ഫ്ളെക്‌സ് ബോർഡിൽ കരി ഓയിൽ ഒഴിച്ചനിലയിൽ
തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ പെരിങ്ങര ഡിവിഷൻ അംഗം സി.കെ. അനുവിന് അഭിനന്ദനങ്ങൾ രേഖപ്പെടുത്തി സ്ഥാപിച്ച ഫ്ളെക്‌സ് ബോർഡിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കരി ഓയിൽ ഒഴിച്ചെന്ന് ആരോപണം. ബോർഡിൽ അനുവിന്റെ ചിത്രത്തിന് മുകളിലാണ് കരി ഓയിൽ ഒഴിച്ചത്. ബ്ലോക്ക് പഞ്ചായത്തിലെ സി.പി.ഐ.യുടെ പ്രതിനിധിയാണ് സി.കെ. അനു. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ ഓട്ടോറിക്ഷയിൽ എത്തിയാണ് ഓയിലൊഴിച്ചതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കാരയ്ക്കൽ പബ്ലിക് ലൈബ്രറിക്ക് ചുറ്റുമതിൽ കെട്ടാൻ ആറുലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തുവഴി അനു ഇടപെട്ട് അനുവദിച്ചിരുന്നു. ലൈബ്രറി ഭാരവാഹികൾ കഴിഞ്ഞ 11-ന് അനുവിനെ അഭിനന്ദിച്ച് വായനശാലയ്ക്ക് സമീപംവെച്ച ബോർഡിൽ 19-ന് രാത്രിയിലാണ് കരിഓയിൽ ഒഴിച്ചത്. സമീപത്തെ വീടുകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ വായനശാലാ ഭാരവാഹികളും അനുവും ചേർന്ന് പരിശോധിച്ചു. രാത്രി 9.15-ന് ഓട്ടോറിക്ഷയിലെത്തിയ ആളാണ് കരി ഓയിൽ ഒഴിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
ഈ ഓട്ടോറിക്ഷ പെരിങ്ങര പഞ്ചായത്തിലെ സി.പി.എമ്മിന്റെ ഒരു ബ്രാഞ്ച് സെക്രട്ടറിയുടേതാണ്. ഇയാൾ ഓട്ടോ ഡ്രൈവറുമാണ്. വായനശാലാ സെക്രട്ടറി പോലീസിൽ പരാതി നൽകി. എന്താണ് പ്രകോപനമെന്ന് അറിയില്ലെന്ന് അനു പ്രതികരിച്ചു. ആരോപണവിധേയനായ ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും ഇയാൾ ആരോപണം നിഷേധിച്ചു. ദൃശ്യങ്ങൾ കൂടുതൽ പരിശോധിച്ചശേഷം തുടർനടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: cpi allegations against cpm branch secretary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..