അഡ്വ. ശുഭേഷ് സുധാകരൻ, ഡോ. ജയലക്ഷ്മി രാജീവ്
കോട്ടയം: ആഘോഷവും ആഡംബരവും ഒഴിവാക്കി ഒരു കമ്മ്യൂണിസ്റ്റ് വിവാഹം. യുവ സി.പി.ഐ. നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് നിയുക്ത വൈസ് പ്രസിഡന്റുമായ അഡ്വ. ശുഭേഷ് സുധാകരനാണ് അനുകരണീയമായ രീതിയില്‍ ബുധനാഴ്ച വിവാഹിതനാകുന്നത്.
കാഞ്ഞിരപ്പളളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രാവിലെ 10.10-ന് വരനും വധുവും ഒപ്പിടുന്നതോടെ അവസാനിക്കുന്ന വിവാഹച്ചടങ്ങ്.
ലക്ഷങ്ങള്‍ മുടക്കി കല്യാണ മാമാങ്കം കൊണ്ടാടുന്നവരുടെ നാട്ടില്‍ പത്തുപേരെ മാത്രം വിളിച്ച് ഒരൊറ്റ ഒപ്പില്‍ തീരുന്ന കല്യാണമാണ് ശുഭേഷിന്റേത്. വധു കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ അസി.െപ്രാഫസറായ മുണ്ടക്കയം സ്വദേശിനി ഡോ. ജയലക്ഷ്മി രാജീവ്. താലികെട്ട് പോലെയുള്ള ചടങ്ങ് പോലും ഒഴിവാക്കിയാണ് വിവാഹം നടക്കുക. വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ അടക്കം പത്തില്‍ താഴെ അതിഥികള്‍ മാത്രമാവും ചടങ്ങില്‍ പങ്കെടുക്കുക.
പല ലളിതമായ വിവാഹങ്ങള്‍ക്കും ചെറിയ രീതിയില്‍ ഭക്ഷണം വിളമ്പുന്ന രീതിയുണ്ടെങ്കില്‍ അതും ഇവര്‍ ഒഴിവാക്കുന്നു. പങ്കെടുക്കുന്ന പത്ത് പേര്‍ക്ക് നാരങ്ങാവെള്ളവും ഒരു ലഡുവും മാത്രം കരുതും. ഇനി 10.10 എന്നത് മുന്‍കൂട്ടി തീരുമാനിച്ച സമയമെന്ന് പറയുമ്പോള്‍ മുഹൂര്‍ത്തം നോക്കിയതാണോയെന്ന് സംശയിക്കേണ്ടതില്ല. 11 മുതല്‍ ആധാരം രജിസ്റ്റര്‍ ചെയ്യാനെത്തുന്നവരുടെ തിരക്കാകും. അതുകൊണ്ട് അതിന് മുമ്പൊരു സമയം കണ്ടെത്തിയെന്ന് മാത്രം.
കോട്ടയം ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷന് അംഗമായ അഡ്വ. ശുഭേഷ് സുധാകരന് സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവും, എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. പാര്‍ട്ടിയുടെ യുവജനപ്രസ്ഥാനത്തിലൂടെ ഉയര്‍ന്ന് വന്ന നേതാവായ ശുഭേഷ് എ.ഐ.എസ്.എഫ്. മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. കൂട്ടിക്കല്‍ പൊറ്റനാനിയില്‍ വീട്ടില്‍ മുന്‍ സി.പി.ഐ. നേതാവ് പരേതനായ പി.കെ.സുധാകരനാണ് ശുഭേഷിന്റെ അച്ഛന്. മുന്‍ കൂട്ടിക്കല്‍ ഗ്രാമപ്പഞ്ചായത്തംഗം ലീലാമ്മയാണ് അമ്മ. മുണ്ടക്കയം പുത്തന്‍പുരയ്ക്കല്‍ രാജീവനും തങ്കമ്മ രാജീവനുമാണ് ജയലക്ഷ്മിയുടെ മാതാപിതാക്കള്‍.
Content Highlights: cpi leader subhesh sudhakaran wedding
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..