എം.എം. മണി, കെ.കെ. ശിവരാമൻ | Photo: Mathrubhumi
തൊടുപുഴ: സി.പി.ഐ. നേതാവ് ആനി രാജയ്ക്കെതിരായ എം.എം. മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്. അങ്ങേയറ്റം മോശമായ പരാമര്‍ശമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുലയാട്ടുഭാഷ അദ്ദേഹം നിരന്തരം ഉപയോഗിക്കുന്നു. അത് നാട്ടുഭാഷയാണെന്നും അദ്ദേഹം പച്ചയായ മനുഷ്യനാണെന്നുമുള്ള വ്യാഖ്യാനങ്ങള്‍ അങ്ങേയറ്റം തെറ്റാണെന്നും ശിവരാമന് അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ എതിരാളികളെക്കുറിച്ച് വര്‍ത്തമാനം പറയുമ്പോള്‍ അന്തസുള്ള ഭാഷ ഉപയോഗിക്കണം. ആ പൊതുസംസ്കാരമാണ് കേരളത്തില്‍ രൂപപ്പെട്ടിട്ടുള്ളത്. അതിനകത്ത് എല്ലാ രാഷ്ട്രീയക്കാരുടെയും സംഭാവനയുണ്ടാകും. പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയം എല്ലാക്കാലത്തും ഉന്നതമായ ഒരു സാസ്കാരികബോധം പ്രകടിപ്പിക്കുന്നതാണ് - ശിവരാമന് മാധ്യമങ്ങളോടു പ്രതികരിച്ചു.
ഇടതുപക്ഷ രാഷ്ട്രീയം സ്ത്രീപക്ഷ രാഷ്ട്രീയം കൂടിയാണെന്നും ശിവരാമന് ചൂണ്ടിക്കാട്ടി. 'നമ്മുടെ നാട്ടിലെ സ്ത്രീസമൂഹത്തിനതിരേ ഉയര്‍ന്നുവരുന്ന എല്ലാത്തരം ഹീനമായ നടപടികള്‍ക്കെതിരേയും പൊതുസമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു ജോലിയാണ് ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത്.ഇടതുപക്ഷത്തിന്റേത് സ്ത്രീപക്ഷ രാഷ്ട്രീയവുമാണ്. മനുസ്മൃതിയുടെ അനുയായികള്‍ മണിയാശാന് പറയുന്ന പോലെ പറഞ്ഞാല്‍ കുഴപ്പമില്ല. സ്ത്രീകളെ അടിമകളായി കാണുന്ന ഒരു ആശയസംഹിതയാണ് മനുസ്മൃതി. ആ മനുസ്മൃതിയുടെ പ്രചാരകനായി ഇത്തരം ഭാഷാപ്രയോഗങ്ങളിലൂടെ മണി മാറിയിട്ടുണ്ടോയെന്ന് തനിക്ക് അറിഞ്ഞുകൂട' - ശിവരാമന് കൂട്ടിച്ചേര്‍ത്തു.
എം.എം. മണി നമ്മുടെ ഭാഷയ്ക്ക് തന്നെ ഒരു നിഘണ്ടു ഉണ്ടാക്കി കൊടുത്തിട്ടുണ്ടെന്ന് പറയാം. അത് തെമ്മാടി നിഘണ്ടുവാണ്, പുലയാട്ടുഭാഷയാണ്- ശിവരാമന് വിമര്‍ശിച്ചു. അത് തിരുത്താനുള്ള ഇടപെടല്‍ സി.പി.എം. നേതൃത്വത്തില്നിന്നാണുണ്ടാവേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനി രാജയെക്കുറിച്ച് പറഞ്ഞ ആ മര്യാദകെട്ട പ്രതികരണത്തോട് സി.പി.എം. നേതൃത്വം എന്ത് നിലപാടാണ് എടുക്കുക എന്ന് വരുംദിവസങ്ങളില്‍ അറിയാന്‍ കഴിയുമെന്നും ശിവരാമന് പറഞ്ഞു.
മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താന്‍ നോക്കിയിട്ട് നടന്നില്ല - ആനി രാജ
എം.എം മണി നടത്തിയ പരാമര്‍ശത്തോട് ആനി രാജ പ്രതികരിച്ചു. മണി പറഞ്ഞ രീതിയില്‍ മറുപടി പറയാന്‍ തനിക്കാകില്ലെന്ന് അവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നവരും പ്രസ്ഥാനവുമാണ് അത് ശ്രദ്ധിക്കേണ്ടത്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താന്‍ നോക്കിയിട്ട് കഴിഞ്ഞിട്ടില്ലെന്നും ഇടതുപക്ഷ-സ്ത്രീപക്ഷ രാഷ്ട്രീയമാണ് താന്‍ ഡല്‍ഹിയില്‍ പ്രയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു.
'അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്' എന്നായിരുന്നു ആനി രാജയ്ക്കെതിരായ മണിയുടെ പരാമര്‍ശം. കെ.കെ. രമയ്ക്കെതിരേ മണി നടത്തിയ വിധവാ പരാമര്‍ശത്തില്‍ ആനി രാജ ഉള്‍പ്പെടെയുള്ള സി.പി.ഐ. നേതാക്കള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മണി.'അവര്‍ അങ്ങനെ പറയുമെന്ന്. അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്. ഡല്‍ഹിയിലാണല്ലോ ഇവിടെ കേരളത്തില്‍ അല്ലല്ലോ. കേരള നിയമസഭയില്‍ അല്ലല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം നമുക്കല്ലേ അറിയുള്ളൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനീം പറയും'- മണി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..