തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കശാപ്പ് നിയന്ത്രണത്തെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ നീക്കം. കേന്ദ്രവിജ്ഞാപനത്തിന് സമാന്തരമായി നിയമനിര്‍മ്മാണം നടത്തുന്നതിന് പകരം നിയമപ്പോരാട്ടം നടത്തുവാനാണ് സര്‍ക്കാരിന്റെ തീരുമാനം.
നിയമവകുപ്പും നിയമവിദഗ്ദ്ധരും കൂടിയാലോചിച്ച ശേഷമായിരിക്കും വിജ്ഞാപനത്തിനെതിരായ ഹര്‍ജി ഹൈക്കോടതിയിലാണോ സുപ്രീംകോടതിയിലാണോ സമര്‍പ്പിക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാക്കുക.
കശാപ്പ് നിയന്ത്രണം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും ഇതിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല ഈ സാഹചര്യത്തിലാണ് അടുത്ത ഘട്ട നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.
കശാപ്പ് നിയന്ത്രണത്തിനെതിരായ തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. നിയന്ത്രണത്തിനെതിരെ പ്രത്യേക നിയമസഭായോഗം വിളിച്ചു പ്രമേയം പാസ്സാക്കുവാനും സര്‍ക്കാര്‍ ആലോച്ചിക്കുന്നുണ്ട്. നാളെത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.
സഭയില്‍ ഒരു ബിജെപി എംഎല്‍എ ഉള്ളതിനാല്‍ ഏകകണ്ഠമായി പ്രമേയം പാസ്സാക്കാനാവില്ലെങ്കിലും കശാപ്പ് നിയന്ത്രണത്തിനെതിരായ പോരാട്ടത്തില്‍ പ്രധാന പ്രതിപക്ഷമായ യുഡിഎഫിന്റെ പിന്തുണ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
കശാപ്പ് നിയന്ത്രണത്തോടനുബന്ധിച്ചുണ്ടായ വിവാദങ്ങളില്‍ കേരളത്തിന്റേയും മുഖ്യമന്ത്രിയുടേയും പ്രതിഷേധം ദേശീയതലത്തില്‍ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.
ഈ വിഷയത്തില്‍ ദേശീയ നേതാക്കള്‍ക്കും മുന്‍പേ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതികരണവുമായി ആദ്യം മുന്‍പോട്ട് വന്നത്.
കേരളത്തിന്റെ പ്രതിഷേധസമരം ബഹദൂരം മുന്‍പോട്ട് പോയ ശേഷമാണ് കര്‍ണാടക, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ കശാപ്പ് നിയന്ത്രണത്തിനെതിരെ രംഗത്ത് വരാനാരംഭിച്ചത്.
തുടക്കത്തില്‍ ലഭിച്ച ഈ മേല്‍ക്കൈ കളയാതെ മുന്നോട്ട് പോകാനും അതുവഴി ഫലത്തില്‍ ബിജെപി സര്‍ക്കാരിന് എതിരായി മാറുന്ന പ്രതിഷേധസമരത്തിന് നേത്യസ്ഥാനം വഹിക്കാനുമാണ് സര്‍ക്കാരും സിപിഎമ്മും ആഗ്രഹിക്കുന്നത്.