ഭൂമി വിട്ടു കൊടുത്തതില്‍ അപാകതയുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു.

മന്ത്രിസഭയുടെ ചില തീരുമാനങ്ങള്‍ നടപ്പാക്കുന്നതുവരെ വെളിപ്പെടുത്താനാവില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുകയാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

കാനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും എത്തിയതോടെ വിഷയത്തില്‍ എല്‍.ഡി.എഫില്‍ സഖ്യകക്ഷികള്‍ തമ്മിലുള്ള അഭിപ്രായ വ്യാത്യാസങ്ങള്‍ മറനീക്കി പുറത്തു വന്നിരുന്നു. തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഉത്തരവാദിത്വമുള്ള നേതാക്കള്‍ മറിച്ചുള്ള നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നായിരുന്നു കാനത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന.