തിരുവനന്തപുരം: അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്.എഫ്.ഐക്കെതിരെ പ്രസ്താവന നടത്തിയെ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനോട് വിശദീകരണം ചോദിക്കാന്‍ പാര്‍ട്ടിയുടെ തീരുമാനം. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് ഈ തീരുമാനം എടുത്തത്.

ക്യാംപസ് ഫ്രണ്ട് നടത്തിയ കൊലപാതകത്തിനെതിരെ വ്യാപകമായ ജനരോഷം ഉയരുന്ന പശ്ചാത്തലത്തില്‍ അവര്‍ക്ക് പരോക്ഷമായെങ്കിലും സഹായകരമാവുന്നതാണ് പി രാജുവിന്റെ പ്രസ്താവനയെന്ന് യോഗം വിലയിരുത്തി. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. പാര്‍ട്ടി നിലപാടുമല്ല. അതുകൊണ്ടാണ് ഏത് സാഹചര്യത്തിലാണ് പ്രസ്താവന നടത്തിയതെന്ന് പി രാജുവിനോട് വിശദീകരണം തേടാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

കോളേജില്‍ ആധിപത്യമുള്ള സംഘടനകള്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും അത് നല്‍കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നുമായിരുന്നു പി രാജുവിന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരമാര്‍ശത്തിനെതിരെ രംഗത്തു വന്നിരുന്നു. പി രാജു നടത്തിയ പരാമര്‍ശം അനവസരത്തിലാണെന്നും ഇത് സി.പി.ഐ നിലപാടല്ലെന്നും കാനം വ്യക്തമാക്കിയിരുന്നു.

Content highlights: CPI seeks explanation from P Raju