Screengrab: Mathrubhumi News
തിരുവനന്തപുരം: ഡിവൈഎഫ്‌ഐക്കെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഡിവൈഎഫ്‌ഐയുടെ ഗുണ്ടാരാജ് എന്നാണ് വിമര്‍ശനം. പത്തനംതിട്ട കൊടുമണ്ണിലെ അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഐ നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കൊടുമണ്ണില്‍ കണ്ടത് ഫാസിസ്റ്റുകളുടെ നീതിയാണെന്നും ഇത്തരം അക്രമങ്ങളെ എല്‍ഡിഎഫ് ഒറ്റപ്പെടുത്തണമെന്നും സിപിഐ ആവശ്യപ്പെടുന്നു. ഇടതുമുന്നണിയെ ഗുണ്ടകളുടെ താവളമാക്കി മാറ്റരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അക്രമം മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഗുണ്ടകളുടെ രീതിയാണെന്നും വിമര്‍ശിക്കുന്നു. ബഹുകക്ഷി രാഷ്ട്രീയത്തില്‍ സംഘര്‍ഷങ്ങള്‍ സാധാരണമാണ്. എന്നാല്‍ അത് അക്രമത്തിലേക്ക് പോകുന്നതും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ഹീനമായ ഗുണ്ടാ പ്രവര്‍ത്തനത്തിലേക്ക് തരംതാഴുന്നതിന്റെ സൂചനയാണെന്നും വിമര്‍ശിക്കുകയാണ് മുഖപ്രസംഗം.
വര്‍ഗീയ കക്ഷികള്‍ രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്ത് ജനങ്ങളുടെ ഉള്ളില്‍ ഭീതി പരത്തുന്നതിന് ഉപയോഗിക്കുന്നത് ഇതേ ഫാസിസ്റ്റ് തന്ത്രമാണെന്ന് കടുത്ത നിലപാടും മുഖപ്രസംഗത്തില്‍ കാണാം. കൊടുമണ്ണില്‍ സിപിഐ നേതാക്കളെ അക്രമിച്ചത് അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകരല്ലെന്നും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ ലേബലില്‍ വന്ന ഗുണ്ടാസംഘമാണെന്നും ലേഖനത്തില്‍ പറയുന്നു.
അക്രമം നടത്തിയവരെ കുറ്റപ്പെടുത്താനോ സംഭവത്തെ അപലപിക്കാനോ രാഷ്ട്രീയ നേതൃത്വം തയ്യാറാകാത്തിടത്തോളം അത്തരം ഗുണ്ടകള്‍ക്ക് അവര്‍ താവളമൊരുക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. ജനങ്ങളുടെ സുരക്ഷ ഉറപ്പ് നല്‍കുന്ന ഒരു മുന്നണിയുടെ ഭാഗമായ സംഘടനയുടെ പേരില്‍ അരങ്ങേറിയ അക്രമങ്ങള്‍ മുന്നണിക്കും സര്‍ക്കാരിനും ഒരുപോലെ ദോഷം ചെയ്യുന്നതാണ്. ഇടത് മുന്നണിയുടെ ഭാഗമായ കക്ഷികളോ അവരുടെ ബഹുജന സംഘടനകളോ ഒരിക്കലും ഗുണ്ടകളുടെ താവളമായിക്കൂട.
കേരളത്തില്‍ മുന്നണി പ്രവര്‍ത്തകരുടെ മാത്രം പ്രവര്‍ത്തനം കൊണ്ടല്ല വോട്ട് നേടി അധികാരത്തിലെത്തിയത്. മുന്നണി പ്രവര്‍ത്തകരുടെ വോട്ട് കൊണ്ട് മാത്രം അത്തരമൊരു മഹാവിജയം സാധ്യമല്ല. സാധാരണക്കാരുടെ കൂടി പങ്ക് വിജയത്തിന് പിന്നിലുണ്ട്. എന്നാല്‍ മുന്നണിയോ ബഹുജനസംഘടനകളോ ഗുണ്ടകളുടെ താവളമാകുന്നത് ഇടതുപക്ഷത്തേയും സര്‍ക്കാരിനേയും ഒറ്റപ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കും. അക്രമത്തിലൂടെ എല്ലാവരേയും എല്ലാക്കാലവും നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയില്ലെന്ന് തിരിച്ചറിയണമെന്നും ലേഖനത്തില്‍ വ്യക്താക്കുന്നു.
Content Highlights: CPI's Janayugam with criticism against DYFI
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..