തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടം കയ്യേറി സി.പി.എം ഓഫീസ് ആക്കിയെന്ന് പരാതി. ജോസ്ഗിരിയിലെ പി.എം സംയുക്തയെന്ന വിധവയുടെ രണ്ട്മുറി ഹോട്ടലാണ് സി.പി.എം ബ്രാഞ്ച് ഓഫീസാക്കി മാറ്റിയത്. അതേസമയം സംയുക്തയുടെ മകനുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്. 

എസ്.എന്‍.ഡി.പി നേതാവായിരുന്ന കെ.പി രത്‌നാകരന്റെ വിധവ പി.എന്‍ സംയുക്തയുടെ പേരില്‍ തലശ്ശേരി കോടതി പരിസരത്തുള്ള വിക്ടോറിയ സാമ്രാട്ട് എന്ന ഇരുമുറി റെസ്‌റ്റോറന്റ് സി.പി.എം കയ്യേറി പാര്‍ട്ടി ഓഫീസാക്കി മാറ്റിയെന്നാണ് പരാതി. തിരഞ്ഞെടുപ്പ് സമയത്ത് താല്‍ക്കാലിക ഓഫീസാക്കുകയും പിന്നീടത് ജോസ്ഗിരി ബ്രാഞ്ച് ഓഫീസാക്കി മാറ്റി എന്നുമാണ് പരാതിയില്‍ പറയുന്നത്. 

മുറികള്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ തുടങ്ങിയവരെല്ലാം സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് പി.എം സംയുക്ത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

സംയുക്തയുടെ പേരില്‍ തീറാധാരമുള്ള കെട്ടിടമാണ് ഇത്. സ്വത്തിന്റെ പരിപൂര്‍ണ അവകാശി സംയുക്തയാണ്. താനുമായി മാനസികമായി അകന്ന് കഴിയുന്ന മകനെ സ്വാധീനിച്ചാണ് സി.പി.എം ഈ കെട്ടിടം ഓഫീസാക്കി മാറ്റിയതെന്നും സംയുക്ത പറഞ്ഞു. എന്നാല്‍ സംയുക്തയുടെ മകന്‍ അരവിന്ദുമായി രേഖമൂലമുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും കയ്യേറ്റം ഉണ്ടായിട്ടില്ലെന്നും സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറി എം.സി പവിത്രന്‍ അറിയിച്ചു.

content highlights: CPIM, Party Office, Thalassery, Kannur