'ജനമനസുകളിലെ സ്ഥാനം നേതാക്കളായിട്ട് കളയരുത്'; CPI പാലക്കാട് ജില്ലാസമ്മേളത്തിൽ നാടകീയ രംഗങ്ങൾ


പാർട്ടിപ്രവർത്തനത്തിനിടെ വിവാഹം കഴിക്കാൻപോലും കൂട്ടാക്കാതിരുന്ന എ.കെ. രാമൻകുട്ടിയും ഇ.പി. ഗോപാലനുമൊക്കെ പ്രവർത്തിച്ച പാർട്ടിയാണ് സി.പി.ഐ.യെന്നും പാർട്ടിക്ക് ജനമനസുകളിലെ സ്ഥാനം നേതാക്കളായി കളയരുതെന്നും സി.പി.ഐ. സമ്മേളനപ്രതിനിധികൾ.

ഒരുരാത്രിമുഴുവൻ നീണ്ടുനിന്ന തിരഞ്ഞെടുപ്പുനടപടികൾക്കുശേഷം സി.പി.ഐ. ജില്ലാ സെക്രട്ടറിസ്ഥാനത്തെത്തിയ കെ.പി. സുരേഷ് രാജ് (വലത്തുനിന്ന്‌ രണ്ടാമത്‌) സമ്മേളനഹാളിനുപുറത്തെത്തി പ്രവർത്തകരോട് കുശലംപറയുന്നു

പാലക്കാട്: പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിൽ സമവായശ്രമങ്ങൾ പാളിയതോടെ സി.പി.ഐ. പാലക്കാട് ജില്ലാസമ്മേളനത്തിൽ വാഗ്വാദവും നാടകീയരംഗങ്ങളും. ജില്ലാ കൗൺസിലിലേക്ക് ഏഴുമണിക്കൂർനീണ്ട വോട്ടെടുപ്പ്‌ നടന്നു. 45 അംഗ ഔദ്യോഗികപാനലിനുപുറത്തുനിന്ന് മത്സരിച്ച 15 പേരിൽ വനിത ഉൾപ്പെടെ നാലുപേർ ജയിച്ചു.

പുതിയ ജില്ലാ സെക്രട്ടറിയായി കെ.പി. സുരേഷ് രാജിനെ സംസ്ഥാനനേതൃത്വം പ്രഖ്യാപിച്ചതോടെയാണ് ചേരിതിരിഞ്ഞ് വാഗ്വാദമാരംഭിച്ചത്. വാഗ്വാദം അതിരുകടന്നപ്പോൾ ഒരുഘട്ടത്തിൽ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി. കർശനമായി ഇടപെട്ടു. മണ്ണാർക്കാട്ടുനിന്നുള്ള സീമ കൊങ്ങശ്ശേരി, ടി.എസ്. ദാസ് പുതുപ്പരിയാരം, എം.എസ്. രാമചന്ദ്രൻ കൊല്ലങ്കോട് എന്നിവരാണ് ഔദ്യാഗികപാനലിനുപുറത്തുനിന്ന് മത്സരിച്ചുജയിച്ചത്. നെല്ലിയാമ്പതിയിൽനിന്നുള്ള എം.ആർ. സുകുമാരനും അട്ടപ്പാടി ലോക്കൽ സെക്രട്ടറി കുമാർ മുള്ളിക്കും 87 വീതം വോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പ് വേണ്ടിവന്നു. നറുക്കെടുപ്പിൽ ഭാഗ്യം കുമാറിന് അനുകൂലമായി.

വ്യാഴാഴ്ച വൈകീട്ട്‌ സംസ്ഥാനനിർവാഹകസമിതി അംഗം വി. ചാമുണ്ണിയാണ് പാനൽ അവതരിപ്പിച്ചത്. ഈ ഘട്ടത്തിൽത്തന്നെ വിവാദമുയർന്നു. ഇതിനുപിന്നാലെ പാനലിനുപുറത്തുനിന്ന് 12 പേർ മത്സരിക്കാൻ തയ്യാറായി. അതോടെ ഔദ്യോഗികവിഭാഗത്തെ അനുകൂലിക്കുന്ന മുന്നുപേർക്കൂടി മത്സരിക്കാനിറങ്ങി. വ്യാഴാഴ്ചരാത്രി എട്ടേമുക്കാലിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. 215 പ്രതിനിധികളിൽ വോട്ടവകാശമുള്ള 186 പേരാണ് വോട്ടുചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരവരെ വോട്ടെടുപ്പ് നീണ്ടു. നാലുമണിയോടെ വോട്ടെണ്ണിത്തുടങ്ങി. എട്ടേകാലിനാണ് പൂർത്തിയായത്. നാലുവോട്ട് അസാധുവായി.

എ.ഐ.ടി.യു.സി. ജില്ലാസെക്രട്ടറി എൻ.ജി. മുരളീധരൻ നായർക്കാണ് ഏറ്റവുംകൂടുതൽ വോട്ടുലഭിച്ചത് (168). മുൻ എം.എൽ.എ. ജോസ് ബേബി (132), മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. (128) എന്നിവരും മുന്നിലെത്തി. കെ.പി. സുരേഷ് രാജിന് 119 വോട്ട് ലഭിച്ചു.

എട്ടരയോടെ പട്ടാമ്പിയിലെ ഓഡിറ്റോറിയത്തിന്റെ മുകൾനിലയിൽ പുതിയ ജില്ലാ കൗൺസിൽ യോഗംചേർന്നു. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.ഇ. ഇസ്മയിൽ, സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ., സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി. ചാമുണ്ണി, സ്ഥാനമൊഴിയുന്ന ജില്ലാ സെക്രട്ടറി ടി. സിദ്ധാർഥൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. വിജയൻ കുനിശ്ശേരി അധ്യക്ഷനായി. കെ.പി. സുരേഷ് രാജിനെ സെക്രട്ടറിസ്ഥാനത്തേക്ക് നിർദേശിക്കാനുള്ള സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനം വന്നതോടെ പ്രതിഷേധമുയർന്നു. ജോസ് ബേബിയുടെ പേര് ചിലർ നിർദേശിച്ചെങ്കിലും അദ്ദേഹം തയ്യാറല്ലെന്നറിയിച്ചു.

തുടർന്ന് എ.ഐ.വൈ.എഫ്. മുൻ ജില്ലാ സെക്രട്ടറികൂടിയായ പാലോട് മണികണ്ഠന്റെ പേര് നിർദേശിക്കപ്പെട്ടു. വീണ്ടും വീണ്ടും ഒരേ ആളെത്തന്നെ സെക്രട്ടറിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിനെ മുഹമ്മദ് മുഹ്‌സിൻ രൂക്ഷമായഭാഷയിൽ വിമർശിച്ചു. ഇതേത്തുടർന്ന് അംഗങ്ങൾ തമ്മിൽ വാഗ്വാദം തുടങ്ങി. പ്രതിനിധികളിൽ ഭൂരിപക്ഷം സുരേഷ് രാജിനൊപ്പമാണെന്നതിനാൽ അദ്ദേഹത്തെ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നതായി സംസ്ഥാനനേതൃത്വം വ്യക്തമാക്കി. ഇതിനിടെ നെന്മാറ, കോങ്ങാട്, കുഴൽമന്ദം മണ്ഡലങ്ങളിലെ പ്രതിനിധികൾ സുരേഷ് രാജിനെ എതിർത്തും അട്ടപ്പാടി, ചിറ്റൂർ മണ്ഡലങ്ങളിലെ പ്രതിനിധികൾ മറുഭാഗത്തുമായി വാഗ്വാദം തുടങ്ങി. തുടർന്ന് പ്രസീഡിയം സമ്മേളനനടപടികൾ അവസാനിപ്പിക്കുകയായിരുന്നു.

ജനമനസുകളിലെ സ്ഥാനം നേതാക്കളായിട്ട് കളയരുതെന്ന് പ്രതിനിധികൾ

പാലക്കാട്: പാർട്ടിപ്രവർത്തനത്തിനിടെ വിവാഹം കഴിക്കാൻപോലും കൂട്ടാക്കാതിരുന്ന എ.കെ. രാമൻകുട്ടിയും ഇ.പി. ഗോപാലനുമൊക്കെ പ്രവർത്തിച്ച പാർട്ടിയാണ് സി.പി.ഐ.യെന്നും പാർട്ടിക്ക് ജനമനസുകളിലെ സ്ഥാനം നേതാക്കളായി കളയരുതെന്നും സി.പി.ഐ. സമ്മേളനപ്രതിനിധികൾ. പട്ടാമ്പിയിൽ സമാപിച്ച ജില്ലാസമ്മേളനത്തിലെ പ്രവർത്തനറിപ്പോർ‌ട്ടിന്മേലുള്ള ചർച്ചയ്ക്കിടെയാണ് പ്രതിനിധികൾ തുറന്നടിച്ചത്. പാർട്ടി അനുകൂല സർവീസ് സംഘടനകൾക്ക് മണ്ഡലതലത്തിലും പ്രാദേശികതലത്തിലും പ്രവർത്തകരുമായി ബന്ധമില്ലെന്നും റവന്യൂ, കൃഷി ഉൾപ്പെടെ പാർട്ടി ഭരിക്കുന്ന വകുപ്പുകളെ അഴിമതിയുടെ കൂത്തരങ്ങാക്കിയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തോൽക്കാൻ സാധ്യതയില്ലാതിരുന്ന ആലത്തൂർ മണ്ഡലത്തിൽ സി.പി.എം. നേതാവ് എ. വിജയരാഘവന്റെ പരാമർശം ദോഷമായി. സി.പി.എമ്മിന് വളരാനുള്ള സംവിധാനമാക്കി ഇടതുമുന്നണിയെ മാറ്റി. മുന്നണിയിൽ ശക്തമായി കാര്യങ്ങൾ അവതരിപ്പിക്കാൻ നേതാക്കൾ തയ്യാറാവുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. കുഴൽമന്ദവും പാലക്കാടും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സംഘടനാദൗർബല്യം പരിഹരിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

കുറച്ചുനാളായി എന്തെങ്കിലും പ്രചാരണപരിപാടികൾ ഏറ്റെടുക്കാനോ വിജയിപ്പിക്കാനോ പാർട്ടിയുടെ വർഗബഹുജനസംഘടനകൾക്കു കഴിഞ്ഞിട്ടില്ല. തൊഴിലാളിസംഘടനയിൽ പ്രവർത്തകരുണ്ടെങ്കിലും പ്രചാരണപ്രവർത്തനങ്ങളില്ല. വ്യവസായമേഖലയിലുൾപ്പെടെ ഇതു വ്യക്തമാണ്. ബാലവേദിപ്രവർത്തനങ്ങൾ ഇല്ലെന്നുതന്നെ പറയാമെന്നും പ്രതിനിധികൾ പറഞ്ഞു.

ജില്ലാകൗൺസിൽ തിരഞ്ഞെടുപ്പിനുശേഷം പ്രവർത്തകർ ചേരിതിരിഞ്ഞ്‌ നടത്തിയ വാഗ്വാദം സമ്മേളനത്തിന്റെ ശോഭ കെടുത്തി. സമ്മേളനവേദിയിൽ വ്യക്തിപരമായ ആരോപണങ്ങൾവരെ ഉയർത്തിയതായി ഒരുവിഭാഗം പരാതിപ്പെട്ടു.

കെ.പി. സുരേഷ്‌രാജിന് നാലാമൂഴം

പട്ടാമ്പി: സി.പി.ഐ. ജില്ലാസെക്രട്ടറിയായി കെ.പി. സുരേഷ്‌രാജിന് (52) നാലാമൂഴം. മൂന്നാംടേം സെക്രട്ടറിയായിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥിയായതോടെ സ്ഥാനമൊഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ തോറ്റിരുന്നു. കേരള അഗ്രോ മെഷിനറി കോർപറേഷൻ (കാംകോ) ചെയർമാനാണ്.

2011-ൽ എൽ.ഡി.എഫ്. പട്ടാമ്പി നിയോജകമണ്ഡലം സ്ഥാനാർഥിയായിരുന്നു. വള്ളുവനാട്ടിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന മത്താട്ടുമഠം യു. മാധവന്റെയും കൊട്ടാരപ്പാട്ട് പുഷ്പയുടെയും മകനാണ് കെ.പി. സുരേഷ്‌രാജ്. എ.ഐ.എസ്.എഫ്. ദേശീയ കൗൺസിൽ അംഗം, ജില്ലാസെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സി.പി.ഐ. ജില്ലാ അസി. സെക്രട്ടറിയായി. 2013 മുതലാണ് സി.പി.ഐ. ജില്ലാ സെക്രട്ടറിയായത്. ഭാര്യ: പി.എസ്. അജിതകുമാരി ചിറ്റൂർ പാഠശാല സംസ്കൃത സ്കൂളിൽ അധ്യാപികയാണ്‌. മക്കൾ: അഭിജിത്ത്, ഇന്ദ്രജിത്ത്.

അലങ്കാരമല്ല

സി.പി.ഐ. ജില്ലാസെക്രട്ടറിയെന്നത് അലങ്കാരപദമല്ല. പാർട്ടിപ്രവർത്തനങ്ങളിൽ ഓരോരുത്തർക്കും ചുമതലകളുണ്ട്. 10 വർഷമായി പാർട്ടിപ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുത്ത അനുഭവമുണ്ട്. ഇത് പുതിയപദവിയായി തോന്നുന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി ആവശ്യപ്പെട്ടപ്പോൾ പദവി ഏറ്റെടുത്തു എന്നതിനപ്പുറത്തേക്ക് മറ്റൊന്നുമില്ല. രാജ്യവും കേരളവും അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അവയെ അഭിസംബോധന ചെയ്യാനും ജനങ്ങളെ അണിനിരത്താനുമുള്ള ഉത്തരവാദിത്വമാണ് ജില്ലാസെക്രട്ടറിക്കുള്ളത്.

-കെ.പി. സുരേഷ്‌രാജ്


പുതുതായി തിരഞ്ഞെടുക്കപ്പെട്ട സി.പി.ഐ. പാലക്കാട് ജില്ലാ കൗൺസിൽ അംഗങ്ങൾ

1. കെ.പി. സുരേഷ്‌രാജ്

2. വിജയൻ കുനിശ്ശേരി

3. ജോസ് ബേബി

4. കെ. മല്ലിക

5. എൻ.ജി. മുരളീധരൻനായർ

6. പൊറ്റശ്ശേരി മണികണ്ഠൻ

7. കെ.സി. ജയപാലൻ

8. ഒ.കെ. സെയ്തലവി

9. പി. ശിവദാസൻ

10. വാസുദേവൻ തെന്നിലാപുരം

11. സുമലതാ മോഹൻദാസ്

12. വി.പി. ജയപ്രകാശ്

13. കെ.എൻ. മോഹനൻ

14. രവി എടേരത്ത്

15. കോടിയിൽ രാമകൃഷ്ണൻ

16. മുഹമ്മദ് മുഹ്‌സിൻ

17. മുരളി കെ.താരേക്കാട്

18. എം.ആർ. നാരായണൻ

19. പി.കെ. സുഭാഷ്

20. പാലോട് മണികണ്ഠൻ

21. ടി.വി. വിജയൻ

22. ടി. സിദ്ധാർഥൻ

23. കെ. ഷാജഹാൻ

24. കെ. ഹരിപ്രകാശ്

25. കെ. രാമചന്ദ്രൻ

26. മീനാകുമാരി

27. പി. നൗഷാദ്

28. പി. കബീർ

29. കെ. നാരായണൻ

30. എം.എസ്. രാമചന്ദ്രൻ

31. സി. രാധാകൃഷ്ണൻ

32. ആർ. രാധാകൃഷ്ണൻ

33. എസ്. സനോജ്

34. പി. ചിന്നക്കുട്ടൻ

35. എ. പ്രഭാവതി

36. ജ്യോതി വാസൻ

37. ജ്യോതി അനിൽകുമാർ

38. സീമ കൊങ്ങശ്ശേരി

39. ടി.എസ്. ദാസ്

40. കുമാർ മുള്ളി

41. കെ. വേലു

42. കെ. രാജൻ

43. കെ.ആർ. മോഹൻദാസ്

44. സി.കെ. അബ്ദുൾ റഹിമാൻ

45. വി. കൃഷ്ണൻകുട്ടി

(അഞ്ച് കാൻഡിഡേറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു)

Content Highlights: cpi palakkad district conference


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented