കണ്ണൂര്‍: ജില്ലയില്‍ ഇനി മുതല്‍ വാക്‌സിനെടുക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ജില്ലാ കളക്ടര്‍. ജൂലായ് 28 മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. കോവിഡ് പരിശോധന സൗജന്യമായിരിക്കും. കോവിഡ് പോസിറ്റീവായവര്‍ വാക്‌സിനെടുത്താല്‍ അതിന്റെ പ്രയോജനം ലഭിക്കില്ലെന്നും തൊഴിലിടങ്ങളിലും കടകളിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും ജില്ലാ കളക്ടര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ജില്ലയില്‍ വാണിജ്യ മേഖലകളും വിവിധ തൊഴില്‍ രംഗങ്ങളും കോവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയാണ്‌. കോവിഡിനൊപ്പം സാധാരണ ജനജീവിതവും സാമ്പത്തിക പ്രക്രിയയും പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ഉദ്ദേശ്യത്താടെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പദ്ധതി. 

കോവിഡ് പ്രതിരോധ നടപടികള്‍ സാധാരണ മനുഷ്യരുടെ ജീവനോപാധികളെയും വാണിജ്യ, വ്യാപാര പ്രക്രിയയെയും കലാ കായിക രംഗത്തേയും ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കോവിഡ് സാഹചര്യം തുടര്‍ന്ന്പോകുന്ന സ്ഥിതിയില്‍ കോവിഡിനൊപ്പം തന്നെ സമൂഹത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സാധാരണ രീതിയില്‍ സാധ്യമാക്കാമെന്നാണ് ആലോചിക്കുന്നത്. ഈ പരിശ്രമത്തിന്റെ ഭാഗമായാണ് രണ്ട് ഡോസ് വാക്സിനോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വിവിധ മേഖലകളില്‍ നിര്‍ബന്ധമാക്കുന്നത്.

കോവിഡ് വാക്സിന്‍ എടുക്കാനും 72 മണിക്കൂറിനുളളിലുളള  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ജൂലൈ 28 മുതല്‍ ഈ നിബന്ധന പ്രാബല്യത്തില്‍ വരും.തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പട്ടികയില്‍പെട്ടവര്‍ക്കാണ് വാക്സിന്‍ നല്‍കുക. ഇവര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ആകെ നല്‍കുന്ന വാക്സിന്റെ 50 ശതമാനം ആയിരിക്കും ഈ രീതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍ഗണന നിശ്ചയിച്ചു പട്ടിക തയ്യാറാക്കുക. വാക്സിന്‍ എടുക്കേണ്ടവര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വാക്സിന്‍ ഉറപ്പ് വരുത്തണം. ഇതിനനുസരിച്ച് വാക്സിന്‍ വിതരണ സംവിധാനം പുനഃക്രമീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പൊതുഗതാഗത മേഖലയായ ബസ്, ഓട്ടോ, ടാക്സി എന്നിവയിലെ തൊഴിലാളികള്‍, കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്കും രണ്ട് ഡോസ് വാക്സിനോ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കും. രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് 15 ദിവസത്തിലൊരിക്കല്‍  ടെസറ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. 

പൊതുജനങ്ങള്‍ ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്ന ഇടങ്ങള്‍ കൊവിഡ് വ്യാപന സാധ്യത ഇല്ലാതാക്കി സുരക്ഷിതമാക്കാനാണ് ഈ നടപടി. ഇതുവഴി വിവിധ തൊഴില്‍ രംഗങ്ങളെയും സാമ്പത്തിക മേഖലകളെയും കൊവിഡ് വിമുക്ത സുരക്ഷിതമേഖലയാക്കി അവിടങ്ങളിലെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

കോവിഡ് പോസിറ്റീവ് ആകുന്നവര്‍ ആവശ്യമായ ക്വാറന്റൈന്‍ സൗകര്യം ഇല്ലെങ്കിലും വീടുകളില്‍ നിന്ന് മാറാന്‍ മടിക്കുന്ന സാഹചര്യം ഉണ്ട്. ഇത് അനുവദിക്കാനാവില്ല. ക്വാറന്റീന്‍ സൗകര്യം പര്യാപ്തമാണോയെന്ന് ഉറപ്പിക്കേണ്ടത് ബന്ധപ്പെട്ട ആര്‍ആര്‍ടി ആണ്. അവരുടെ തീരുമാന പ്രകാരം ആവശ്യമെങ്കില്‍ അത്തരമാളുകളെ നിര്‍ബന്ധമായി ഡിസിസികളിലേക്ക് മാറ്റാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.