കോവിഡ് മുക്തനായതിനു പിന്നാലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത വട്ടിയൂർക്കാവ് സ്വദേശി.Screengrab: Mathrubhumi news
തിരുവനന്തപുരം : ചികിത്സയ്ക്കിടെ തന്റെ കൈകള്‍ ആശുപത്രി അധികൃതര്‍ കെട്ടിയിട്ടിരുന്നുവെന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ ശരീരം പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാര്‍. തന്നെ ആരും തിരിഞ്ഞ് നോക്കിയിരുന്നില്ലെന്നും മാതൃഭൂമി ന്യൂസിനോട് അദ്ദേഹം പറഞ്ഞു.
ജോലി കഴിഞ്ഞ് തെന്നി വീണ് പരിക്കേറ്റിട്ടായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞു. പത്ത് ദിവസത്തേക്കുള്ള സാധനങ്ങള്‍ വാങ്ങിച്ച് കൊടുത്താണ് കൂടെയുള്ളവര്‍ മടങ്ങിയത്. അവര്‍ പോയ ശേഷം ഭക്ഷണം പോലും തനിക്ക് കൃത്യമായി കിട്ടിയില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അബോധാവസ്ഥയിലായെന്നും അനില്‍കുമാര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
മലമൂത്ര വിസര്‍ജനം നടത്താന്‍ ട്യൂബിട്ടിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് കൈകള്‍ കെട്ടിയിട്ടത് അറിഞ്ഞത്. പക്ഷെ സഹായത്തിന് വിളിക്കാന്‍ നോക്കുമ്പോള്‍ നാക്ക് പൊങ്ങുന്നുണ്ടായിരുന്നില്ലെന്നും അനില്‍കുമാര്‍ പ്രതികരിച്ചു. അബോധാവാസ്ഥയിലിരിക്കെയാണ് പുഴുവരിച്ചത്. അതുകൊണ്ട് പുഴുവരിക്കുന്നത് അറിഞ്ഞിരുന്നില്ല. മകള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നും അനില്‍കുമാര്‍ പറഞ്ഞു.
പത്ത് ദിവസത്തിന് ശേഷം പിന്നീട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ ആരോഗ്യം തിരിച്ച് കിട്ടുന്നുണ്ട്, കൈകള്‍ പതിയെ അനക്കാന്‍ കഴിയുന്നുണ്ട്. പുഴുവരിച്ച ഭാഗവും ശരിയായി വരുന്നുണ്ട്. എത്രയും പെട്ടെന്ന് പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അനില്‍കുമാര്‍ പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..