തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ രോഗികളുണ്ടാകാൻ വരെ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.
രോഗികളുടെ എണ്ണം വർധിക്കുമ്പോൾ മരണനിരക്ക് കൂടാൻ സാധ്യതയുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് രോഗവ്യാപനം തടയാൻ സാധിക്കണമെങ്കിൽ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള സുരക്ഷാ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്നും അവർ നിർദേശിച്ചു.
കോവിഡിനെതിരേയുള്ള പുതിയ യുദ്ധം നേരിടാൻ 'കോവിഡ് ബ്രിഗേഡ്' രൂപീകരിച്ചുകൊണ്ട് ചരിത്രപരമായ ദൗത്യം നിർവഹിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. കോവിഡ് ആശുപത്രികളിലും ചികിത്സാ കേന്ദ്രങ്ങളിലും പ്രവർത്തിക്കാൻ കൂടുതൽ ആളുകൾ സന്നദ്ധരായി മുന്നോട്ടുവരണം. മെഡിക്കൽ, നോൺ മെഡിക്കൽ മേഖലകളിലുള്ളവരെ ഇതിനായി ആവശ്യമുണ്ട്. താത്‌പര്യമുള്ളവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
content highlights:covid spread will intensify, warns health minister, covid 19