-
കാക്കനാട്: എറണാകുളം ജില്ലയിൽ നിലവിൽ കോവിഡ് ആശങ്ക ഉയർത്തുന്നത് പശ്ചിമ കൊച്ചി ക്ലസ്റ്ററെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ്. ജനസാന്ദ്രത കൂടിയ മേഖലയായതിനാൽ വളരെയേറെ സെക്കൻഡറി കോൺടാക്ടുകൾ ഇവിടെയുണ്ടെന്നും ടെസ്റ്റുകളുടെ എണ്ണം കൂട്ടി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണെന്നും കളക്ടർ കൂട്ടിച്ചേർത്തു.
അതേസമയം, ജില്ലയിലെ മറ്റു ക്ലസ്റ്ററുകളിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ഫലപ്രദമായതായും കളക്ടർ പറഞ്ഞു. കളമശ്ലേരി, തൃക്കാക്കര മേഖലകളിലേക്കുള്ള വ്യാപന സാധ്യത കൂടി കണക്കിലെടുത്താണ് ആലുവയിൽ നിയന്ത്രണം ശക്തമാക്കിയത്. കർഫ്യൂ ഉൾപ്പെടെ കൊണ്ടുവന്ന ആലുവ ക്ലസ്റ്ററിൽ സുരക്ഷിതമായ വാർഡുകൾ റിലീസ് ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകൾ അല്ലാതായി മാറും.
ചെല്ലാനത്ത് കഴിഞ്ഞ ആഴ്ചയോടെ സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. എന്നാൽ, ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ചില വാർഡുകൾ ഒഴിവാക്കിയിരുന്നില്ല. അവിടങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സമ്പർക്കത്തിൽ വന്നവരെയെല്ലാം അതിവേഗം ടെസ്റ്റ് ചെയ്യാനുള്ള നടപടി എടുത്തിട്ടുണ്ട്. ഈ റിസൽറ്റുകൾ വരുന്നതനുസരിച്ച് അവിടെ ബാക്കിയുള്ള നിയന്ത്രണങ്ങൾ കൂടി മാറ്റുമെന്നും കളക്ടർ അറിയിച്ചു.
ജില്ലയിലെ മറ്റൊരു കോവിഡ് ക്ലസ്റ്ററായ കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിലെ സ്ഥതിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആദിവാസി മേഖലകളും സമീപത്തുള്ളതിനാൽ ഇവിടെ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും കളക്ടർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..