തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകൾ തുറന്നുകാട്ടി സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. പാലായിൽ ജോസ് കെ. മാണി തോൽക്കാൻ കാരണം അദ്ദേഹത്തിന് ജനകീയത ഇല്ലാത്തതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നു. കുണ്ടറയിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തോറ്റത് അവരുടെ സ്വഭാവരീതി കൊണ്ടാണെന്നും അവലോകന റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ.

ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ച പാലാ മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കാനുള്ള കാരണം കേരളാ കോൺഗ്രസ് എമ്മും അവരുടെ നേതാവുമാണ്. യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോൺഗ്രസ് എമ്മിനെ ഉൾക്കൊള്ളാൻ ഇടതുപക്ഷത്തെ ഒരു വിഭാഗം തയ്യാറായില്ല.

തിരഞ്ഞെടുപ്പ് സമയത്ത് കേരളാ കോൺഗ്രസ് പ്രവർത്തകരിലും ഒരു നിസ്സംഗത ഉണ്ടായിരുന്നു. പാലായിൽ ഒരു പഞ്ചായത്ത് ഒഴികെ എല്ലായിടത്തും യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു. പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ജനകീയത എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഇല്ലാതെ പോയതും പരാജയത്തിന് കാരണമായെന്ന് കുറ്റപ്പെടുത്തലുണ്ട്.

അതേസമയം, മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിന് കാരണം അവരുടെ സ്വഭാവരീതിയാണെന്ന് റിപ്പോർട്ട് പറയുന്നു. കുണ്ടറയിൽ എൽഡിഎഫ് സ്ഥാനാത്ഥിയുടെ സ്വഭാവരീതിയെക്കുറിച്ച് വോട്ടർമാർക്കിടയിൽ രഹസ്യമായ മുറുമുറുപ്പ് ഉണ്ടായിരുന്നു. വിനയശീലനായ യുഡിഎഫ് സ്ഥാനാർത്ഥി ഇത് മുതലെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ധനമന്ത്രി കെഎൻ ബാലഗോപാൽ വിജയിച്ച കൊട്ടാരക്കരയിൽ സിപിഎമ്മിന് ചില സീറ്റ് മോഹങ്ങളും ചവിട്ടിപ്പിടിത്തവും ഉണ്ടായിരുന്നെന്നും സിപിഐ റിപ്പോർട്ടിൽ  കുറ്റപ്പെടുത്തുന്നുണ്ട്.

Content Highlights: CPI kerala assembly election analysis report