കോഴിക്കോട്: ജില്ലയില്‍ കോവിഡ് രോഗവ്യാപനം നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് നടപടികള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം. ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സര്‍വ കക്ഷിയോഗം ചേര്‍ന്നു. ജില്ലയില്‍ കോവിഡ് രോഗവ്യാപനം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ രാഷ്ട്രീയ-മത-സാമൂഹിക വിഭാഗങ്ങളുടെ കൂട്ടായ  പങ്കാളിത്തവും പ്രവര്‍ത്തനവും ഉണ്ടാവുമെന്ന് സര്‍വകക്ഷി യോഗം ഉറപ്പ് നല്‍കി.

പ്രധാന തീരുമാനങ്ങള്‍

  • 25 ശതമാനത്തില്‍ മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്രിട്ടികല്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കും.  
  • കോവിഡ് ടെസ്റ്റ് നടത്തി ഫലം കാത്തിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാല്‍ ആര്‍.ആര്‍.ടി. വളണ്ടിയര്‍മാരും പൊലീസും നിരീക്ഷണം ശക്തമാക്കും.
  • ടെസ്റ്റ് റിസല്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും. ഇതിലേക്കായി സ്വകാര്യ മെഡിക്കല്‍ കേളേജിന്റെ എക്‌സ്ട്രാക്ടിങ് മെഷീന്‍ ഏറ്റെടുക്കും.
  • പ്രാദേശിക തലത്തില്‍ ഒരുക്കുന്ന എഫ്.എല്‍.ടി.സികളില്‍ സന്നദ്ധ സേവനം നല്‍കുന്നതിന് സഹകരണ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിക്കും.
  • ആരാധനാലയങ്ങളില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് കര്‍ശനമായി നിരീക്ഷിക്കും. 
  • ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ ടെസ്റ്റിനും വാക്‌സിനേഷനും പ്രത്യേകം സൗകര്യമൊരുക്കും.
  • വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സമയക്രമം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും.
  • കണ്ടെയിന്‍മെന്റ് സോണിലും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണിലും ആരാധനാലയങ്ങളില്‍ പരിധി ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടായാല്‍ ചുമതലക്കാര്‍ക്കെതിരേ  കേസ് രജിസ്റ്റര്‍ ചെയ്യും.
  • തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ആഹ്‌ളാദ പ്രകടനങ്ങള്‍ ഒഴിവാക്കാനും തീരുമാനമായി. 

50,000 കോവിഡ് രോഗികള്‍ ഉണ്ടായാല്‍ ചികിത്സിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങളാണ് ജില്ലയില്‍ നടത്തുന്നതെന്ന് ജില്ലാ കലക്ടര്‍ സാംബശിവ യോഗത്തില്‍ പറഞ്ഞു. നിലവില്‍ 34,618 രോഗികളാണുളളത്. ഇതില്‍ 27,379 പേരും കാര്യമായ രോഗലക്ഷണമില്ലാത്തതിനാല്‍ വീടുകളില്‍ തന്നെയാണ് ചികിത്സയില്‍ കഴിയുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ഐ.എം.സി.എച്ചിലുമായി 410 കിടക്കകള്‍ നിലവില്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഇവിടെ 200 കിടക്കകള്‍കൂടി വര്‍ധിപ്പിക്കും.കോവിഡ് ആശുപത്രിയാക്കി മാറ്റിയ പി.എം.എസ്.എസ്.വൈ. കെട്ടിടത്തില്‍ 160 കിടക്കകള്‍ നിലവിലുണ്ട്. 500 കിടക്കകള്‍ ഇവിടെ സജ്ജമാകും. ബീച്ച് ആശുപത്രിയില്‍ 300 കിടക്കകളാണ് ഇപ്പോള്‍ കോവിഡ് ചികിത്സക്ക് ഉപയോഗപ്പെടുത്താവുന്നത്. 100 എണ്ണംകൂടി സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 862 കിടക്കകളും പിഎം.എസ്.എസ്.വൈ കെട്ടിടത്തില്‍ 184 കിടക്കകളിലും ബീച്ച് ആശുപത്രിയില്‍ 106 കിടക്കകളിലും ഓക്സിജന്‍ ലൈന്‍ സൗകര്യം ലഭ്യമാണ്. ആകെ 604 കിടക്കകള്‍കൂടി ഓക്സിജന്‍ ലൈന്‍ സൗകര്യമൊരുക്കും.

ജില്ലയില്‍ ഓക്സിജന്‍  ഉത്പാദന പ്ലാന്റ് സ്ഥാപിക്കുന്നതിന് സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കാന്‍ യോഗം തീരുമാനിച്ചു. മെഡിക്കല്‍ കോളേജില്‍ 10 കിലോ ലിറ്ററിന്റെ ലിക്വിഡ് ഓക്സിജന്‍ ടാങ്കാണ് ഉളളത്. പി.എം.എസ്എസ്.വൈ കോവിഡ് ആശുപത്രിയില്‍ രണ്ട് കിലോ ലിറ്റര്‍ ന്റെ 300 ഡി ടൈപ്പ് സിലിണ്ടറുകളാണ് ഉപയോഗപ്പെടുത്തുന്നത്.  പി.എം.എസ്എസ്.വൈ ബീച്ച് ആശുപത്രി എന്നിവിടങ്ങളില്‍ ആറ് കിലോ ലിറ്റര്‍ വീതമുളള രണ്ട് ടാങ്കുകള്‍ ഒരുക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളില്‍ മതിയായ ഓക്സിജന്‍ ടാങ്ക് സൗകര്യം ഉണ്ടെന്ന് കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.

Content Highlights: Covid19 Kozhikode