തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാഗോപിനാഥിന്റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ മുഖപത്രം ജനയുഗം. ഗീത ഗോപിനാഥിന്റെ സാമ്പത്തിക നിര്‍ദേശങ്ങള്‍ കേരള സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ സ്വാധീനം ചെലുത്തിയാല്‍ അത് തികച്ചും ആശങ്കാജനകമാണെന്നും ചെലവുചുരുക്കലിന്റെ പേരില്‍ പെന്‍ഷനും ക്ഷേമപദ്ധതികള്‍ അടക്കമുള്ളവയും അധികച്ചിലവാണെന്ന നിലപാട് അപകടകരമാണെന്നും ജനയുഗം പറയുന്നു.
വിദേശ നിക്ഷേപം കൊണ്ടുവരുന്നതില്‍ കാണിക്കുന്ന ഉത്സാഹം തികച്ചും ശ്ലാഘനീയമാണ്. എന്നാല്‍ ചെലവുചുരുക്കലിനെപ്പറ്റി പറയുന്ന ഗീതാഗോപിനാഥ്, സര്‍ക്കാരിന്റെ 'ബാധ്യതയായ' ശമ്പളം, പെന്ഷന്, സബ്സിഡികള്‍, ക്ഷേമപദ്ധതികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം, അവയിലെ സ്വകാര്യ ഓഹരി പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനത്തില്‍ സ്വകാര്യമേഖലാ പങ്കാളിത്തം, ജിഎസ്ടി എന്നിവയെപ്പറ്റിയെല്ലാം പറയുന്ന അഭിപ്രായങ്ങള്‍ ഗൗരവമായി കാണണം. പാശ്ചാത്യ മുതലാളിത്ത ലോകത്തെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി നടത്തിയിട്ടുള്ള ചിലവുചുരുക്കല്‍ നടപടികള്‍ അവിടങ്ങളില്‍ വലിയ സാമ്പത്തിക കുഴപ്പങ്ങള്‍ക്കും രാഷ്ട്രീയ അസ്ഥിരതയ്ക്കും വഴിവെച്ചതായി മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കുന്ന ശമ്പളം, വിരമിച്ചവര്‍ക്കുള്ള പെന്ഷന്, ക്ഷേമപദ്ധതികള്‍ എന്നിവ അധിക ചെലവുകളാണെന്നുള്ള അഭിപ്രായങ്ങള്‍ക്ക് നവലിബറല്‍ കാലത്ത് ഏറെ പിന്തുണ ലഭിക്കുന്നുണ്ട്. വിലക്കയറ്റം, ആരോഗ്യപരിരക്ഷ, കുതിച്ചുയരുന്ന വിദ്യാഭ്യാസ ചെലവുകള്‍, ഭൂമിയുടെയും പാര്‍പ്പിടത്തിന്റെയും അപ്രാപ്യത തുടങ്ങിയ വസ്തുതകളൊന്നും കണക്കിലെടുക്കാതെ ഇത്തരം നിലപാടു സ്വീകരിക്കുന്നത് സമൂഹത്തിലെ ഒരുവിഭാഗത്തിനെതിരെ മറ്റ് ജനവിഭാഗങ്ങളെ ഇളക്കിവിടുന്നതിന് തുല്യമാണെന്നും ലേഖനം പറയുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിലും പൊതുമേഖലാ വ്യവസായ സംരംഭങ്ങളിലും വിദേശ മൂലധനം അടക്കമുള്ള സ്വകാര്യ മൂലധന നിക്ഷേപത്തെ എതിര്‍ക്കേണ്ടതില്ല. എന്നാല്‍ അത് ആരുടെ, എന്തുചെലവിലെന്നതിനെപ്പറ്റിയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാവണമെന്നും അത് സമൂഹത്തിന്റെ പൊതു ആസ്തികള്‍ സ്വകാര്യ മൂലധനത്തിന് അടിയറവച്ചുകൊണ്ടാവരുതെന്നും മുഖപത്രം പറയുന്നു.
Content Highlight: cpi, Janayugam, Gita Gopinath, Economic advicer, Kerala CM, Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..