തിരുവനന്തപുരം: മുതിര്‍ന്ന പൗരന്‍മാരുടെയും മറ്റസുഖങ്ങളുള്ള 45 വയസ്സിന് മുകളിലുള്ള പൗരന്‍മാരുടെയും കോവിഡ് വാക്‌സിനെടുക്കല്‍ സംസ്ഥാനത്ത് തുടങ്ങി. രാജ്യമൊട്ടാകെ 10 കോടി പേര്‍ക്ക് ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും 300 ലധികം സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനു ശേഷം ആദ്യ സ്ലോട്ട് ലഭിച്ചവര്‍ വാക്‌സിന്‍ സ്വീകരിച്ചു തുടങ്ങി. 

രാവിലെ മുതല്‍ വെബ് പോര്‍ട്ടലിലൂടെ രജിസ്‌ട്രേഷന്‍ നടത്തിയും നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്‌സിൻ എടുക്കാന്‍ പലരും എത്തി. 

പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്തി ആളുകള്‍ വരികയാണെങ്കില്‍ തിരക്കൊഴിവാക്കാനാകും എന്നാണ് അധികൃതർ പറയുന്നത്. ആദ്യമായാണ് വാക്‌സിന്‍ പൊതുജനങ്ങളിലേക്കെത്തിയത്. നല്ല രീതിയിലുള്ള പ്രതികരണങ്ങളാണ് പൊതുജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായത്. 

"താൻ ആരും നിര്‍ബന്ധിച്ചു വന്നതല്ല. കോവിഡ് എടുക്കണമെന്ന് തീരുമാനിച്ചു തന്നെ വന്നതാണ്. കോവിഡ് വന്ന് ഒരുപാട് പേര്‍ കഷ്ടപ്പെടുന്നില്ലേ. എടുക്കണോ എടുക്കേണ്ടയോ എന്ന ആശങ്ക വേണ്ട. എല്ലാവരും വാക്‌സിനെടുക്കണം", കോളേജില്‍ നിന്ന് വിരമിച്ച അധ്യാപികയായ ഇന്ദിര വാക്‌സിനെടുത്ത ശേഷം മാതൃഭൂമിയോട് പ്രതികരിച്ചു. 

വാക്സിനെടുക്കാന്‍ സൗകര്യപ്രദമായ കേന്ദ്രങ്ങളും ദിവസവും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ തിരഞ്ഞെടുക്കാം. 60 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്‍മാര്‍ക്കും 45-നും 59-നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗജന്യമാണ്. പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

രജിസ്‌ട്രേഷന്‍ നടപടി

കോവിന്‍ പോര്‍ട്ടല്‍ വഴിയും (https://www.cowin.gov.in) ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ എന്നിവ നല്‍കണം. മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കാന്‍ ഒറ്റത്തവണ പാസ്വേഡ് അയച്ച് പരിശോധന നടത്തും.

രജിസ്‌ട്രേഷന്‍ സമയത്ത് വാക്സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമായ തീയതിയും കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാം.

വാക്സിനേഷന്‍ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റെയും രേഖകളില്‍ മാറ്റംവരുത്താനും ഒഴിവാക്കാനും കഴിയും. ഗുണഭോക്താവിന്റെ പ്രായം 45 മുതല്‍ 59 വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്നു വ്യക്തമാക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.

വാക്‌സിനെടുക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും സ്വീകരിക്കും. 45 മുതല്‍ 59 വയസ്സ് വരെയുള്ളവരാണെങ്കില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ReadMore : 45 വയസ്സിന് മുകളിലുള്ളവര്‍ കോവിഡ് വാക്‌സിനെടുക്കുമ്പോള്‍ ഈ രോഗങ്ങള്‍ നിര്‍ണായകം

content highlights : Covid Vaccination in Kerala