ഷട്ടറും മത്സ്യം വിൽക്കുന്ന സ്റ്റാന്റും തകർത്ത നിലയിൽ
കോഴിക്കോട്: പുറമേരിയില്‍ കോവിഡ് രോഗിയുടെ മത്സ്യവില്‍പ്പനകേന്ദ്രം തല്ലിത്തകര്‍ത്തു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും തകര്‍ത്ത നിലയിലാണ്.
പുറമേരി വെള്ളൂര്‍ റോഡിലുള്ള കടയാണ് അക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്. മത്സ്യ വ്യാപാരിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുടെ പിതാവ് അടക്കം നിരീക്ഷണത്തിലാണ്. അതുകൊണ്ട് തന്നെ കൃത്യമായ മൊഴിയെടുക്കാനായിട്ടില്ല. ലൈസന്‍സി വന്നാലുടന്‍ മൊഴിയെടുക്കുമെന്ന് നാദാപുരം പോലീസ് അറിയിച്ചു.
മത്സ്യ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ നാദാപുരം, പുറമേരി, കുന്നുമ്മല്‍, കുറ്റ്യാടി പഞ്ചായത്തുകളും വടകരയിലെ ചില പ്രദേശങ്ങളും കണ്ടൈന്‍മെന്റ് സോണില്‍ പെട്ടിരുന്നു. മാത്രമല്ല സമീപ പ്രദേശങ്ങളിലെയെടക്കം മത്സ്യ മാര്‍ക്കറ്റുകളെല്ലാം അടക്കുകയും വ്യാപാരികളോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ വൈരാഗ്യമുള്ളവര്‍ ആരെങ്കിലുമാണോ കട തല്ലിതകര്‍ത്തത് എന്നാണ് സംശയിക്കുന്നത്.
ഇയാളുമായി ബന്ധപ്പെട്ടുവെന്ന് കരുതന്നവരുടെ രണ്ടുഘട്ടമായിവന്ന പരിശോധനാഫലങ്ങള്‍ മുഴുവന്‍ നെഗറ്റീവാണ്. ഇനി 85 പേരുടെ ഫലംകൂടി വരേണ്ടതുണ്ട്. ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ എടുത്ത സ്രവപരിശോധനാഫലമാണ് വരാനുള്ളത്.
പരിശോധനാഫലം നെഗറ്റീവായവരും നിര്‍ബന്ധമായും 14 ദിവസം ഹോം ക്വാറന്റീനില്‍ പ്രവേശിക്കണം. തൂണേരിയിലെ മത്സ്യമൊത്തവ്യാപാരി കൂടുതല്‍പേരുമായി സമ്പര്‍ക്കത്തിലായത് നാട്ടുകാരെ ഏറെ ഭീതിയിലാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിയന്ത്രണങ്ങള്‍ ലംഘിച്ച് യുവാവ് പലയിടങ്ങളില്‍ യാത്ര നടത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..