രാജയ്ക്കെതിരേ സിപിഐ കേരളഘടകം; വിമര്‍ശനം ശരിവെക്കുന്ന തരത്തില്‍ കാനത്തിന്റെ പ്രതികരണം


ബിജു പരവത്ത്

ദേശീയ നേതൃത്വത്തിനെതിരേയുണ്ടായ വിമര്‍ശനങ്ങളെ ശരിവെക്കുന്ന രീതിയിലാണ് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. നേതൃത്വത്തിനെതിരേ ഉയര്‍ന്ന വിമര്‍ശനം സ്വയം വിമര്‍ശനമാണെന്നും ആരെങ്കിലും ദുര്‍ബലരാണെന്നല്ല അതിനര്‍ഥമെന്നും അദ്ദേഹം പറഞ്ഞു.

ഡി. രാജ, കാനം രാജേന്ദ്രൻ | Photo - Mathrubhumi archives

വിജയവാഡ: സംസ്ഥാന സമ്മേളനത്തിന്റെ ഘട്ടത്തില്‍ കാനം രാജേന്ദ്രനെ പരസ്യവിമര്‍ശനത്തിന് വിട്ടുകൊടുത്തതിന്റെ തിരിച്ചടി സി.പി.ഐ. പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി ഡി. രാജയ്ക്ക് നല്‍കി കേരളഘടകം. പാര്‍ട്ടിസംവിധാനം ദുര്‍ബലമായെന്ന് സംഘടനാറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഘടനയെ ചലിപ്പിക്കാനാകാത്തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് ദേശീയനേതൃത്വം ആത്മപരിശോധന നടത്തണമെന്ന് സംഘടനാറിപ്പോര്‍ട്ടിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി പി. പ്രസാദ് പറഞ്ഞു. യുദ്ധത്തില്‍ തോറ്റാല്‍ പടനായകന്‍ തുടരുന്ന രീതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിഭാരവാഹിത്വം അലങ്കാരപദവിയല്ലെന്ന് രാജയുടെ പേരുപറയാതെ പ്രസാദ് വിമര്‍ശിച്ചു. മറ്റ് സംസ്ഥാനങ്ങളിലുള്ളവരും കേരളഘടകത്തിന്റെ പ്രവര്‍ത്തനമികവ് പരാമര്‍ശിച്ചതും ശ്രദ്ധേയമായി. എന്നാല്‍, റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടായത് പ്രവര്‍ത്തനത്തിന്റെ നേട്ടമാണെന്ന് പറയുന്നതല്ലാതെ സംസ്ഥാനഘടകത്തിന്റെ മൊത്തത്തിലുള്ള സംഘടനാനേട്ടം പറയുന്നുണ്ടായിരുന്നില്ല.

മറ്റ് സംസ്ഥാനത്തുനിന്നുള്ള പ്രതിനിധികളും ദേശീയനേതൃത്വത്തെയും സംഘടനാറിപ്പോര്‍ട്ടിലെ പോരായ്മകളെയും വിമര്‍ശിച്ചു. ദേശീയ എക്‌സിക്യുട്ടീവ് അംഗമായ കനയ്യകുമാര്‍ പാര്‍ട്ടിവിട്ടുപോയത് റിപ്പോര്‍ട്ടിലില്ല. സംഘടനയെ വിലയിരുത്തുകയല്ല, അവലോകനം നടത്തുകയാണ് ചെയ്തതെന്നായിരുന്നു ഇവര്‍ പറഞ്ഞത്. ദേശീയ നേതൃത്വത്തിനെതിരേയുണ്ടായ വിമര്‍ശനങ്ങളെ ശരിവെക്കുന്ന രീതിയിലാണ് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. നേതൃത്വത്തിനെതിരേ ഉയര്‍ന്ന വിമര്‍ശനം സ്വയം വിമര്‍ശനമാണെന്നും ആരെങ്കിലും ദുര്‍ബലരാണെന്നല്ല അതിനര്‍ഥമെന്നും അദ്ദേഹം പറഞ്ഞു.നയംമാറ്റം വിശദീകരിച്ച് സി.പി.ഐ. സഖ്യത്തിന് തടസ്സം കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍

വിജയവാഡ: ദേശീയതലത്തില്‍ പ്രതിപക്ഷസഖ്യത്തിന് കോണ്‍ഗ്രസ് തടസ്സമാണെന്ന് പാര്‍ട്ടികോണ്‍ഗ്രസില്‍ വിശദീകരിച്ച് സി.പി.ഐ. നേരത്തേ പരസ്യപ്പെടുത്തിയ കരടു രാഷ്ട്രീയനയരേഖയില്‍ കോണ്‍ഗ്രസിനോട് അടുപ്പമോ അകല്‍ച്ചയോ കാണിക്കാതെ തന്ത്രപരമായ നിലപാടാണ് സി.പി.ഐ. സ്വീകരിച്ചത്. എന്നാല്‍, കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി പ്രതിപക്ഷസഖ്യത്തിന് ശ്രമിച്ചാല്‍ പരാജയപ്പെടുമെന്നതാണ് പാര്‍ട്ടികോണ്‍ഗ്രസില്‍ അംഗങ്ങളോട് മാത്രമായി സി.പി.ഐ.യുടെ വിശദീകരണം.

പ്രാദേശികകക്ഷികളും കോണ്‍ഗ്രസും മിക്കയിടത്തും കലഹത്തിലാണ്. അത്തരമൊരു സ്ഥിതി ബി.ജെ.പി.ക്കെതിരായ പ്രതിപക്ഷസഖ്യം വളര്‍ത്തുന്നതിന് തടസ്സമാകുന്നുവെന്നാണ് സി.പി.ഐ. ചൂണ്ടിക്കാട്ടുന്നത്. പ്രാദേശികകക്ഷികളെ വിശ്വാസത്തിലെടുത്ത് ബദല്‍നീക്കം എന്ന പാര്‍ട്ടിയുടെ കരടുനയത്തിലെ നിര്‍ദേശം എന്തുകൊണ്ടാണെന്ന് പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ അവലോകനറിപ്പോര്‍ട്ടിലെ ഈ വിശദീകരണം വ്യക്തമാക്കുന്നു. ഇടതുപാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കാനും ബി.ജെ.പി.ക്കൊപ്പം കോര്‍പ്പറേറ്റുകളുമുണ്ട്. ഈ സാഹചര്യത്തില്‍ ഇടതുപാര്‍ട്ടികള്‍ സഖ്യമുണ്ടാക്കാന്‍ മുന്നിട്ടിറങ്ങിയാലും അത് വിജയിക്കില്ല.

കോണ്‍ഗ്രസിനെ സഖ്യത്തില്‍നിന്ന് മാറ്റിനിര്‍ത്തേണ്ട പാര്‍ട്ടിയാണെന്ന നിലപാട് സി.പി.ഐ. സ്വീകരിക്കുന്നില്ല. കോണ്‍ഗ്രസിനാണ് പ്രതിപക്ഷത്തെ നയിക്കാനാകുകയെന്ന കാഴ്ചപ്പാടാണ് മാറ്റിയത്. അപ്പോഴും പ്രാദേശികപാര്‍ട്ടിയുടെ താത്പര്യത്തിനനുസരിച്ചായിരിക്കും കോണ്‍ഗ്രസിന്റെ സഖ്യസാധ്യതയെന്ന സൂചനയാണ് സി.പി.ഐ. നല്‍കുന്നത്.

സംഘടനാപരമായ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം കാരണം അവര്‍ക്ക് പ്രതിപക്ഷ ഐക്യം വളര്‍ത്തിയെടുക്കാനാകില്ലെന്നാണ് കരടുരാഷ്ട്രീയപ്രമേയത്തിലുള്ളത്. നവ ഉദാരീകരണനയങ്ങള്‍തന്നെയാണ് അവര്‍ ഇപ്പോഴും പിന്തുടരുന്നത്. അവരുടെ ചര്‍ച്ചകള്‍ വലത് വ്യതിയാനമാണ്. അതില്‍ ബി.ജെ.പി.ക്കെതിരായ മുന്നണി അവരില്‍നിന്ന് തികച്ചും വ്യത്യസ്തമാകണമെന്ന നയപരമായ വിശദീകരണമാണ് കരടുപ്രമേയത്തിലൂടെ സി.പി.ഐ. പരസ്യമായി നല്‍കിയിട്ടുള്ളത്. എന്നാല്‍, കോണ്‍ഗ്രസും പ്രാദേശികപാര്‍ട്ടികളും കലഹിക്കുമ്പോള്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് സഖ്യം തകര്‍ക്കുന്നത് പ്രായോഗികമല്ലെന്നാണ് പാര്‍ട്ടി അംഗങ്ങള്‍ക്കുമാത്രമായി സി.പി.ഐ. നല്‍കിയ വിശദീകരണം.

ബി.ജെ.പി. ഇതര വോട്ടുകളെ ഒന്നിപ്പിക്കാനുള്ള പരമാവധിശ്രമമെന്ന തന്ത്രമാണ് സഖ്യത്തിലും സി.പി.ഐ. മുന്നോട്ടുവെക്കുന്നത്. ഒപ്പം, ഇടതുപാര്‍ട്ടികളുടെ പാര്‍ലമെന്ററി പങ്കാളിത്തം കൂട്ടാനുള്ള നീക്കുപോക്കിന് ഊന്നല്‍ നല്‍കണമെന്നും നിര്‍ദേശിക്കുന്നു.

കോണ്‍ഗ്രസിനെ അകറ്റുന്നതല്ല ശരിയെന്ന് കേരളഘടകം
വിജയവാഡ: ബി.ജെ.പി.ക്കെതിരായ ദേശീയ ബദലിന് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തെക്കുറിച്ച് യാഥാര്‍ഥ്യം അറിഞ്ഞുള്ള നിലപാടാണ് വേണ്ടതെന്ന് കേരളഘടകം. ദേശീയ-പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്നതും ഇന്ത്യയാകെ കണക്കിലെടുത്തുള്ളതുമായ നിലപാടാണ് ബി.ജെ.പി.ക്കെതിരായ രാഷ്ട്രീയ പോരാട്ടത്തില്‍ പാര്‍ട്ടിക്ക് വേണ്ടതെന്ന് രാഷ്ട്രീയ റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത രാജാജി മാത്യുതോമസ് പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസ് എതിര്‍പക്ഷത്താണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുതന്നെ ഈ കാര്യത്തെ പരിശോധിക്കണം. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും ഇന്ത്യയാകെ ബി.ജെ.പി.ക്കെതിരേയുള്ള വോട്ട് സമാഹരിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാഷ്ട്രീയ ബദലിന്റെ ഉള്ളടക്കവും സ്വഭാവവും സംബന്ധിച്ച് പ്രമേയത്തില്‍ കൃത്യത വരുത്തണമെന്ന് രാജാജി ചൂണ്ടിക്കാട്ടി.

'യുവത്വം വേണം'

വി.ടി. സന്തോഷ്‌കുമാര്‍

വിജയവാഡ: സംഘടനയെ ചെറുപ്പമാക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള മാര്‍ഗങ്ങളെപ്പറ്റി സി.പി.ഐ. പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങി. പാര്‍ട്ടിനേതൃത്വത്തില്‍ യുവത്വത്തിന് പ്രാമുഖ്യം ലഭിക്കണമെന്ന നിര്‍ദേശത്തെ പ്രതിനിധികള്‍ സ്വാഗതംചെയ്തതായും ഇതുസംബന്ധിച്ച് ക്രിയാത്മക നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായും ദേശീയ സെക്രട്ടേറിയറ്റ് അംഗം അമര്‍ജീത് കൗര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാര്‍ട്ടി വൃദ്ധാധിപത്യത്തിന്റെ ദുരവസ്ഥ പേറുകയാണെന്ന വിമര്‍ശനം ശനിയാഴ്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം നേതൃത്വത്തില്‍ ഉറപ്പാക്കേണ്ടതുണ്ടെന്ന നിര്‍ദേശവും റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചിരുന്നു. ഇതിനുള്ള നിര്‍ദേശങ്ങളാണ് ചര്‍ച്ചയില്‍ പ്രതിനിധികള്‍ പ്രധാനമായും മുന്നോട്ടുവെച്ചത്.

പാര്‍ട്ടി ഘടകങ്ങളിലെ ഭാരവാഹിത്വത്തിനും ദേശീയ നിര്‍വാഹകസമിതികളിലെ അംഗത്വത്തിനും പ്രായപരിധി നിശ്ചയിക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം സമ്മേളനത്തില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. അടുത്തദിവസം അതുണ്ടാവുമെന്നും പ്രായപരിധിയില്‍ ആര്‍ക്കും ഇളവുനല്‍കില്ലെന്നും നേതാക്കള്‍ സൂചിപ്പിച്ചു. എന്നാല്‍, പ്രായപരിധി കഴിഞ്ഞയാള്‍ തത്സ്ഥാനത്ത് തുടരണമെന്ന് സവിശേഷസാഹചര്യങ്ങളില്‍, ഏതെങ്കിലും ഘടകം നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ആവശ്യപ്പെട്ടാല്‍ അത് അനുവദിക്കാനുള്ള വകുപ്പ് ഉള്‍പ്പെടുത്തും.

സംഘടനാ റിപ്പോര്‍ട്ടിലെയും കരട് രാഷ്ട്രീയപ്രമേയത്തിലെയും രാഷ്ട്രീയവിശകലന റിപ്പോര്‍ട്ടിലെയും ഉള്ളടക്കത്തോട് പ്രതിനിധികള്‍ പൊതുവേ യോജിച്ചതായി അമര്‍ജീത് കൗര്‍ പറഞ്ഞു. എന്നാല്‍, ചില കൂട്ടിച്ചേര്‍ക്കലുകള്‍ നിര്‍ദേശിച്ചു. ഇതിനകം 25 ഭേദഗതി നിര്‍ദേശങ്ങള്‍ ലഭിച്ചുകഴിഞ്ഞു എന്നാണ് അറിയുന്നത്. ജനവിരുദ്ധ സാമ്പത്തികനയം ഉപേക്ഷിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാമ്പത്തികനയത്തിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താനും തീരുമാനിച്ചു. ആന്ധ്രാപ്രദേശിന് മൂന്നു തലസ്ഥാനങ്ങള്‍ വെക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അമരാവതിയെ ഏകതലസ്ഥാനമായി വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

17 രാജ്യങ്ങളില്‍നിന്നെത്തിയ പ്രതിനിധികള്‍ സംസാരിച്ചു. ഇന്ത്യയിലെ ഭരണത്തലവന്‍മാര്‍ നടത്തുന്ന ചില പരാമര്‍ശങ്ങള്‍ ബംഗ്ലാദേശിന്റെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഹമ്മദ് ഷാ ആലമും വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശിന്റെ ഇനാമുല്‍ ഹഖ് അലി അഹമ്മദും ചൂണ്ടിക്കാണിച്ചു.


Content Highlights: CPI D Raja Kanam Rajendran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented