കൊച്ചി: സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്സിൻ കുത്തിവെപ്പിനുള്ള മരുന്ന് കൊച്ചിയിലെത്തിച്ചു. കോവിഷീൽഡ് സീറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് രാവിലെ 10.55 ഓടെയാണ് വാക്സിൻ കൊച്ചിയിലെത്തിച്ചത്. മുംബൈയിൽനിന്നുള്ള ​ഗോ എയർ വിമാനത്തിലാണ് പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് കൊണ്ടുവന്നത്.

കാര്‍ഗോ വിഭാഗത്തിലെ ഗേറ്റ് നമ്പര്‍ നാലിലൂടെയാണ് കേരളത്തിലേക്കുള്ള വാക്‌സിന്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിച്ചത്. വാക്‌സിനുമായുള്ള ആദ്യ വാഹനം കോഴിക്കോട് ജില്ലയിലേക്ക് പോകും. ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റടക്കമുള്ളവര്‍ എത്തി കോവിഡ് വാക്‌സിന്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ മാല ചാര്‍ത്തിയാണ് സ്വീകരിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് വാക്‌സിന്‍ സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത്. 63,000 പേരാണ് എറണാകുളം ജില്ലയില്‍ പ്രതിരോധ മരുന്നിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12 കേന്ദ്രങ്ങളിലായാണ് പ്രതിരോധ കുത്തിവെപ്പ് എറണാകുളത്ത് നടത്തുക.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കോവിഡ് വാക്സിൻ എറണാകുളം ജനറൽ ആശുപത്രിയിലെ റീജനൽ വാക്സിൻ സ്റ്റോറിൽ എത്തിക്കും. അവിടെ നിന്നും ഉച്ചക്ക് തന്നെ മറ്റ് സമീപ ജില്ലകളായ പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി, എറണാകുളം വാക്സിൻ റീജനൽ സ്റ്റോറിൽ നിന്ന് അയക്കും.

1.80 ലക്ഷം ഡോസ് വാക്സിൻ പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്സുകളിലായാണ് എത്തിച്ചിട്ടുള്ളത്. ഒരു ബോക്സിൽ 12000 ഡോസ് വീതം 25 ബോക്സുകൾ ഉണ്ടാവും. ഇതിൽ 15 ബോക്സുകൾ എറണാകുളത്തിനാണ്. എറണാകുളത്താണ് കൂടുതൽ പേർക്കുള്ള കുത്തിവെപ്പ് എടുക്കുന്നത്. 4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. 1100 ഡോസ് മാഹിയിൽ വിതരണം ചെയ്യാനുള്ളതാണ്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,00 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്.

വൈകീട്ട് ആറോടെ രണ്ടാമത്തെ ബാച്ചായി ബാക്കി മരുന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്തെ റീജണൽസ്റ്റോറിലേക്ക് മാറ്റുന്ന ഇത് 14-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് നൽകും.

സംസ്ഥാനമെമ്പാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നൽകും. 3,59,549 ആരോഗ്യപ്രവർത്തകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Content Highlights:Covid vaccine reached Kochi