
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ കെ-റെയിലിനെതിരേ രൂക്ഷ വിമര്‍ശനം. ജനങ്ങളെ സര്‍ക്കാരിന് എതിരാക്കരുതെന്നും കല്ലിടലുമായി മുന്നോട്ടുപോകുന്നത് പ്രകോപനപരമാണെന്നുമാണ് വിമര്‍ശനമുണ്ടായത്. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന് സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പദ്ധതിക്കെതിരേയുള്ള വിമര്‍ശനം.
കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ നേരത്തെ വിശദമായ ചര്‍ച്ച നടന്നിരുന്നു. ഇതിലെ തീരുമാനങ്ങളും ചര്‍ച്ചയുടെ സംക്ഷിപ്ത രൂപവുമാണ് മുല്ലക്കര രത്നാകരന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തെ അറിയിച്ചത്.
കല്ലിടല്‍ ധൃതിപിടിച്ചുള്ള തീരുമാനമാണെന്നും ഇത് പ്രകോപനപരമായ നീക്കമാണെന്നും മുല്ലക്കര ചൂണ്ടിക്കാണിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്തുവേണം പദ്ധതിയുമായി മുന്നോട്ടുപോകാന്‍. ഇല്ലെങ്കില്‍ ഒപ്പം നില്ക്കുന്ന ജനവിഭാഗത്തിന്റെ എതിര്‍പ്പ് നേരിടേണ്ടിവരുമെന്നുമാണ് കൊല്ലം ജില്ലാ കമ്മിറ്റിലുണ്ടായ ചര്‍ച്ചയെന്ന് മുല്ലക്കര രത്നാകരന് യോഗത്തില്‍ അറിയിച്ചു.
വികസന പ്രവര്‍ത്തനങ്ങളില്‍ ഇത്ര ധൃതിപിടിച്ചുള്ള സമീപനം പാടില്ല. ഇങ്ങനെ പോയാല്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയില്ലെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനമെന്നും മുല്ലക്കര യോഗത്തെ അറിയിച്ചു.
അതേസമയം, പെട്ടെന്ന് നടക്കുന്ന പദ്ധതിയല്ല കെ-റെയിലെന്നും സുദീര്‍ഘമായ പ്രക്രിയയിലൂടെയായിരിക്കും പദ്ധതി നിലവില്‍ വരുകയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് യോഗത്തില്‍ മറുപടി നല്കി. ചാടിക്കയറി എതിര്‍ക്കുന്നതില്‍ കാര്യമില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. ആശങ്കകള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കണമെന്ന ആവശ്യം ഇപ്പോള്‍ കണക്കിലെടുക്കേണ്ടതില്ലെന്നും കാനം മറുപടി നല്കി.
content highlights: CPI State Executive Criticize K-Rail project
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..