തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പോലീസുകാര്‍ക്കിടെ കോവിഡ് പടരുന്നു. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പോലീസുകാരാണ്. 

കോവിഡ് ആദ്യ തരംഗത്തില്‍ വലിയ തോതില്‍ തിരുവനന്തപുരത്ത് അടക്കം  പോലീസുകാര്‍ക്ക് കോവിഡ് ബാധ ഉണ്ടായിരുന്നു.രണ്ടാം വ്യാപനത്തിന്റെ ഘട്ടത്തില്‍ വലിയ തോതില്‍ പോലീസുകാര്‍ക്ക്  കോവിഡ് ബാധ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ ആഴ്ച മുതല്‍ തിരുവനന്തപുരത്ത് പോലീസുകാരില്‍ രോഗവ്യാപനം കൂടുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ട്  എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്കാണ് കോവിഡ്  ബാധയുണ്ടായിരിക്കുന്നത്. ഇതില്‍ പേരൂര്‍ക്കട സ്റ്റേഷനില്‍ മാത്രം പന്ത്രണ്ട് പോലീസുകാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 

സിറ്റി സ്‌പെഷ്യല്‍ ബ്രഞ്ചിലെ ഏഴ് പേര്‍ക്കും കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ ആറ് പേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.  പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചാല്‍  ജോലിഭാരം ചൂണ്ടിക്കാട്ടി സമ്പര്‍ക്കമുള്ള ഉദ്യോഗസ്ഥരെ ക്വാറന്റീനില്‍ വിടുന്ന പതിവ് ഇല്ലെന്നും പോലീസുകാര്‍ക്കിടയില്‍ പരാതി ഉയര്‍ന്നിരുന്നു. 

Content Highlight: covid spreading among cops in Trivandrum