സി.പി.ഐയില്‍ നടക്കുന്നത് സി.പി.എമ്മിനെതിരായ പോര്, വിജയം കാണുമോ?


സി.സരിത്

കാനം രാജേന്ദ്രനും കെ.ഇ.ഇസ്മയിലും| ഫയൽ ഫോട്ടോ: കെ.ബി സതീഷ്‌കുമാർ, മാതൃഭൂമി

ഇവന്റ് മാനേജ്മെന്റ്. 2012-ല്‍ സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടനത്തിനു നേരെയായിരുന്നു ആ പരാമര്‍ശം. സി.കെ.ചന്ദ്രപ്പന്റെ ഈ ഒറ്റ ശരമേറ്റ് സി.പി.എം. ഒന്നുപരുങ്ങി. പതിവുവിട്ട് ഇരു കമ്യുണിസ്റ്റുപാര്‍ട്ടികളുടെയും സംസ്ഥാന സമ്മേളനം ഒരേ ദിവസങ്ങളില്‍ പ്രഖ്യാപിച്ച സാഹചര്യം. ചന്ദ്രശരത്താല്‍ സി.പി.ഐ. സമ്മേളനത്തിനും കിട്ടി പതിവില്ലാത്ത മാധ്യമ പരിഗണന. അതിനുപരിയായിരുന്നു ചന്ദ്രപ്പന്റെ പിണറായി വിമര്‍ശം. ആ ഇവന്റിനു ശേഷം 10 വര്‍ഷം കഴിഞ്ഞു. സി.പി.ഐ. വീണ്ടുമൊരു സംസ്ഥാന സമ്മേളത്തിലേക്ക് കടക്കുകയാണ്. ഇത്തവണയാകട്ടെ സമ്മേളനത്തിന് തുടങ്ങും മുമ്പുതന്നെ സാധാരണയില്‍ കവിഞ്ഞ ജനശദ്ധ പതിഞ്ഞിരിക്കുകയാണ്. വിഭാഗീയതയാണ് കാരണം. അധികാരത്തര്‍ക്കമെന്ന നിലയിലാണ് ഇത് വ്യാഖ്യാനം ചെയ്യപ്പെടുന്നത്.. എന്നാല്‍ വാസ്തവം അതാണോ?

ഇടതുപക്ഷനയങ്ങള്‍ ഓര്‍മിപ്പിച്ച് പൊതുമധ്യത്തില്‍ സി.പി.എമ്മിനെ നിരന്തരം ചോദ്യം ചെയ്യുന്ന ഒരു കാനം രാജേന്ദ്രനുണ്ടായിരുന്നു, രണ്ടു വര്‍ഷം മുമ്പു വരെ. പാര്‍ട്ടിക്കും അതീതമായി ഇടതുപക്ഷ മനസ്സുകളെ പാര്‍ട്ടിയിലേക്ക് ആകൃഷ്ടരാക്കിയാണ് കാനം മുന്നേറിയത്. നന്മ-തിന്മ ദ്വന്ദ്വങ്ങള്‍ക്കിടയിലെ ചുവന്ന പ്രകാശ കിരണം. ഇന്ദ്രനും ചന്ദ്രനും മുന്നില്‍ മുട്ടുമടയ്ക്കിയിട്ടില്ലെന്ന പിണറായിയുടെ ഉദ്‌ഘോഷണങ്ങള്‍ക്ക് മുമ്പാകെ ചരിത്രവും പ്രത്യയശാസ്ത്രവും നിരത്തി ചോദ്യം ചെയ്തു. അപ്പാഴെല്ലാം കാനത്തിന്റെ നിലപാടുകള്‍ക്ക് മുന്നില്‍ സി.പി.എമ്മും ക്യാപ്റ്റനും പരുങ്ങി. ഒരു മന്ത്രിയെ തന്നെ പിണറായിക്ക് പടിയിറക്കി വിടേണ്ടി വന്നു. നിലമ്പൂരിലെയും അട്ടപ്പാടിയിലെയും കാടുകളില്‍ മുഴങ്ങിയ വെടിയൊച്ചകള്‍ക്ക് മീതെ കാനത്തിന്റെ ശബ്ദമുയര്‍ന്നു. സര്‍ക്കാരിന്റെ നടപടിക്കെതിരേ സി.പി.ഐ. തന്നെ അന്വേഷണ കമ്മിഷനെ നിയോഗിക്കുന്ന അവസ്ഥ വരെയുണ്ടായി. യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐയാല്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ഥികള്‍, പന്തീരാങ്കാവ് യു.എ.പി.എ. കേസില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ തുടങ്ങി ഇരയുടെ പക്ഷം ആശ്രയം തേടുന്ന നായകസ്ഥാനത്തായി കാനം. അദ്ദേഹത്തിന്റെ മൗനത്തിനും മുളലിനും വരെ അനീതിക്കെതിരായ ശബ്ദതലങ്ങള്‍ കണ്ടെത്തി.
.
2020-ല്‍ സ്പ്രിങ്ക്ളര്‍ വിവാദം കൊടുമ്പിരികൊണ്ടിരിക്കെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ എം.എന്‍. സ്മാരകത്തിലെത്തി കാനവുമായി ചര്‍ച്ച നടത്തി. പിന്നീടുള്ള കാലത്ത് കേരളം കണ്ടത് പുതിയ കാനത്തെയാണ്. സ്വന്തം ഭൂതകാലത്തിന്റെ നിഴല്‍ പോലും അവശേഷിപ്പിക്കാതെ ആ കാനം എവിടെയോ അന്തര്‍ധാനം ചെയ്തിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. സി.പി.എം. സൈബര്‍ ഇടങ്ങളില്‍ ഓക്കാനം എന്ന് അധിക്ഷേപിക്കപ്പെട്ടിരുന്ന നിലയില്‍നിന്ന് ഇപ്പോള്‍ സഖാവ് കാനം എന്ന സംബോധനയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു. ഈ സാഹചര്യത്തിലാണ് വിഭാഗീയത പ്രകടമായ പ്രകിയയിലേക്ക് സി.പി.ഐ. വളര്‍ന്നത്. സി.പി.എം. പ്രതിക്കൂട്ടിലാകുന്ന പല അവസരങ്ങളിലും ന്യായീകരണവുമായി ആദ്യം തന്നെ രംഗത്തെത്തി കാനം പ്രതിരോധത്തിന് നിലമൊരുക്കി. അങ്ങനെ സി.പി.എമ്മിന്റെ ആക്ടിങ് സെക്രട്ടറിയെന്ന അധിക്ഷേപം ഏറ്റുവാങ്ങുന്ന നിലയിലേക്ക് പതിച്ചിട്ടും കാനം അടങ്ങിയില്ല. സൗമ്യതയില്‍നിന്ന് പലപ്പോഴും ധാര്‍ഷ്ട്യത്തിന്റെ മിന്നല്‍പ്പിണറായി അത് പുറത്തേക്ക് വന്നു.

അച്യുതമേനോനും ചന്ദ്രപ്പനും

വെറും ഒന്നര വര്‍ഷം കൊണ്ട് പാര്‍ട്ടിയെ പ്രതാപകാലത്തെ അസ്തിത്വത്തിലേക്ക് നയിച്ചു സി.കെ.ചന്ദ്രപ്പനെന്ന് വിശ്വസിക്കുന്ന സി.പി.ഐക്കാര്‍ വലിയ പങ്കുണ്ട്. ഒരു 'ചന്ദ്രപ്പന്‍ മനസ്സ്' പാര്‍ട്ടിക്കകത്തുണ്ട്. എ.കെ.ജിയുടെ മിച്ചഭൂമി സമരത്തെ പോലും ചന്ദ്രപ്പന്‍ ചോദ്യം ചെയ്തു. അത് വേലിചാടല്‍ സമരമാണ്. എ.കെ.ജി. നയിച്ചതുകൊണ്ട് വേലിചാടല്‍ സമരം മഹത്തായ സമരമാകില്ലെന്ന് എ.കെ.ജിയെ വിമര്‍ശനത്തിന്റെ കൂട്ടില്‍ കയറ്റി നിര്‍ത്തി. ഇനി പറഞ്ഞുകൊണ്ട് മാത്രമേ മുന്നോട്ടുപോകൂവെന്ന് സി.പി.എമ്മിന് മുന്നില്‍ നെഞ്ചുവിരിച്ചു. മുന്നണി നേതൃത്വമെന്നത് സി.പി.എം. ഒറ്റയ്ക്കല്ല, കൂട്ടായ നേതൃത്വമാണെന്ന് സി.പി.എമ്മിനെ ഓര്‍മിപ്പിച്ചു. ഒറ്റയ്ക്ക് ഒരു പ്രസ്ഥാനത്തെ നയിക്കാന്‍ ശേഷി കാണിച്ച അദ്ദേഹം കമ്യൂണിസത്തിന്റെ തന്നെ പ്രതീക്ഷയായി. കാനത്തില്‍ സി.കെ.ചന്ദ്രപ്പനെ ദര്‍ശിച്ച പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമെല്ലാം നിരാശയിലേക്ക് പതിച്ചിട്ട് രണ്ടു വര്‍ഷമായി. ആദ്യം അടക്കംപറച്ചിലുകളിലാണ് അത് പ്രവര്‍ത്തിച്ചത്. അപ്പോഴാണ് കെ-റെയിലിന്റെ ചൂളംവിളി മുഴങ്ങിയത്.

എല്‍.ഡി.എഫ്. പ്രകടനപത്രിക ചൂണ്ടിക്കാട്ടി കാനം കെ-റെയിലിന് പച്ചക്കൊടി വീശി വിമര്‍ശനങ്ങളെ നേരിട്ടതു കൂടി കണ്ടപ്പോള്‍ പലരും അമ്പരന്നു. അങ്ങനെ കെ. ദാമോദരന്‍, എന്‍.ഇ. ബാലറാം തുടങ്ങിയ സ്ഥാപകനേതാക്കളുടെ മക്കള്‍ സംഘം കെ-റെയിലിനെതിരേ രംഗത്തെത്തി. മുന്‍മുഖ്യമന്ത്രി സി. അച്യുതമേനോന്റെ സംഭാവനകള്‍ സി.പി.എമ്മിനെ ഓര്‍മിപ്പിച്ച് കാനത്തിന്റെ വിശ്വസ്തന്‍ കെ. പ്രകാശ്ബാബു പുസ്തകം പുറത്തിറക്കി. അങ്ങനെ അണിയറയില്‍ സി.പി.എമ്മിന് കീഴ്‌പ്പെടാതെ സ്വത്വം വീണ്ടെടുക്കാനുള്ള പ്രക്രിയ ഉരുത്തിരിഞ്ഞു.

സി.പി.എമ്മിന്റെ അതേ മൂര്‍ച്ഛയോടെ കോണ്‍ഗ്രസിനെതിരെ നില്‍ക്കുകയാണ് സി.പി.ഐ. ഇപ്പോൾ. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുള്ള സഞ്ചാരമെന്ന ഡാങ്കെ നിലപാടിനോട് ചേര്‍ന്നുനില്‍ക്കുന്ന കാഴ്ചപ്പാടിന്റെ സഹയാത്രികര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. അവര്‍ക്ക് ഇത് ദഹിക്കുന്നേയില്ല. പാര്‍ട്ടിയുടെ നെഞ്ചുകീറിക്കൊണ്ടുള്ള 1964-ലെ പിളര്‍പ്പ് പിന്നിട്ട അഞ്ചു പതിറ്റാണ്ടിനു ശേഷം ബാക്കിപത്രമെന്തെന്ന് അവര്‍ ചോദിക്കുന്നു. അപ്പോഴാണ് സി.പി.എമ്മിന്റെ വിധേയനായി തലകുനിക്കുന്ന കാനത്തെ കണ്ട് അവര്‍ അസ്വസ്ഥരാകുന്നത്.

ഈ സാഹചര്യത്തിലേക്കാണ് സമ്മേളനക്കാലം വാതില്‍ തുറന്നത്. അതോടെ ഇരുപക്ഷവും ഉണര്‍ന്നു. സി.പി.എമ്മിനാല്‍ അകറ്റി നിര്‍ത്തപ്പെട്ട ഇസ്മയില്‍ പക്ഷം ഇതെല്ലാം വീക്ഷിക്കുകയായിരുന്നു. നിലപാടുകളുടെ കാര്യത്തില്‍, സി.പി.ഐ.യില്‍ മറ്റൊരു സി.പി.എം. വളരുന്നുവെന്ന യാഥാര്‍ഥ്യത്തെ തടയാന്‍ അണിയറ പ്രവര്‍ത്തനം ശക്തമായി. സി.പി.എമ്മില്‍ വിരുദ്ധ ചേരിയിലായിരുന്ന വി.എസ്.അച്യുതാനന്ദനും ഇ ബാലാനന്ദനും പിണറായിക്കെതിരെ കൈകോര്‍ത്തതുപോലെ ഒരു ചേരിമാറ്റം ദൃഢമായി. ചന്ദ്രപ്പന്റെ രാഷ്ട്രീയ രീതികള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പുതിയ സാധ്യതകളുടെ കളമൊരുക്കുന്നുണ്ട്. അതിന്റെ ചൂട്ടുമേന്തി കെ.ഇ. ഇസ്മയിലും സി. ദിവാകരനും കളത്തില്‍ നേരിട്ടിറങ്ങിക്കഴിഞ്ഞു. ഇരുവരുടെയും അതിരുവിട്ട അഭിമുഖങ്ങളുടെ പശ്ചാത്തലം ഇതാണ്.

പാര്‍ട്ടിയില്‍ പിടിമുറുക്കിയ കാനംപക്ഷം ശക്തമാണ്. ഒപ്പം, ഭരണത്തിന്റെ ആസക്തിയിലും ആലസ്യത്തിലുമാണ് ഈ വിഭാഗം. മറുപക്ഷമാകട്ടെ തത്വാധിഷ്ഠിത വാദങ്ങളുമായി നിലകൊള്ളുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ നിലപാടുകളുടെ മൂല്യമാണോ മൂലധനത്തിന്റെ പ്രകടവും പരോക്ഷവുമായ വ്യവഹാരങ്ങളാണോ അതിജീവിക്കുക? തിരുവനനന്തപുരത്തെ 'ഇവന്റ്' കഴിയുമ്പോള്‍ ആരാണ് അത് മാനേജ് ചെയ്ത് മറികടക്കുകയെന്ന് രണ്ടുനാലു ദിനം കൊണ്ടറിയാം.

Content Highlights: cpi state meet, cpm


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented