തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നാം കൂടുതല്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തില്‍ കാണുന്നത്. ആദ്യഘട്ടത്തില്‍ എന്നപോലെ പ്രതിരോധത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

വലിയതോതില്‍ രോഗവ്യാപനമുള്ള ചില ജില്ലകളും പ്രദേശങ്ങളുമുണ്ട്. ചില തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വളരെ കൂടുതലാണ്. ഒരു ഘട്ടത്തില്‍ ടി.പിആര്‍ 28 ശതമാനം വരെ എത്തിയിരുന്നു. അതില്‍ അല്‍പം കുറവ് വന്നിട്ടുണ്ടെങ്കിലും ആശ്വസിക്കാവുന്ന നിലയിലേക്ക് നാം എത്തിയിട്ടില്ല. ടി.പി.ആര്‍. കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള ഇടപെടലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

സ്വകാര്യ ക്‌ളിനിക്കുകളില്‍ ചിലതെല്ലാം കോവിഡ് പ്രോട്ടോക്കോളുകള്‍ ശരിയായ രീതിയില്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നു എന്ന പരാതി ഉയരുന്നുണ്ട്. കോവിഡ് ടെസ്റ്റിനാവശ്യമായ സ്വാബുകള്‍ ശേഖരിക്കുന്ന കാര്യത്തിലും, തിരക്കുകള്‍ നിയന്ത്രിക്കുന്ന കാര്യത്തിലും പാലിക്കേണ്ട മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടാകരുത്. അത്തരത്തിലുള്ള പ്രവണതകളെ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കര്‍ശനമായ നിയമനടപടികള്‍ അത്തരം സ്ഥാപനങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.  

ആദ്യഘട്ടത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിച്ചത് വാര്‍ഡ്തല സമിതികളായിരുന്നു. ഈ ഘട്ടത്തില്‍ പലയിടത്തും വാര്‍ഡ്തല സമിതികള്‍ സജീവമല്ല. വാര്‍ഡ്തല സമിതികള്‍ ഇപ്പോഴും വന്നിട്ടില്ലാത്ത ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്.  അലംഭാവം വെടിഞ്ഞ് മുഴുവന്‍ വാര്‍ഡുകളിലും സമിതികള്‍ രൂപീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

വാര്‍ഡ് തല നിരീക്ഷണ സമിതികള്‍ അവരുടെ വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച് പൊതുവായ വിലയിരുത്തല്‍ നടത്തേണ്ടത് അനിവാര്യമാണ്.  വ്യാപനത്തിന്റെ ശരിയായ നില മനസ്സിലാക്കി പഞ്ചായത്ത് തലത്തിലോ  മുനിസിപ്പാലിറ്റി -  കോര്‍പ്പറേഷന്‍ തലത്തിലോ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് റിപ്പോര്‍ട്ട് ചെയ്യണം. ചില കാര്യങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണസംവിധാനത്തിന്റെയോ ഇടപെടലോ  സഹായമോ ആവശ്യമായിരിക്കും.  അത്തരം കാര്യങ്ങള്‍ അവരെ അറിയിക്കണം. 

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്.  അവരുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കുക യാണെങ്കില്‍ മരണനിരക്ക് കുറയ്ക്കാന്‍ കഴിയും. ബോധവല്‍ക്കരണവും പ്രധാനമാണ്. ഓരോ കുടുംബവും ഓരോ വ്യക്തിയും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച്   കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമുണ്ട്. ഇതിന്റെ  ഉത്തരവാദിത്വവും വാര്‍ഡ് തല സമിതികള്‍ ഏറ്റെടുക്കണം. സമൂഹമാധ്യമ കൂട്ടായ്മ വഴി ഇത് വളരെ ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  

രോഗം ബാധിച്ചവര്‍ക്ക് വൈദ്യസഹായം എപ്പോള്‍ വേണം, ആശുപത്രി സേവനം എപ്പോള്‍ വേണം എന്നീ കാര്യങ്ങളില്‍ വാര്‍ഡ് തല സമിതികള്‍ക്ക് വ്യക്തമായ ധാരണ വേണം. അതിന്റെ  അടിസ്ഥാനത്തില്‍ ആംബുലന്‍സ് സേവനം ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലന്‍സിന്റെ പട്ടിക തയ്യാറാക്കണം.  ആംബുലന്‍സ് തികയുന്നില്ലെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടികയും ഉണ്ടാകണം. അതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ലിസ്റ്റും കരുതി വെക്കണം. 

ഓരോ വാര്‍ഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. കിട്ടാത്ത മരുന്നുകള്‍ മറ്റിടങ്ങളില്‍ നിന്ന് എത്തിക്കണം. മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ആവശ്യത്തിന് ഉണ്ടോ എന്ന് പരിശോധിക്കണം. ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന പ്രശ്‌നമുണ്ടെങ്കില്‍ ജില്ലാ ഭരണസംവിധാനത്തിന്റെ  ശ്രദ്ധയില്‍പ്പെടുത്തണം. പള്‍സ് ഓക്‌സിമീറ്റര്‍, മാസ്‌ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി എടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഡ് തല സമിതികള്‍ക്ക് ആവശ്യമായ സഹായം അപ്പപ്പോള്‍ ലഭ്യമാക്കണം.  വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിനും വാര്‍ഡ് സമിതികള്‍ക്ക് ഫലപ്രദമായി ഇടപെടാന്‍ കഴിയും. ശവശരീരം മാനദണ്ഡങ്ങള്‍ പാലിച്ചു  കൊണ്ട് മറവ് ചെയ്യാനോ സംസ്‌കരിക്കാനോ ഉള്ള  സഹായവും വാര്‍ഡ് തല സമിതികള്‍ നല്‍കണം. മുന്‍പ് വാങ്ങിയവരില്‍ നിന്നും പള്‍സ് ഓക്‌സി മീറ്ററുകള്‍ ശേഖരിച്ച് അതിന്റെ ഒരു പൂള്‍ ഉണ്ടാക്കാനും വാര്‍ഡ് തല സമിതികള്‍ നേതൃത്വം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

content highlights: covid second wave virus have heavy transmission rate says chief minister pinarayi vijayan