മലപ്പുറം: വയനാട് വൈത്തിരിയില്‍ മാവോവാദി സി.പി. ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ തന്നെയെന്ന അവകാശവാദവുമായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഐ(എം.എല്‍) പശ്ചിമഘട്ട മേഖലാ സമിതി, കേന്ദ്ര കമ്മറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പോലീസ് പുറത്തുവിട്ടു. തിരിച്ചടിക്ക് പതിനൊന്നു കാരണങ്ങള്‍ നിരത്തുന്ന റിപ്പോര്‍ട്ടില്‍ പോലീസിനു നേരെ വെടിവച്ചതിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിനു ലഭിച്ചു. 

കഴിഞ്ഞ മാര്‍ച്ച് ആറിന് വയനാട് വൈത്തിരി ഉപവന്‍ റിസോര്‍ട്ടിനു സമീപം നടന്ന ഏറ്റുമുട്ടലിലാണ് മലപ്പുറം സ്വദേശി സി.പി. ജലീല്‍ കൊല്ലപ്പെട്ടത്. നടന്നത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, അന്നത്തേത് ഏറ്റുമുട്ടല്‍ തന്നെയാണെന്ന് മാവോവാദികള്‍ അംഗീകരിക്കുന്നുവെന്ന് അവകാശപ്പെട്ടു കൊണ്ടാണ് കേരളാ പോലീസ് ഈ രേഖ പുറത്തുവിട്ടിരിക്കുന്നത്. 

വൈത്തിരിയിലെ ഏറ്റുമുട്ടലിനു ശേഷം പശ്ചിമഘട്ട സമിതി, കേന്ദ്രസമിതിക്ക് അയച്ച റിപ്പോര്‍ട്ട് ആണിത്. ഏറ്റുമുട്ടല്‍ അവലോകനം ചെയ്തുകൊണ്ടുള്ളതാണ് ഈ റിപ്പോര്‍ട്ട്. തിരിച്ചടിയുണ്ടാകാനുള്ള പതിനൊന്നു കാരണങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവെന്നും ജാഗ്രതക്കുറവാണ് സംഭവത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന റോഡിന് അരികിലുള്ള റിസോര്‍ട്ടിലേക്ക് പോകുമ്പോള്‍ മതിയായ മുന്‍കരുതല്‍ എടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സംഘം കാവല്‍ക്കാരനെ നിയോഗിച്ചതില്‍ തെറ്റുപറ്റി. അപകടം മനസ്സിലാക്കുന്നതില്‍ കമാന്‍ഡര്‍ക്ക് വീഴ്ച പറ്റി. പോലീസ് എത്തിയ സമയത്ത് അലക്ഷ്യമായി വെടിവെച്ച് മറ്റ് സംഘാംഗങ്ങളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കണമായിരുന്നു. ഇതിന് സംഘം ശ്രമിച്ചില്ലെന്ന സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.  

അതേസമയം പോലീസ് പുറത്തുവിട്ട രേഖ, വേഡ് ഡോക്യുമെന്റാണ്. കൈപ്പടയിലുള്ളതല്ല. ഈ രേഖയില്‍ ആരുടെയും ഒപ്പുമില്ല. മഞ്ചക്കണ്ടിയില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് മാവോവാദികളുടെ ഒരു ലാപ് ടോപ് കിട്ടിയിരുന്നു. ഈ ലാപ്‌ടോപ്പില്‍നിന്ന് വിവരങ്ങള്‍ വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. ഈ ലാപ്‌ടോപ്പില്‍നിന്നാണ് രേഖ കിട്ടിയതെന്നാണ് പോലീസ് പറയുന്നത്. തണ്ടര്‍ ബോള്‍ട്ട് സംഘമാണ് രേഖ പുറത്തുവിട്ടത്. 

content highlights: cp jaleel was killed in encounter police releases documents