തിരുവന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെയുള്ള അത്രത്തോളം രോഗവ്യാപനമില്ലെങ്കിലും കേരളത്തില്‍ രോഗവിമുക്തരേക്കാള്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്ഥിതി കോവിഡ് വ്യാപന രീതിയിലെ സ്വാഭാവിക പരിണാമമാണ്. തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണിതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 

ജനങ്ങള്‍ കൂട്ടം ചേരുന്ന ഷോപ്പിങ് മാളുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് നിരീക്ഷണം ശക്തമാക്കും. പൊതുസ്ഥലങ്ങളില്‍ നാളെ മുതല്‍ ഫെബ്രുവരി 10 വരെ 25,000 പോലീസ് ഉദ്യോഗസ്ഥരെ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ വിന്യസിക്കും. മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

അടച്ചിട്ട ഹാളുകളില്‍ പരിപാടി നടത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യമുണ്ട്. അതിനാല്‍ പരിപാടികള്‍ അടച്ചിട്ട ഹാളുകള്‍ക്ക് പകരം തുറന്ന സ്ഥലങ്ങളിലും വേദിയിലും നടത്തണം. ആള്‍ക്കൂട്ടം ഒഴിവാക്കണം. വിവാഹ ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. രാത്രി 10 മണിക്ക് ശേഷമുള്ള യാത്ര പരമാവധി ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. അത്യാവശ്യത്തിന് മാത്രമായി യാത്ര പരിമിതപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

മിക്ക സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ കോവിഡ് ടെസ്റ്റ് കേരളം നടത്തുന്നുണ്ട്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്നു. എന്നാല്‍ മരണനിരക്ക് താരതമ്യേന കുറവാണ്. 0.4 ശതമാനം മാത്രമാണ് മരണനിരക്ക്. ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെ ആള്‍ക്കാര്‍ക്ക് മാത്രമാണ് ഇതുവരെ രോഗംബാധിച്ചത്. രോഗികളെ കണ്ടെത്താനും ചികിത്സിക്കാനും ശേഷിയുള്ള ആരോഗ്യ സംവിധാനവും രോഗത്തെക്കുറിച്ച് അവബോധമുള്ള സമൂഹവും കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഒരുലക്ഷമാക്കി ഉയര്‍ത്തും. ഇതില്‍ 75000 ടെസ്റ്റുകളും ആര്‍ടിപിസിആര്‍ ടെസ്റ്റുകളായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ആരോഗ്യവ്യവസ്ഥയുടെ മികവിനെ വെല്ലുവിളിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യാനാകാത്ത തലത്തിലേക്ക് കേരളത്തിലെ രോഗ വ്യാപനം വളര്‍ന്നിട്ടില്ല. ജാഗ്രതയുടെ നേട്ടമാണിത്. വിമര്‍ശനങ്ങളുണ്ടായാലും കോവിഡിനെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകില്ല. യഥാര്‍ഥ കണക്കുകള്‍ നിര്‍ഭയം ജനങ്ങള്‍ക്ക് മുന്നില്‍വയ്ക്കും. ഒത്തൊരുമിച്ച് മഹാമാരിയെ പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights: Covid situation kerala, CM Pinarayi Vijayan press meet