കോഴിക്കോട്: മൂന്നാര്‍ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ വിമര്‍ശിക്കുന്ന സി.പി.എം നേതാവിന് ബുദ്ധിഭ്രമമാണെന്നും വാക്കുകള്‍ മാഫിയകളില്‍ നിന്നും കടമെടുത്തതാണെന്നും സി.പി.ഐ മുഖപത്രമായ ജനയുഗം. കയ്യേറ്റക്കാരെ മുഖം നോക്കാതെ ഒഴിപ്പിക്കുന്ന റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിലപാടിനെ കേരളീയ പൊതുസമൂഹം മുക്തകണ്ഠം പ്രശംസിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഒരു നേതാവ് ഇങ്ങനെ അഭിപ്രായപ്പെടുന്നത്. ഇതിനെ ബുദ്ധിഭ്രമമെന്നേ പറയാന്‍ കഴിയൂവെന്നും ഭൂ-ഭവനരഹിതര്‍ക്ക് മൂന്നേക്കര്‍ ഭൂമി, മൂന്ന് നില വീട് എന്ന തലക്കെട്ടോട് കൂടിയ ലേഖനത്തില്‍ ജനയുഗം ചൂണ്ടിക്കാട്ടുന്നു.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച പ്രകടനപത്രിക നടപ്പാക്കാന്‍ ചുരുക്കത്തില്‍ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിനിടെയാണ് മാഫിയാപറ്റങ്ങള്‍ നൂല്‍പ്പാലം മുറിച്ച് കളയാന്‍ നോക്കുന്നത്. ഭൂമായികള്‍ക്കും റിസോര്‍ട്ട് ലോബിക്കും ചൂട്ടുവെട്ടം തെളിക്കുന്ന ചിലര്‍ തങ്ങളും ഇടതുപക്ഷമാണെന്ന് പ്രഖ്യാപിക്കുകയാണെന്നും മൂന്നാറില്‍ അതാണ് സംഭവിക്കന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് വരുന്ന ദേവികളും സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനുമെതിരെ കഴിഞ്ഞദിവസം സി.പി.എം ദേവികുളം എം.എല്‍.എ കൂടിയായ എസ്.രജേന്ദ്രന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. സബ് കലക്ടറെ സംരക്ഷിക്കുന്ന റവന്യൂമന്ത്രി ബുദ്ധിയില്ലാത്തവനാണെന്നും നിലപാടെടുക്കുമ്പോള്‍ പക്വത കാണിക്കണമെന്നുമായിരുന്നു എസ്.രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞത്. കൂടാതെ പ്രദേശത്തെ പ്രശ്‌നങ്ങള്‍ പഠിക്കാതെയുള്ള മണ്ടന്‍ തീരുമാനമാണ് നിയമസഭാ സമിതിയുടേതെന്നും രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിനെതിയാണ് ലേഖനത്തിലൂടെ ശക്തമായി തിരിച്ചടിച്ച് കൊണ്ട് ജനയുഗം രംഗത്തെത്തിയിരിക്കുന്നത്.