സി.പി നായർ ഫോട്ടോ| ജി. ശിവപ്രസാദ് മാതൃഭൂമി
പ്രശസ്ത നാടകകൃത്തും ഹാസ്യസാഹിത്യകാരനുമായ എന്‍.പി. ചെല്ലപ്പന് നായരുടെ മകനായി ജനിച്ച സി.പി. നായര്‍ക്ക് സാഹിത്യത്തോടായിരുനനു പ്രിയം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. പാസ്സായ നായര്‍ സിവില്‍ സര്‍വീസിലേക്കു വന്നത് അച്ഛന്റെ നിര്‍ബന്ധം കാരണമായിരുന്നു. തിരുവിതാംകൂര്‍ സിവില്‍ സര്‍വീസില്‍ വളരെ സീനിയറായിരുന്ന അദ്ദേഹത്തിന് ഐ.എ.എസ്. 'കണ്‍ഫെര്‍'ച്ചെയ്യുമെന്ന് ഏതാണ്ടുറപ്പായിരുന്നു. പക്ഷെ തിരു-കൊച്ചി ലയനത്തോടെ സര്‍വീസില്‍ മാറ്റം വന്നപ്പോള്‍ അച്ഛന് വളരെ ജൂനിയറായി. തനിക്ക് കിട്ടാതെ പോയത് മകന് കിട്ടണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. ഏറെ തടസ്സം പറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല. ഒടുവില്‍ എ.എ.എസ് ആദ്യചാന്‍സില്‍ കേരളത്തില്‍ ഒന്നാമനായി പാസ്സായി.
62ല്‍ ആലപ്പുഴയിലെ പ്രൊബേഷനറി അസിസ്റ്റന്റ് കലക്ടറായിട്ടായിരുന്നു ആദ്യനിയമനം. പിന്നീട് സ്വതന്ത്ര്യ ചുമതലയുള്ള സബ് കലക്ടറായപ്പോഠം ഒറ്റപ്പാലം ചോദിച്ചുവാങ്ങി. എം.ടി.വാസുദേവന്‍ നായര്‍, പി. കുഞ്ഞിരാമന് നായര്‍ എന്നിവരോടും അവരുടെ കൃതികളിലുള്ള വള്ളുവനാടന്‍ ഗ്രാമീണതയോടും തോന്നിയ പ്രണയമായിരുന്നു കാരണം. ആ പ്രേമം ഇന്നും തീര്‍ന്നിട്ടില്ല. മഹാകവി പി.യുടെ കവിതകള്‍ വായിച്ച് പലപ്പോഴും കരഞ്ഞിട്ടുണ്ട്. എപ്പോഴും താനൊരു റൊമാന്റിക് ' ആണെന്നും സി.പി നായര്‍ പറഞ്ഞിരുന്നു.
തിരുവനന്തപൂരം ജില്ലാകലക്ടര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍, കൊച്ചി തൃറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്മാന്, നികുതി- തൊഴില്‍- ആഭ്യന്തര വകുപ്പ് സെക്രട്ടറി, റവന്യു ബോര്‍ഡ് നികുതി വിഭാഗത്തിന്റെ ചുമതലയോടെ ഒന്നാം മെമ്പര്‍ തുടങ്ങി നിരവധി പദവികള്‍ 1986ല്‍ ആസൂത്രണവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായെത്തിയ സി.പി. നായര്‍ പിന്നീട് വിരമിക്കുന്നത് വരെ അഞ്ച് കൊല്ലമേ സെക്രട്ടേറിയറ്റ് വിട്ടിട്ടുള്ളൂ. ഒരുവര്‍ഷം ലണ്ടനില്‍ പഠനത്തിനായി പോയപ്പോള്‍ (1972). 1974 മുതല്‍ 78 വരെ കേന്ദ്രസര്‍ക്കാരിന്റെ ഡെപ്യൂട്ടേഷനില്‍ കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാനായപ്പോള്‍. സര്‍വീസ് കാലത്തിനിടെ ഏറ്റവും മനപ്രയാസം തോന്നിയത് 1991 മുതല്‍ '95 വരെ ആഭ്യന്തരവകുപ്പ് സെക്രട്ടറിയായപ്പോഴാണെന്നും സി.പി നായര്‍ പറഞ്ഞിട്ടുണ്ട്. അത് ശരിക്കും ഒരു മുള്മെത്തയായിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണം ലഭിച്ചില്ല. പലരും ശത്രുതയോടെ പെരുമാറി. മുഖ്യമന്ത്രിയുടെ പൂര്‍ണപിന്തുണ സി.പിക്ക് ആശ്വാസമായിരുന്നു.
ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ വിവിധ സര്‍ക്കാരുകളില്‍ നിര്‍ണായകമായ സ്ഥാനങ്ങളില്‍ സി.പി നായര്‍ കഴിവ് തെളിയിച്ചു. കേരളം കണ്ട ഏറ്റവും മികച്ച ഭരണതന്ത്രജ്ഞന്മാരില് ഒരാളായ സി.പി നായര്‍ തന്റെ അഴിമതി വിരുദ്ധ നിലപാടുകളിലൂടെയും ശ്രദ്ധേയനായി. 1998 ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചെങ്കിലും തന്റെ കര്‍മ്മ മേഖലകളില്‍ അദ്ദേഹം തുടര്‍ന്നു. പിന്നീടും കേരളത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളെല്ലാം സി.പി നായരുടെ അനുഭവ പരിചയവും അറിവും പല രീതിയില്‍ ഉപയോഗപ്പെടുത്തി. ഇടത് വലത് വ്യത്യാസമില്ലാതെ മന്ത്രിമാര്‍ അദ്ദേഹത്തിന്റെ വിമര്ശനത്തിന്ററെ ചൂടും അറിഞ്ഞിരുന്നു. ഈ തിരക്കുകള്‍ക്കിടയിലും എഴുത്തിനെ കൈവിടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എട്ടിലധികം നര്‍മ്മലേഖന സമാഹാരങ്ങളും മറ്റ് പുസ്തകങ്ങളും പ്രസിദ്ധപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വരെ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ചില വാരികകളില്‍ വന്നിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വി.എസ് വി.എസ് അച്യുതാനന്ദന് ചെയര്‍മാനായി ഭരണപരിഷ്കാര കമ്മീഷന് രൂപീകരിച്ചപ്പോള്‍ കമ്മീഷന് അംഗമായി സി.പി നായരെ നിയമിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ അനുഭവ പരിചയവും അറിവും തന്നെയായിരുന്നു. എന്നാല്‍ വിമര്‍ശിക്കേണ്ട സമയത്ത് വിമര്‍ശിക്കാന്‍ സി.പി നായര്‍ക്ക് ഒരു മടിയുമില്ലായിരുന്നു. കമ്മീഷന്റെ പരിഗണനാ വിഷയമായിരുന്ന കെ.എ.എസ് സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പിലാക്കിയതിനെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. ഭരണപരിഷ്കാര കമ്മീഷനെ സര്‍ക്കാര്‍ മൂലക്കിരുത്തിയെന്ന അദ്ദേഹത്തിന്റെ ആരോപണം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. അതായിരുന്നു. സി.പി നായര്‍. അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ കേരളത്തിന് നഷ്ടമാകുന്നത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഭരണതന്ത്രജ്ഞന്മാരില് ഒരാളെയും ജനപക്ഷത്ത് നിന്ന ഒരു ഉദ്യോഗസ്ഥനെയുമാണ്.
Content Highlights: Former Chief Secretary CP Nair passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..