തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച പ്രതിമയുടെ അനാച്ഛാനദ ചടങ്ങില്‍ നിന്ന് സി.പി.ഐയെ ഒഴിവാക്കിയതില്‍ പ്രതിഷേധം. സര്‍ക്കാര്‍ പരിപാടികളില്‍ സി.പി.ഐ ജനപ്രതിനിധികളെ ഒഴിവാക്കുന്ന പതിവുശീലം ഇക്കാര്യത്തിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, മുന്‍ മന്ത്രിയും സി.പി.ഐ നേതാവായ സി ദിവാകരന്‍ എം എല്‍ എ ഉള്‍പ്പടെയുള്ള സി.പി.ഐ ജനപ്രതിനിധികളെ ബോധപൂര്‍വം ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സി.പി.ഐ പ്രസ്താവനയില്‍ പറഞ്ഞു.

1.19 കോടി രൂപ ചെലവില്‍ സാംസ്‌കാരിക വകുപ്പാണ് തിരുവനന്തപുരം ഒബ്‌സര്‍വേറ്ററി ഹില്ലില്‍ പ്രതിമ സ്ഥാപിച്ചത്. പ്രശസ്ത ശില്പി ഉണ്ണി കാനായി നിര്‍മിച്ച പ്രതിമ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുഖ്യമന്ത്രി നേരിട്ടെത്തിയാണ് ഉദ്ഘാടനം നടത്തുന്നത്. ഇതിലേക്കാണ് സി.പി.ഐയുടെ  ഒരു പ്രതിനിധികളേയും ക്ഷണിക്കാതിരുന്നത്.  

ഗുരുദേവന്‍ ഉയര്‍ത്തി പിടിച്ച ആശയങ്ങള്‍ ആധുനിക കേരളത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുളള മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രസ്ഥാനമാണ് സി.പി.ഐ യും പാര്‍ട്ടി ഉള്‍പ്പെട്ട ഗവണ്‍മെന്റുകളും. എന്നാല്‍ 
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ എമര്‍ജന്‍സി മന്ദിരത്തിന്റെയും ലൈഫ് മിഷന്‍ പദ്ധതി കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിലും ജില്ലയില്‍ വിവിധ തലങ്ങളില്‍ ജനപ്രതിനിധികള്‍ ഉണ്ടായിട്ടും സി.പി.ഐ ജനപ്രതിനിധികളെ ഉള്‍പ്പെടുത്താതെ അവഗണിക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്. ഏകപക്ഷീയമായ ഇത്തരം നിലപാടുകള്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഗുണകരമല്ലെന്നും ബന്ധപ്പെട്ടവര്‍ ഓര്‍മിക്കേണ്ടതുണ്ടെന്നും സി.പി.ഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 

മന്ത്രി എ.കെ ബാലന്റെ  അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥി കടകംപള്ളി സുരേന്ദ്രനാണ്. തിരുവനന്തപുരം മേയര്‍ കെ.ശ്രീകുമാര്‍, ശശി തരൂര്‍ എം.പി, എം.എല്‍.എമാരായ വി.എസ്  ശിവകുമാര്‍, വി.കെ  പ്രശാന്ത്, ഒ.രാജഗോപാല്‍ എന്നിവര്‍ക്കും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കറെ ക്ഷണിച്ചിരുന്നെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും  ഇല്ലെന്നാണ് സി.പി.ഐ പറയുന്നത്.