ചെന്നൈ :  കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനെന്ന പേരില്‍ കോയമ്പത്തൂരില്‍ പോലീസിന്റെ തേര്‍വാഴ്ച. ഹോട്ടലിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് പോലീസിന്റെ അതിക്രമം അരങ്ങേറിയത്. കോവിഡ് മാനദണ്ഡപ്രകാരം തമിഴ്നാട്ടില്‍ രാത്രി 11 മണിവരെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ഗാന്ധിപുരത്തെ ശ്രീരാജ ഹോട്ടലില്‍ ഞായറാഴ്ച രാത്രി 10.20 ന് എത്തിയ എസ്.ഐ മുത്തു കണ്ണില്‍ കണ്ടവരെയെല്ലാം ലാത്തികൊണ്ട് അടിച്ചോടിച്ചു.

കടയുടമ മോഹന്‍രാജ് ഉള്‍പ്പെടെ നാല് ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്കും പരിക്കുപറ്റി.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചു. കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് അനുവദിനീയമായ സമയത്തിലും അധികം നേരം കടതുറന്നുവെച്ചു എന്ന് പറഞ്ഞാണ് കഴിഞ്ഞ വര്‍ഷം തൂത്തുക്കുടിയില്‍ ജയരാജിനേയും മകന്‍ ബെന്നിക്സിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് ഇരുവരും ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് സംസ്ഥാനത്ത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു.

content highlights: Covid rules, Police attack in Coimbatore