വി.എസ്. അച്യുതാനന്ദൻ, സി.പി. സുധാകരപ്രസാദ്| Photo: Mathrubhumi
കൊച്ചി: വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും- എന്നും സമാന്തരമായി യാത്രചെയ്ത ഈ രണ്ട് നേതാക്കള്‍ മുഖ്യമന്ത്രിയായിരിക്കെ അഡ്വക്കേറ്റ് ജനറല്‍ പദവി വഹിച്ചപ്പോള്‍ നേരിട്ട ഏറ്റവുംവലിയ വെല്ലുവിളി എന്തായിരുന്നുവെന്ന ചോദ്യത്തിന് 'ലാവ്ലിൻ കേസ്' എന്ന മറുപടിനല്കാന് സി.പി. സുധാകര പ്രസാദ് രണ്ടുവട്ടം ആലോചിക്കുമായിരുന്നില്ല. ലാവ്ലിൻ കേസില്‍ തെറ്റായി ഒന്നുമില്ലെന്നും പിണറായി ചെയ്തതെല്ലാം ശരിയാണെന്നുമുള്ള അഭിപ്രായമായിരുന്നു ആദ്യംമുതല്‍ അദ്ദേഹം സ്വീകരിച്ചത്.
എന്നാല്‍, കേസില്‍ വി.എസിന്റെ ധാരണ മറിച്ചായിരുന്നതിനാല് സംഘര്‍ഷങ്ങള്‍ പതിവായിരുന്നുവെന്നും അദ്ദേഹം ഓര്‍മിക്കുമായിരുന്നു. ഒരുഘട്ടത്തില്‍ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനംവരെ പോകാമെന്ന അവസ്ഥയുണ്ടായിരുന്നു. കേസിന്റെ യാഥാര്‍ഥ്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതില്നിന്നായിരുന്നു തന്റെ നിലപാടെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
90 ശതമാനമായിരുന്നു അന്ന് പവര്‍ കട്ട്. എസ്.എന്‍.സി. ലാവ്ലിനുമായി കരാറുണ്ടാക്കിയത് മന്ത്രിയായിരുന്ന കാര്‍ത്തികേയനായിരുന്നു. ആ കണ്‍സള്‍ട്ടന്‍സി എഗ്രിമെന്റ് പിണറായി തുടരുകയായിരുന്നു. ജനപ്രതിനിധിയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് പിണറായി കാണിച്ചതെന്നായിരുന്നു തന്റെ ബോധ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വി.എസിനോടും അത് തുറന്നുപറഞ്ഞിരുന്നു. പക്ഷേ, വി.എസ്. അപ്പോളൊക്കെ എതിരായി പറയും. എന്നെല്ലാം ലാവ്ലിൻ കേസ് താന്‍ കൈകാര്യംചെയ്തിട്ടുണ്ടോ, അന്നെല്ലാം ഒരാഴ്ചത്തേക്ക് വി.എസ്. പിണക്കത്തിലാകുമായിരുന്നുവെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. ലാവ്ലിൻ കേസില്‍ പിണറായിക്കെതിരേ ക്രിമിനല്‍ക്കേസെടുക്കാന്‍ കഴിയില്ലെന്ന നിയമോപദേശം നല്കിയപ്പോള് വലിയ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, ആ നിയമോപദേശം ശരിവെച്ചുകൊണ്ടാണ് ജില്ലാ കോടതിയും ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നും അദ്ദേഹം അഭിമാനത്തോടെ പറയുമായിരുന്നു.
10 വര്‍ഷം അഡ്വക്കേറ്റ് ജനറല്‍ പദവി വഹിക്കാന്‍ കഴിഞ്ഞ ഏക അഭിഭാഷകനാണ് സി.പി. സുധാകര പ്രസാദ്. കാബിനറ്റ് റാങ്കുള്ള ആദ്യത്തെ അഡ്വക്കേറ്റ് ജനറലുമായിരുന്നു അദ്ദേഹം. ചിറയിന്‍കീഴ് ചാവര്‍കോട് 1940 ജൂലായ് 24-ന് ജനിച്ച അദ്ദേഹം 1964-ല്‍ തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബി.എല്‍. ബിരുദം നേടി, കൊല്ലത്താണ് പ്രാക്ടീസ് തുടങ്ങിയത്. 1965-ല്‍ പി. സുബ്രഹ്മണ്യംപോറ്റിയെന്ന അതിപ്രശസ്തനായ അഭിഭാഷകന്റെ ജൂനിയറായി ഹൈക്കോടതിയിലേക്ക് പ്രാക്ടീസ് മാറ്റിയതോടെയാണ് അഭിഭാഷകന് എന്നനിലയില്‍ ശ്രദ്ധേയനാകുന്നത്.
പേര്ഷ്യന്കുടയുമായി എത്തിയ കക്ഷി
1970-ല്‍ കേരളത്തില്‍ ഭൂപരിഷ്കരണം നടപ്പാക്കിയ കാലം. കുടികിടപ്പുഭൂമിയില്‍ നിന്ന് കുടിയാന്മാരെ ഒഴിവാക്കാനായി ജന്മിമാര് എല്ലാ വഴികളും തേടുകയാണ്. വക്കത്ത് കായല്വിളമ്പില് താമസിക്കുന്ന വിധവയെ ജന്മി ഇറക്കിവിട്ടു. വക്കം കുടികിടപ്പ് സംഘം നിയമസഹായത്തിനായി സമീപിച്ചു. സിംഗിള്‍ബെഞ്ചിന്റെ വിധി ജന്മിക്ക് അനുകൂലമായിരുന്നു. അപ്പീല്‍ നല്കാന് വിധവയ്ക്കോ കുടികിടപ്പ് സംഘത്തിനോ പണമുണ്ടായിരുന്നില്ല. സ്വന്തംകൈയില്‍നിന്ന് ഫീസ് അടച്ച് ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ നല്കി. വിധി വിധവയായ ആ വീട്ടമ്മയ്ക്ക് അനുകൂലമായിരുന്നു. സ്വന്തം മക്കളോടൊപ്പം പേര്ഷ്യന്കുട സമ്മാനമായി നല്കാന് അവര്‍ എത്തിയത് ഇപ്പോഴും കണ്മുന്നിലുണ്ടെന്ന് അദ്ദേഹം എന്നും ഓര്‍ക്കുമായിരുന്നു.
സര്‍ക്കാര്‍ എതിര്‍പ്പില്‍ ജസ്റ്റിസ് പദവി നഷ്ടമായി
1983-ല്‍ 43-ാം വയസ്സില്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ അദ്ദേഹത്തെ ശുപാര്‍ശ ചെയ്തിരുന്നു. പി. സുബ്രഹ്മണ്യം പോറ്റി ചീഫ് ജസ്റ്റിസായിരിക്കുമ്പോഴായിരുന്നു അത്. എന്നാല്‍, അന്നത്തെ സര്‍ക്കാരിന്റെ എതിര്‍പ്പില്‍ അദ്ദേഹത്തിന്റെ നിയമനം തടസ്സപ്പെടുകയായിരുന്നു.
ഹൈക്കോടതിയില്‍ അഭിഭാഷകനായി വര്‍ഷങ്ങളുടെ പ്രാക്ടീസ് ഉണ്ടായിരുന്നെങ്കിലും ഒരിക്കലും സര്‍ക്കാര്‍ അഭിഭാഷകനായിരുന്നിട്ടില്ല. എന്നാല്‍, വി.എസ്. സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറല്‍ പദവിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. വി.എസ്. ആണോ, പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി ആയിരുന്നോ അന്ന് ആദ്യം വിളിച്ചതെന്ന് ഓര്‍ക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പിന്നീട് പറഞ്ഞത്. എന്നാല്‍, രണ്ടാം തവണ പിണറായി നേരിട്ട് തന്നെ ക്ഷണിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു
Content Highlights: cp sudhakara prasad vs achuthanandan lavlin case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..