കെ രാജു, കെബി ഗണേഷ് കുമാർ | ഫോട്ടോ: മാതൃഭൂമി
കൊല്ലം: കെബി ഗണേഷ് കുമാറിനെതിരെ സിപിഐ. ഗണേഷ് കുമാറിന് തലക്കനമാണെന്ന് മുന്‍മന്ത്രിയും സിപിഐ നേതാവുമായ കെ രാജു പറഞ്ഞു. പത്തനാപുരത്ത് വികസന മുരടിപ്പാണ്. മന്ത്രിയായിരിക്കുന്ന കാലത്ത് പോലും പത്തനാപുരത്ത് ഗണേഷ് കുമാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. ബഫര്‍ സോണ്‍ വിഷയത്തില്‍ അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കെ രാജു പറഞ്ഞു.
അസൂയയും കുശുമ്പുമാണ് ഗണേഷ് കുമാറിന്. ഗണേഷ് കുമാറിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഐയിലെ ഒരു സംസ്ഥാന നേതാവിന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കിട്ടിയത് എന്നാണ് പലപ്പോഴും ഗണേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ കത്തുമായി പോയാല്‍ കാനം രാജേന്ദ്രന്‍ അത് ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിടും. സിപിഐയുടെ മന്ത്രിസ്ഥാനങ്ങള്‍ ഗണേഷിന്റെ ഔദാര്യമല്ലെന്നും കെ രാജു പരിഹസിച്ചു. ഗണേഷ് സിപിഐക്കെതിരേ കാനം രാജേന്ദ്രന് പരാതി നല്‍കിയാല്‍ അതും ചവറ്റുകുട്ടയില്‍ ഇടുമെന്നും കെ രാജു കൂട്ടിച്ചേര്‍ത്തു.
താന്‍ വനം മന്ത്രിയായിരിക്കെയാണ് ബഫര്‍ സോണ്‍ ഉണ്ടാക്കിയത് എന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ബഫര്‍ സോണ്‍ തീരുമാനിച്ചിട്ടുള്ളത്. അത് വനത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ്. എന്നാല്‍ ഗണേഷ് കുമാര്‍ പറയുന്നത് പത്തനാപുരം നഗരത്തില്‍ പോലും വ്യാപാരമോ നിര്‍മാണമോ നടത്താന്‍ കഴിയില്ലെന്നാണ്. അത് തെറ്റായ പ്രചാരണമാണ്. സിപിഐയും സിപിഎമ്മും നല്ല ബന്ധമാണുള്ളത്. അത് തകര്‍ക്കാനാണ് ഗണേഷ് കുമാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പത്തനാപുരത്ത് ഏറെ നാളുകളായി സിപിഐയും ഗണേഷ് കുമാറും തമ്മില്‍ പരസ്യ പോര് നടക്കുകയാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ നേരത്തെയും ഗണേഷ് കുമാറിനെതിരേ കെ രാജു രംഗത്ത് വന്നിരുന്നു. ഘടകകക്ഷിയിലിടെ ഞാഞ്ഞൂലുകളാണ് കേരള കോണ്‍ഗ്രസ് ബി എന്നും സിപിഐക്കെതിരേ പുലഭ്യം പറയാനാണ് ഗണേഷ് കുമാര്‍ പത്തനാപുരത്ത് വരുന്നതെന്നുമായിരുന്നു കെ രാജുവിന്റെ വിമര്‍ശം.
Content Highlights: cpi leader and former minister k raju slams kb ganesh kumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..