തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശം. രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലാണ് പ്രതിനിധികള്‍ സ്വന്തം മന്ത്രമാര്‍ക്കെതിരെ ആഞ്ഞടിച്ചത്.

മാധ്യമങ്ങള്‍ക്കുമുന്നില്‍ ഉറഞ്ഞാടിയ സുനില്‍കുമാര്‍ എവിടെയെന്ന് പ്രതിനിധികള്‍ ചോദിച്ചു. കാറ്റഴിച്ചുവിട്ട ബലൂണ്‍പോലെയാണ് സുനില്‍ കുമാറിന്റെ പ്രവര്‍ത്തനം. കൃഷിവകുപ്പിന്റെ പ്രവര്‍ത്തനം മാതൃകാപരമായി കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.

റെവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെതിരെയും വിമര്‍ശം ഉയര്‍ന്നു. റെവന്യൂ വകുപ്പിന്റെ കടിഞ്ഞാണ്‍ മുഖ്യമന്ത്രിയുടെ കൈവശമാണെന്ന വിമര്‍ശമാണ് പ്രധാനമായി ഉയര്‍ന്നത്. ഓഖി ദുരന്ത സമയത്ത് ഇ ചന്ദ്രശേഖരന്‍ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതിരുന്നത് മുഖ്യമന്ത്രിയുടെ ഉപദേശം സ്വീകരിച്ചാണ്. ഭക്ഷ്യ വകുപ്പിന് പി തിലോത്തമന്‍ അപമാനമാണ്.

വനം വകുപ്പില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും പ്രതിനിധികള്‍ ആരോപിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശം ഉയര്‍ന്നു.