തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ പഞ്ചാബ്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക തീവണ്ടി ഏര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

ഒരു സംസ്ഥാനത്തുനിന്നോ അല്ലെങ്കില്‍ ഒരു പ്രത്യേക സ്റ്റേഷനില്‍നിന്നോ യാത്രയ്ക്കായി 1200 പേര്‍ തികയുമ്പോഴാണ് റെയില്‍വേ പ്രത്യേക തീവണ്ടി അനുവദിക്കുന്നത്. തീവണ്ടി പുറപ്പെടുന്ന സംസ്ഥാനത്ത് യാത്രക്കാരുടെ സൗകര്യാര്‍ഥം ആവശ്യമെങ്കില്‍ ഒരു സ്റ്റോപ്പ് കൂടി അനുവദിക്കണമെന്ന് റെയില്‍വേയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

registernorkaroots.org എന്ന സൈറ്റിലുള്ള ലിങ്ക് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്ക് ഓണ്‍ലൈനായി നല്‍കാം. ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് വിശദാംശങ്ങള്‍ ഫോണിലേക്ക് സന്ദേശമായി ലഭിക്കും. ഇത് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനുള്ള പാസായി കണക്കാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള പ്രത്യേക തീവണ്ടി ബുധനാഴ്ച പുറപ്പെടുമെന്നും ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു. 

വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇന്ന് മുതല്‍ ജൂണ്‍ രണ്ട് വരെ 38 വിമാനങ്ങള്‍ സംസ്ഥാനത്തേക്കെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഎഇയില്‍നിന്ന് എട്ട്, ഒമാനില്‍നിന്ന് ആറ്, സൗദ്യയില്‍നിന്ന് നാല്, ഖത്തറില്‍നിന്ന്  മൂന്ന്, കുവൈത്തില്‍നിന്ന് രണ്ട്, ഫിലിപ്പീന്‍സ്, യുകെ, മലേഷ്യ, യുഎസ്എ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ഇന്തോനേഷ്യ, ഇറ്റലി, റഷ്യ, സിംങ്കപ്പൂര്‍, അര്‍മേനിയ, തജിക്സ്ഥാന്‍, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ വിമാനങ്ങള്‍ വീതവുമാണ് കേരളത്തിലേക്കെത്തുക. 

38 വിമാനങ്ങളിലൂടെ 6530 യാത്രക്കാര്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്‌. വിദേശത്തുനിന്ന് വിമാനം, കപ്പല്‍ മാര്‍ഗം ഇതുവരെ 5815 പേര്‍ നാട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്

content highlights: covid 19, special trains, vande bharat, special flight, pinarayi vijayan